Begin typing your search above and press return to search.
മലയാളിത്തമുള്ള സ്‌കോഡയുടെ കൈലാഖ് നിരത്തില്‍; 7.89 ലക്ഷത്തിന് വാങ്ങാം, എസ്.യു.വി!
ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വി മോഡലായ കൈലാഖ് നിരത്തിലെത്തിച്ച് സ്‌കോഡ. 7.89 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില തുടങ്ങുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം അടുത്ത വര്‍ഷം ജനുവരി 27 മുതല്‍ ഉപയോക്താക്കളിലേക്ക് എത്തും. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദാണ് വാഹനത്തിന് കൈലാഖ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഇതിന് സമ്മാനമായി ആദ്യ വാഹനം സിയാദിന് നല്‍കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌കൃതത്തില്‍ സ്ഫടികം എന്നര്‍ത്ഥം വരുന്ന വാക്കാണ് കൈലാഖ്. പൂര്‍ണമായും ഇന്ത്യക്ക് വേണ്ടി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച വാഹനമെന്നാണ് കമ്പനി പറയുന്നത്.
കുഷാഖിന്റെ അനിയന്‍
നാല് മീറ്ററിന് താഴെയുള്ള കോംപാക്ട് എസ്.യു.വി ശ്രേണിയിലെ കമ്പനിയുടെ ആദ്യ മോഡലാണിത്.
കുഷാഖ്, സ്ലാവിയ എന്നീ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന എം.ക്യു.ബി-എ0-ഐ.എന്‍ എന്ന പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ചെക്ക് നിര്‍മാതാക്കള്‍ വികസിപ്പിച്ച പ്ലാറ്റ്ഫോമാണിത്. ഒറ്റനോട്ടത്തില്‍ സ്‌കോഡയുടെ തന്നെ കുഷാഖുമായി സാമ്യം തോന്നുന്ന ഡിസൈനാണ് വാഹനത്തിനുള്ളത്. എസ്.യു.വി സ്വഭാവത്തിലേക്കെത്തിക്കാന്‍ 189 മില്ലി മീറ്ററിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒലീവ് ഗോള്‍ഡ്, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് റെഡ് എന്നീ നാല് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
അതേ എഞ്ചിന്‍
വല്യേട്ടനായ കുഷാഖിലെ വണ്‍ ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് കൈലാഖിനും നല്‍കിയിരിക്കുന്നത്.
115 ബി.എച്ച്.പി കരുത്തും 178 എന്‍.എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എഞ്ചിന് കഴിയും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലെത്താന്‍ 10.5 സെക്കന്‍ഡ് മതിയെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.
സേഫ്റ്റി മുഖ്യം ബിഗിലേ
മികച്ച ഫീച്ചറുകളാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ എ.സി വെന്റ്, സണ്‍റൂഫ്, കീ ലെസ് എന്‍ട്രി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, 6 സ്പീക്കറുകളുള്ള കാന്റോണ്‍ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളാണ് ഹൈലൈറ്റ്. ആറ് എയര്‍ ബാഗുകള്‍, എ.ബി.എസ്-ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, മൂന്ന് തരത്തില്‍ ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. 446 ലിറ്ററിന്റെ ബൂട്ട് സ്‌പേസ് പിന്നിലെ സീറ്റ് മടക്കിയാല്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ്.
ഒരു വര്‍ഷം ഒരു ലക്ഷം വണ്ടി
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ചെക്ക് റിപ്പബ്ലിക്കിന് പുറത്ത് ഏറ്റവുമധികം വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
2026 ആകുമ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കോഡ. ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിശയിപ്പിക്കുന്ന വിലയില്‍ കൈലാഖിനെ രംഗത്തിറക്കിയിരിക്കുന്നത്. വിപണിയില്‍ ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോണറ്റ് തുടങ്ങിയ മോഡലുകളാവും കൈലാഖിന്റെ എതിരാളികള്‍. നാല് പേരേക്കാളും വില കുറവാണെന്നത് കൈലാഖിന് ഗുണമാകുമെന്നാണ് പ്രതീക്ഷ.
Next Story
Videos