

(20/09/23 UPDATE -കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയ്ന്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 24) ആരംഭിക്കും. കാസര്‍കോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. രാവിലെ ഏഴ് മണിക്ക് കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന ട്രെയ്ന്‍ ഉച്ചയ്ക്ക് 03.05ന് തിരുവനന്തപുരത്തെത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 04.05ന് ആരംഭിക്കുന്ന സര്‍വീസ് രാത്രി 11.55ന് കാസര്‍കോട് എത്തും. തുടക്കത്തില്‍ കാസര്‍കോട് വരെയാണ് സര്‍വീസെങ്കിലും ക്രമേണ മംഗലാപുരം വരെ നീട്ടിയേക്കും.)
കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമം, പുതിയ വന്ദേഭാരത് കേരളത്തിനുതന്നെ. രണ്ടോ മൂന്നോ ദിവസത്തിനകം ട്രെയിന്‍ മംഗളൂരുവിലെത്തും. കൃത്യദിവസം പറയുന്നില്ലെങ്കിലും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അടുത്തയാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ്ഓഫ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രണ്ടാം വന്ദേഭാരത് മംഗളൂരു തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന ഉറപ്പ് ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചതായി എം.കെ രാഘവന്‍ എം.പിയും വ്യക്തമാക്കി.
കാവിനിറത്തിനൊപ്പം ഡിസൈനിലും മാറ്റംവരുത്തിയ എട്ട് കോച്ചുകളടങ്ങിയ റേക്ക് ആണ് മംഗലാപുരത്തെത്തുന്നത്. ഓഗസ്റ്റ് 30ന് ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച് കേരളത്തിലേക്ക് റൂട്ട് നിശ്ചയിച്ച വന്ദേഭാരത് ചെന്നൈയിലെ ബേസിന്‍ ബ്രിഡ്ജ് യാര്‍ഡിലാണുള്ളത്. മംഗളൂരുവില്‍നിന്നുള്ള എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പരീക്ഷണഓട്ടം നടത്തിയിട്ടില്ല.
വന്ദേഭാരത് സര്‍വിസിനു മുന്നോടിയായി കഴിഞ്ഞ ദിവസം മംഗളൂരു - കാസര്‍കോട് സെക്ഷനില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് എന്‍ജിന്‍ വൈദ്യുതി ഓഫാക്കാന്‍ നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചത്. 30 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വിസ് നടത്തുന്നത്. ഇതിനുപുറമെ മൂന്ന് പുതിയ റേക്കുകള്‍ കൂടി റെയില്‍വേ അനുവദിച്ചിട്ടുണ്ട്. ഇവയില്‍ ഒരു റേക്ക് ആണ് സംസ്ഥാനത്തിന് നല്‍കിയത്. രാവിലെ 5.20ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് 2.30ന് തിരുവനന്തപുരത്തെത്തുന്ന വിധമാകും സമയക്രമം എന്നറിയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine