

ആഭരണപ്രേമികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ 'ആഘോഷം' പകരുന്ന അക്ഷയ തൃതീയ നാളെ (ഏപ്രില്‍ 19, ഞായറാഴ്ച). കഴിഞ്ഞവര്‍ഷം 1,500 കിലോയുടെ സ്വര്‍ണ വില്‍പ്പന നടന്നുവെന്നാണ് കണക്ക്. സ്വര്‍ണത്തിന്റെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇത്തവണ അതില്‍ കൂടുതല്‍ കച്ചവടമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ, 1500 കിലോ സ്വർണ്ണം വിറ്റഴിക്കപ്പെട്ടാൽ വിപണിയിൽ ഏകദേശം 2,142 കോടി രൂപയുടെ ഇടപാടാണ് നടക്കുക. പണിക്കൂലിയും ജി.എസ്.ടി.യും ഉൾപ്പെടാതെയാണിത്.
കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയ ദിവസത്തെ സ്വര്‍ണവില ഗ്രാമിന് 8,980 രൂപയായിരുന്നു. പവന് 71840 രൂപയും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സ്വര്‍ണവിലയില്‍ 55% അധികം വിലവര്‍ധനയാണ് അനുഭവപ്പെടുന്നത്.
ഇക്കഴിഞ്ഞ ജനുവരി 29ന് കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡായ പവന് 1,31,160 രൂപയിലെത്തിയിരുന്നു. അതുമായി നോക്കുമ്പോള്‍ അടുത്ത കാലത്തായി ചെറിയ കുറവുണ്ടായിട്ടുണ്ട്. വിലയിലെ ഈ ചെറിയ കുറവും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഓഫറുകളും ഇക്കുറിയും ഉപയോക്താക്കളെ സ്വര്‍ണക്കടകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്.
മാത്രമല്ല, അക്ഷയ തൃതീയയുടെ ഐതീഹ്യത്തോടുള്ള വിശ്വാസവും ഉപയോക്താക്കളെ സ്വര്‍ണാഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് വ്യാപാരികള്‍ കരുതുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സ്വര്‍ണം, വസ്ത്രം, വീട്, വാഹനം, ഭൂമി തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് കരുതുന്ന ദിവസമാണ് അക്ഷയ തൃതീയ. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന സ്വര്‍ണ വ്യാപാരം നടക്കുന്നത് അക്ഷയ് തൃതീയ നാളിലാണ്.
കേരളത്തിലെ ചെറുതും, വലുതുമായ 12000 ഓളം സ്വര്‍ണ വ്യാപാര ശാലകള്‍ അക്ഷയതൃതീയക്കായി ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (KGSMA) നേതൃത്വത്തില്‍ അക്ഷയതൃതീയക്കു മുന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച ബയര്‍-സെല്ലര്‍ മീറ്റ് വഴി പുതിയ ആഭരണ ശ്രേണികള്‍ എല്ലാ ജ്വല്ലറികളിലേക്കും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കും ഉള്ള സമ്പാദ്യമാണ്. അക്ഷയതൃതീയ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തവരടക്കം 5 ലക്ഷത്തോളം കുടുംബങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പണിക്കൂലിയില്‍ വലിയ ഡിസ്‌കൗണ്ടുകളാണ് ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആഭരണങ്ങളുടെ മൊത്തത്തിലുള്ള വില കുറയ്ക്കാന്‍ സഹായിക്കും.
കല്യാണ്‍ ജുവലേഴ്‌സ് അക്ഷയതൃതീയയോടനുബന്ധിച്ച് സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ട്. കൂടാതെ സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള പര്‍ച്ചേസിനും പണിക്കൂലിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കല്യാണ്‍ ജുവലേഴ്‌സ് ഷോറൂമുകള്‍ രാവിലെ എട്ട് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
വിവാഹ സീസണിന്റെ തുടക്കത്തോടൊപ്പം എത്തിയ അക്ഷയ തൃതീയ സ്വര്‍ണ വിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നും വിവാഹത്തിനായുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കുടുംബങ്ങള്‍ ഈ ദിനം തിരഞ്ഞെടുക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പലരും ഈ അവസരം ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആഭരണങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം ജ്വല്ലറികളിലെ അന്വേഷണങ്ങളിലും പ്രീ-ബുക്കിംഗിലുമുള്ള വര്‍ധനവില്‍ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍ ജുവല്‍റി ഷോറൂമുകള്‍ക്ക് പുറമെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഓണ്‍ലൈന്‍ വിപണിയിലുമുള്ള സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ അക്ഷയതൃതീയ പ്രമാണിച്ച് എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അണ്‍കട്ട്, ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കൂലിയിലും 30 ശതമാനം കുറവുണ്ട്. കൂടാതെ ഡയമണ്ട് മൂല്യത്തിന്റെ 30 ശതമാനം വരെയും കിഴിവ് നല്‍കുന്നു. എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, അക്ഷയ തൃതീയ പ്രമാണിച്ച് ഏപ്രില്‍ 20 വരെ നീണ്ടുനില്‍ക്കുന്ന 'ക്യാഷ്ബാക്ക് ഉത്സവം' പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്ന ആഭരണങ്ങളുടെ മൂല്യത്തിനും ഇനത്തിനും അനുസരിച്ച് ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങളുടെ പര്‍ച്ചേസിന് 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ഉള്‍പ്പെടെയുള്ള ഓഫറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
വലിയ ആഭരണങ്ങള്‍ക്ക് പകരം ദിവസേന ധരിക്കാവുന്ന ലൈറ്റ് വെയ്റ്റ് മോതിരങ്ങള്‍, ചെയിനുകള്‍ എന്നിവക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യക്കാര്‍. അതു തിരിച്ചറിഞ്ഞ് മിക്ക ജുവല്‍റികളും പ്രത്യേക കളക്ഷനുകള്‍ തന്നെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. കുറഞ്ഞ ബജറ്റില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ കൂടാതെ അൾട്രാ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും ഇത്തവണ ട്രെൻഡാണ്.
നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. കൂടാതെ, സ്വര്‍ണത്തിന് പകരമായി ട്രെന്‍ഡി ഡിസൈനുകളിലുള്ള വെള്ളി ആഭരണങ്ങളെയും ഒരു വിഭാഗം ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്.
പുതിയ സ്വര്‍ണം വാങ്ങുന്നതിനായി കൈവശമുള്ള പഴയ സ്വര്‍ണം മികച്ച നിരക്കില്‍ മാറ്റിയെടുക്കാനുള്ള എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പല ജ്വല്ലറികളും സജീവമാക്കിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ കൈയില്‍ നിന്നുള്ള പണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ എക്‌സ്‌ചേഞ്ച് ഇത്തവണ കൂടുതലാകാന്‍ സാധ്യതയുണ്ട്. അക്ഷയ തൃതീയ വില്‍പനയുടെ 40 ശതമാനം വരെ എക്‌സ്‌ചേഞ്ച് നടക്കാറുണ്ട്. 60 ശതമാനവും കാഷ് പര്‍ച്ചേസാണ് നടക്കാറുള്ളതെന്നും വ്യാപാരികള്‍ പറയുന്നു.
പണിക്കൂലിയും നികുതിയുമടക്കം ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ (Click here to read).
Kerala’s jewellery market gears up for Akshaya Tritiya with strong sales expectations despite high gold prices and attractive offers from major brands.
Read DhanamOnline in English
Subscribe to Dhanam Magazine