മാസം 100 കോടിയോളം ലാഭമുണ്ടാക്കുന്നുണ്ട് കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, പുതിയ കണക്കുകള്‍ പുറത്ത്; ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി, ഓഹരിക്ക് പുതു മുന്നേറ്റം

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനവും ഒരു മാസക്കാലയളവില്‍ 26 ശതമാനവുമാണ് ഓഹരിയുടെ നേട്ടം
Cochin Shipyard
image:@https://cochinshipyard.in/
Published on

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 287.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാള്‍ 11 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 36.7 ശതമാനം ഉയര്‍ന്ന് 1,757.65 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 1,286.04 കോടി രൂപയായിരുന്നു.

കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 985.15 കോടി രൂപയില്‍ നിന്ന് 921.23 കോടി രൂപയായി കുറഞ്ഞു. അതേസമയം, അറ്റകുറ്റപ്പണികളില്‍ നിന്നുള്ള വരുമാനം 300.89 കോടി രൂപയില്‍ നിന്ന് 836.41 കോടി രൂപയായി ഉയര്‍ന്നു.

പ്രതിയോഹരി ലാഭം (Earnings per share) 9.84 രൂപയില്‍ നിന്ന് 10.92 രൂപയായി ഉയര്‍ന്നു. മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് ഓഹരി ഒന്നിന് 2.25 രൂപ വീതം അന്തിമ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു.

ഓഹരിക്കുതിപ്പ്‌

നാലാം പാദ കണക്കുകള്‍ പുറത്തു വരുന്നതിനു മുന്നേ തന്നെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് മികച്ച നേട്ടത്തിലായിരുന്നു. ദക്ഷിണ കൊറിയയുടെ എച്ച്.ഡി ഹ്യുണ്ടായിയുമായി 10,000 കോടിയുടെ കരാറിലായെന്ന അഭ്യൂഹങ്ങളായിരുന്നു ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. ഫലപ്രഖ്യാപനത്തിനു ശേഷവും ഓഹരി വില ആറ് ശതമാനത്തിലധികം നേട്ടത്തിലാണ്.

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ പ്രതിരോധ ഓഹരികള്‍ക്കുണ്ടായ മികച്ച വാങ്ങല്‍ താല്‍പ്പര്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരിയെ മുന്നേറ്റത്തിലാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനവും ഒരു മാസക്കാലയളവില്‍ 26 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.

കഴിഞ്ഞ ജൂലൈയില്‍ മികച്ച ഓര്‍ഡറുകളുടെ കരുത്തില്‍ ഓഹരി വില 2,979.45 രൂപ വരെ എത്തി റെക്കോഡിട്ടിരുന്നു. അന്ന് വിപണി മൂല്യം ആദ്യമായി 70,000 കോടിയെത്തുകയും ചെയ്തു. പിന്നീട് ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് വില 1,180.20 രൂപയിലേക്ക് താഴ്ന്നു. ഇന്നത്തെ ഓഹരി വില പ്രകാരം 47,678 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണി മൂല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com