ഒറ്റദിവസം നിരത്തിലെത്തിയത് 30,000 മാരുതി, 11,000 ഹ്യൂണ്ടായ്, 10,000 ടാറ്റ കാറുകള്‍! മൂന്ന് പതിറ്റാണ്ടിലെ മികച്ച വില്‍പ്പന, വിപണിയില്‍ അസാധാരണ ട്രെന്‍ഡുകള്‍

പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി കണക്ക്
Busy car showroom with large crowds buying Maruti Suzuki, Hyundai, and Tata cars amid festive Navaratri decorations and GST discount banners
AI Generated Imagecanva
Published on

ജി.എസ്.ടി ഇളവ് നടപ്പിലാക്കിയ ആദ്യ ദിവസം ആഘോഷമാക്കി വാഹന വിപണി. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷവും തുടങ്ങിയതോടെ ഏതാണ്ടെല്ലാ ഷോറൂമുകളിലും റെക്കോഡ് വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ ദിവസം മാരുതി ഷോറൂമുകളില്‍ നിന്ന് നിരത്തിലെത്തിയത് 30,000 കാറുകളാണെന്നാണ് കണക്ക്. ഏതാണ്ട് 80,000ത്തോളം ആളുകള്‍ ഷോറൂമുകളില്‍ കാറുകളെക്കുറിച്ച് തിരക്കാനെത്തി. 35 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കണക്കുകളാണിതെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഡെലിവറികളെല്ലാം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പല ഷോറൂമുകളും കഴിഞ്ഞ ദിവസം രാത്രി വൈകിയും പ്രവര്‍ത്തിക്കുകയും ചെയ്തു.

വില്‍പ്പനയില്‍ രണ്ടാമതുള്ള കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യൂണ്ടായ് കഴിഞ്ഞ ദിവസം നിരത്തിലെത്തിച്ചത് 11,000 വാഹനങ്ങളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച വില്‍പ്പനയാണിതെന്ന് ഹ്യൂണ്ടായ് പറയുന്നു. മറ്റൊരു വാഹന നിര്‍മാതാവായ ടാറ്റ മോട്ടോര്‍സിന്റെ ഷോറൂമുകളില്‍ നിന്ന് 10,000 വാഹനങ്ങള്‍ നിരത്തിലെത്തി. 25,000 പേര്‍ രാജ്യത്തെ വിവിധ ഷോറൂമുകളില്‍ എത്തിയെന്നും ടാറ്റ വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പ്പനയാണിതെന്നാണ് സൂചന. മറ്റ് വാഹന കമ്പനികള്‍ക്കും താരതമ്യേന മികച്ച വില്‍പ്പന ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

ബുക്കിംഗിന് റോക്കറ്റ് വേഗം

ജി.എസ്.ടി ഇളവുകള്‍ക്കൊപ്പം ഉത്സവ ഓഫറുകളും കൂടി പ്രഖ്യാപിച്ചത് മുതല്‍ മാരുതി സുസുക്കിക്ക് ഓരോ ദിവസവും 15,000 ബുക്കിംഗുകളാണ് ലഭിക്കുന്നത്. ഇതിനോടകം രാജ്യമാകെ 75,000 വണ്ടികള്‍ക്ക് ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ മാരുതിക്ക് 10,000 ബുക്കിംഗ് ലഭിച്ചുവെന്ന് ധനം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണയേക്കാള്‍ 50 ശതമാനം കൂടുതല്‍ ബുക്കിംഗാണ് രാജ്യമാകെ ലഭിക്കുന്നത്. ചെറുകാറുകളുടെ വില കുറഞ്ഞതോടെ വലിയ ഡിമാന്‍ഡാണ് ഇവക്കുണ്ടാകുന്നത്. സെപ്റ്റംബര്‍ 22ന് മുമ്പ് അഞ്ച് ലക്ഷം കാറുകള്‍ ഷോറൂമുകളില്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ പല മോഡലുകളും ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്ന അവസ്ഥയാണെന്ന് മാരുതി വൃത്തങ്ങള്‍ പറയുന്നു.

അസാധാരണ ട്രെന്‍ഡ്

അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്തെ കാര്‍ ഡെലിവറികളില്‍ 400 ശതമാനം വര്‍ധനയുണ്ടായെന്ന് യൂസ്ഡ് കാര്‍ പ്ലാറ്റ്‌ഫോമായ കാര്‍സ്24 പറയുന്നു. പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഇടപാട് നടത്തുന്ന ഒരു കമ്പനി മാത്രം കഴിഞ്ഞ ദിവസം 5,000 വാഹനങ്ങള്‍ വിറ്റെന്നാണ് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ മികച്ച വിലയില്‍ നിലവില്‍ എന്‍ട്രി ലെവല്‍ കാറുകള്‍ ലഭിക്കുമെന്നതാണ് കാര്യം.

India’s auto market witnessed record single-day sales as GST relief and Navaratri festivities boosted demand. Maruti sold 30,000 cars, Hyundai 11,000, and Tata 10,000. Bookings surged, many models went out of stock, and used car sales also spiked

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com