
മഴകനത്ത് ടാപ്പിംഗ് നിര്‍ജീവമായിട്ടും റബര്‍വില ഇടിയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഉല്‍പാദനച്ചെലവ് പോലും തിരികെ കിട്ടാത്ത പ്രതിസന്ധിയാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്.
കഴിഞ്ഞമാസം കിലോയ്ക്ക് 162 രൂപ നിരക്കിലായിരുന്ന ആര്‍.എസ്.എസ്-4 ഇനത്തിന് വില കഴിഞ്ഞയാഴ്ച 147.50 രൂപ നിരക്കിലേക്ക് ഇടിഞ്ഞു. റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇപ്പോള്‍ വില കിലോയ്ക്ക് 154.50 രൂപയാണ്.
എന്നാല്‍ ടാപ്പിംഗ് കൂലി, മഴക്കെടുതി ചെറുക്കാന്‍ മരങ്ങള്‍ക്കുള്ള റെയിന്‍ഗാര്‍ഡ്, വളം തുടങ്ങിയ ചെലവുകള്‍ ഇതിലും അധികമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2022 ജൂണില്‍ വില ശരാശരി 175 രൂപയായിരുന്നു.
ഉല്‍പാദനം മെച്ചം, ഡിമാന്‍ഡ് തുച്ഛം
റബര്‍ ഉല്‍പാദനം മികച്ച തോതില്‍ ഉയരുന്നുവെന്ന് റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ തന്നെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 2021-22ലെ 7.75 ലക്ഷം ടണ്ണില്‍ നിന്ന് 8.3 ശതമാനം വര്‍ദ്ധിച്ച് 2022-23ല്‍ ഉല്‍പാദനം 8.39 ലക്ഷം ടണ്ണിലെത്തിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉല്‍പാദനം വീണ്ടും 8 ലക്ഷം ടണ്‍ കടന്നതെന്ന പ്രത്യേകതയുമുണ്ട്.
ആഭ്യന്തര വാഹന വിപണി കാഴ്ചവയ്ക്കുന്ന മികച്ച വില്‍പന വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ടയര്‍ കമ്പനികളില്‍ നിന്ന് റബറിന് വലിയ ഡിമാന്‍ഡ് ഉണ്ടാകേണ്ടതുമാണ്.
എന്നാല്‍, സംസ്ഥാനത്ത് നിന്ന് സ്റ്റോക്കെടുക്കുന്നതില്‍ ടയര്‍ കമ്പനികള്‍ ആലസ്യം കാണിക്കുകയാണെന്ന് കര്‍ഷകരും ഡീലര്‍മാരും പറയുന്നു. വിലക്കുറവ് ഉറപ്പാക്കാനായി ടയര്‍ കമ്പനികള്‍ ബോധപൂര്‍വം സ്റ്റോക്കെടുക്കുന്നത് വൈകിക്കുകയാണെന്ന ആരോപണങ്ങളുമുണ്ട്.
റബര്‍ ഉല്‍പാദനത്തില്‍ കേരളത്തിന്റെ അപ്രമാദിത്തത്തിന് ഇളക്കംതട്ടുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉല്‍പാദനത്തില്‍ 90 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം കഴിഞ്ഞവര്‍ഷം 78 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഹിതം 10ല്‍ നിന്ന് 16 ശതമാനത്തിലുമെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine