

ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ദേശീയ നയത്തിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ 8-40 മടങ്ങ് വരെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. അതേസമയം, പഴയ വാഹനങ്ങള്‍ പൊളിച്ച സ്‌ക്രാപ്പിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനുള്ള ശുപാര്‍ശയുമുണ്ട്.
ഇതുസംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം രണ്ടു മാസത്തിനകം അന്തിമ ഫീസ് ഘടന രൂപപ്പെടുത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയും രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 10,000 രൂപയും ആക്കാനാണ് ശുപാര്‍ശ. ഇപ്പോള്‍ പുതിയ രജിസ്‌ട്രേഷന്‍ നടത്താനും പഴയതു പുതുക്കാനും ഉള്ള ഫീസുകള്‍ 600 രൂപയാണ്.
പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയാക്കും. പുതുക്കാന്‍ 2000 രൂപ നല്‍കേണ്ടിവരും. നിലവില്‍ 50 രൂപയാണ് രണ്ടിനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഫീസ്്.ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 2500ല്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ടാക്സി രജിസ്ട്രേഷന്‍ ഫീസ് 10,000 രൂപയാകും. പുതുക്കാന്‍ ആകട്ടെ 20,000 രൂപ ഇനി നല്‍കണമെന്നാണു ശുപാര്‍ശ. നിലവില്‍ ടാക്സി വാഹനങ്ങള്‍ക്ക് 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് നിലവില്‍ ഓരോ ആറു മാസവും പരിശോധനയ്ക്കു വിധേയമാക്കി പുതുക്കണമെന്ന വ്യവസ്ഥ ഏറ്റവും കര്‍ശനമാക്കാനും നീക്കമുണ്ട്.പരിശോധന വൈകുന്ന ഓരോ ദിനത്തിനും 50 രൂപ പ്രകാരം പിഴ ഈടാക്കാനാണു നിര്‍ദ്ദേശം.വാഹന എഞ്ചിനുകള്‍ വഴിയുള്ള പരിസര മലീനീകരണം കുറയ്ക്കാനുതകുന്ന കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളും ശുപാര്‍ശകളിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine