സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാദാധിഷ്ഠിത ലാഭം 36% വര്‍ധിച്ചു, നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 275 കോടി രൂപയുടെ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ (YoY) 223 കോടി രൂപയേക്കാള്‍ 23 ശതമാനവും ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തിലെ (QoQ) 202 കോടി രൂപയേക്കാള്‍ 36 ശതമാനവും കൂടുതലാണിത്.
ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 1,72,032 കോടി രൂപയായി. പ്രവര്‍ത്തന ലാഭം (Operating Profit) പാദാടിസ്ഥാനത്തില്‍ 490 കോടി രൂപയില്‍ നിന്ന് 6 ശതമാനം ഇടിഞ്ഞ് 460 കോടി രൂപയായി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 426 കോടി രൂപയില്‍ നിന്ന് 8 ശതമാനം ഉയര്‍ന്നു. മൊത്ത വരുമാനം (Total Income) ജൂണ്‍ പാദത്തിലെ 1,169 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധനയോടെ 1,186 കോടി രൂപയായി. 2022-23 ജൂലൈ -സെപ്റ്റംബര്‍ പാദത്തിലെ 981 കോടിയേക്കാള്‍ 21 ശതമാനം അധികമാണിത്.
ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 7.3 ശതമാനം വര്‍ധിച്ച് 93,448 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 4.7 ശതമാനവും കാസ നിക്ഷേപങ്ങള്‍ 1.8 ശതമാനവും വര്‍ധച്ചു. അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ 2.98 ശതമാനത്തില്‍ നിന്ന് 3.33 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം (NII) വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനം ഉയര്‍ന്ന് 830 കോടി രൂപയായി.
ഗുണമേന്മയുള്ള വായ്പകളില്‍ ശ്രദ്ധയൂന്നി വളരുകയെന്ന ബാങ്കിന്റെ നയം ബിസിനസ് പെര്‍ഫോമന്‍സ് മെച്ചപ്പടുത്തുന്നത് തുടരാന്‍ സഹായിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമയ പി.ആര്‍ ശേഷാദ്രി പറഞ്ഞു. അവലോകന പാദത്തില്‍ കോര്‍പറേറ്റ്, എസ്.എം.ഇ, ഓട്ടോ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ വായ്പകള്‍ എന്നിവയിലെല്ലാം മികച്ചു നില്‍ക്കാന്‍ ബാങ്കിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
Also Read : വി.ജെ. കുര്യന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്
ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം (CAR) 2022 സെപ്റ്റംബര്‍ പാദത്തിലെ 16.04 ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി മെച്ചപ്പെട്ടു.
ഓഹരിയിൽ ഉയർച്ച