Begin typing your search above and press return to search.
ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒയ്ക്ക് വീണ്ടും അപേക്ഷിക്കും
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) ഫെഡ്ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന/FedFina) പ്രാരംഭ ഓഹരി വില്‍പനയ്ക്കായി (ഐ.പി.ഒ/IPO) വീണ്ടും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി/SEBI) അപേക്ഷ നല്‍കും. ജൂലൈ 17ന് ചേര്‍ന്ന ഫെഡ്ഫിന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തതെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.
Also Read : ഫെഡറൽ ബാങ്കിന് ₹854 കോടി രൂപ ലാഭം; ഓഹരിവില ഇടിഞ്ഞു
ഐ.പി.ഒയില്‍ പുതിയ ഓഹരികളും (Fresh Issue), നിലവിലെ ഓഹരി ഉടമകളുടെ ഓഹരികളും (OFS/Offer for sale) ഉണ്ടാകും. എത്ര ഓഹരികളാണ് വിറ്റഴിക്കുകയെന്നോ സമാഹരണലക്ഷ്യമോ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷവും ശ്രമിച്ചു
ഐ.പി.ഒയ്ക്കായി സെബിക്ക് കഴിഞ്ഞ വര്‍ഷവും ഫെഡ്ഫിന അപേക്ഷ (ഡി.ആര്‍.എച്ച്.പി/DRHP) സമര്‍പ്പിക്കുകയും അനുമതി നേടുകയും ചെയ്തിരുന്നു. അനുമതി ലഭിച്ച് ഒരു വര്‍ഷത്തിനകം ഐ.പി.ഒ നടത്തണമെന്നാണ് ചട്ടം. എന്നാല്‍, പ്രതികൂല വിപണി സാഹചര്യം മൂലം ഫെഡ്ഫിന ഐ.പി.ഒ സംഘടിപ്പിച്ചില്ല. ഇതോടെ, അനുമതി കാലഹരണപ്പെട്ടതിനാലാണ് ഇപ്പോള്‍ വീണ്ടും അപേക്ഷിക്കുന്നത്.
900 കോടി രൂപയുടെ പുതിയ ഓഹരികളാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷ പ്രകാരം ഫെഡ്ഫിന ലക്ഷ്യമിട്ടിരുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 4.57 കോടി ഓഹരികളും വിറ്റഴിക്കാനായിരുന്നു നീക്കം.
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി തുടരും
ഫെഡറല്‍ ബാങ്കിന് ഫെഡ്ഫിനയില്‍ 74 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഐ.പി.ഒയ്ക്ക് ശേഷവും ബാങ്കിന്റെ ഉപസ്ഥാപനമായി ഫെഡ്ഫിന തുടരും. ഭൂരിപക്ഷ ഓഹരി പങ്കാളിയായി (Major Shareholder) ഫെഡറല്‍ ബാങ്കും തുടരുമെന്ന് കഴിഞ്ഞപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കവേ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ 1.65 കോടിയും മറ്റൊരു ഓഹരി പങ്കാളിയായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ട്രൂ നോര്‍ത്ത് ഫണ്ടിന്റെ 2.92 കോടിയും ഓഹരികളാണ് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഐ.പി.ഒ പ്രകാരം ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റഴിക്കാന്‍ ഉന്നമിട്ടിരുന്നത്. 25.76 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫെഡ്ഫിനയില്‍ ട്രൂ നോര്‍ത്തിനുള്ളത്. ഫെഡ്ഫിനയ്ക്ക് 5,000 കോടിയോളം രൂപ മൂല്യം വിലയിരുത്തിയായേക്കും ഐ.പി.ഒയെന്ന് സൂചനകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
എന്തുകൊണ്ട് ഫെഡ്ഫിന ഐ.പി.ഒ?
സ്വര്‍ണപ്പണയ വായ്പയിലടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന എന്‍.ബി.എഫ്.സിയാണ് ഫെഡ്ഫിന. കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള മൂലധനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഐ.പി.ഒയെന്നാണ് സൂചനകള്‍. 2010ല്‍ ലൈസന്‍സ് നേടി എന്‍.ബി.എഫ്.സിയായി പ്രവര്‍ത്തനം തുടങ്ങിയ ഫെഡ്ഫിനയ്ക്ക് 570ലേറെ ശാഖകളുണ്ട്. സ്വര്‍ണ വായ്പയ്ക്ക് പുറമേ ഭവന വായ്പ, ഈടിന്മേല്‍ വായ്പ, ബിസിനസ് വായ്പ തുടങ്ങിയവയുമുണ്ട്.
Next Story
Videos