

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം മോറിസ് ഗരേജസിന്റെ (എംജി) ഇന്ത്യയിലെ ആദ്യ വാഹനമായ ഹെക്ടർ ജൂണിലാണ് വിപണിയിലെത്തിയത്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന് വിശേഷിപ്പിക്കപ്പെട്ട ഹെക്ടർ ഒരു മാസത്തിനകം തരംഗമായി എന്നുവേണം പറയാൻ.
2019 ലെ സെയിൽസ് ടാർഗെറ്റ് 20 ദിവസം കൊണ്ടുതന്നെ നേടിയിരിക്കുകയാണ് കമ്പനി. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെത്തുടർന്ന് ഹെക്ടറിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എംജി അറിയിച്ചു.
ഇതുവരെ 21,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് ഗുജറാത്തിലുള്ള പ്ലാന്റിന്റെ ഉൽപ്പാദനശേഷി ഒക്ടോബർ ആകുമ്പോഴേക്കും മാസം 3,000 യുണിറ്റ് എന്ന നിരക്കിലേക്ക് ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വില. അഞ്ചു വർഷത്തെ വാറന്റി (അൺലിമിറ്റഡ് കിലോമീറ്റർ), ആദ്യ 5 ഷെഡ്യൂൾഡ് സേവനങ്ങൾക്ക് ഫ്രീ സർവീസ്, 5 വർഷത്തെ 24-മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയടങ്ങിയ 5-5-5 ഓണർഷിപ് പാക്കേജ് ആണ് മറ്റൊരു പ്രത്യേകത.
സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് ഉള്ളത്. മൂന്ന് എൻജിൻ ഓപ്‌ഷനുകളുമായാണ് ഹെക്ടർ എത്തുന്നത്: പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, ഡീസൽ. പെട്രോളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.
കൂടുതലറിയാം: എംജി ഹെക്ടർ: ആകർഷകമായ വില, 5-5-5 ഓണർഷിപ് പാക്കേജ്
Read DhanamOnline in English
Subscribe to Dhanam Magazine