വിസ്മയചെപ്പ് തുറക്കാന്‍ വണ്ടര്‍ലാ ചെന്നൈ പാര്‍ക്ക്, മുഖ്യ ആകര്‍ഷണം രാജ്യത്തെ ഏറ്റവും വമ്പന്‍ റോളര്‍ കോസ്റ്റര്‍

കേരളം ആസ്ഥാനമായ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് രാജ്യത്തെ ഏറ്റവും വലിയ റോളര്‍ കോസ്റ്റര്‍ ചെന്നൈ പാര്‍ക്കില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. 2025 പകുതിയോടെ തുറക്കാന്‍ ലക്ഷ്യമിടുന്ന ചെന്നൈ പാര്‍ക്കില്‍ വിസ്മയിപ്പിക്കുന്ന വമ്പന്‍ റൈഡുകളാണ് വണ്ടര്‍ലാ ഒരുക്കുന്നത്. നിലവില്‍ ഏറ്റവും മികച്ച പ്രകടനം കാഴചവയ്ക്കുന്ന ബംഗളൂരുവിലെ പാര്‍ക്കിനെ കവച്ചു വയ്ക്കുന്നതാകും ചെന്നൈ പാര്‍ക്ക്.

വണ്ടര്‍ലാ ചെന്നൈ പാര്‍ക്കിന് 490 കോടി രൂപയായിരുന്നു ആദ്യം ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് ഇത് 515 കോടി രൂപയാക്കി ഉയർത്തി. പുതിയ റൈഡുകള്‍ സ്ഥാപിക്കുന്നതാണ് ചെലവ് ഉയര്‍ത്തിയത്.
150-160 കോടി രൂപ ഇതിനകം ചെലവാക്കിയിട്ടുണ്ട്.
ഡിസ്‌നിയിലും യൂണിവേഴ്‌സല്‍ പാര്‍ക്കിലുമൊക്കെ മാത്രം കണ്ടു വരുന്നതിന് സമാനമായ വമ്പന്‍ റോളര്‍ കോസ്റ്റാണ് ഇവിടെ സ്ഥാപിക്കുന്നത്. 70-80 കോടി രൂപയോളമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ പാര്‍ക്കില്‍ 12.7 ലക്ഷം പേരാണ് സന്ദര്‍ശകരായെത്തിയത്. ബംഗളൂരു പാർക്കിൽ നിന്നുള്ള വരുമാനം 2023-2024 സാമ്പത്തിക വർഷത്തിൽ
മുന്‍ സാമ്പത്തിക വര്‍ഷത്തെ 169.8 കോടി രൂപയില്‍ നിന്ന് 196.5 കോടി രൂപയായി. ചെന്നൈ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വണ്ടര്‍ലായുടെ ഏറ്റവും വലുതും കൂടുതല്‍ സന്ദര്‍ശകരെത്തുന്നതുമായ പാര്‍ക്കായി ഇതുമാറും.

ഒഡീഷപാർക്ക് സജ്ജമായി

ഒഡീഷയിലെ ഭുവനേശ്വറിൽ പുതിയ പാർക്ക് സജ്ജമായി. ജൂണ്‍ അവസാനത്തോടെ പാര്‍ക്ക് ഔദ്യോഗികമായി തുറക്കും. മേയ് 24 മുതല്‍ സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 3,500 ഓളംപേരെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 190 കോടി രൂപയാണ് പാര്‍ക്കിന്‌റെ ചെലവ്. 21 റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും വലിയ സ്പിന്നിംഗ് റോളര്‍ കോസ്റ്ററാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 90 സെക്കന്റിൽ 55 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ ഇതിന് സാധിക്കും.
വിദഗ്ധരായ 450 ഓളം ജീവനക്കാര്‍ക്ക് ഇവിടെ ജോലി ലഭിക്കും.

ആദ്യ വര്‍ഷം നാല് ലക്ഷം സന്ദര്‍ശകരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. രണ്ട് മാസത്തെ നീണ്ട അവധിക്കാലം നഷ്ടമായെങ്കിലും ലക്ഷ്യം നേടാനാകുമെന്നാണ് വണ്ടര്‍ലാ കരുതുന്നത്.

ഇതുകൂടാതെ ഇന്‍ഡോര്‍, ഗ്രേയ്റ്റര്‍ നോയിഡ, മൊഹാലി എന്നിവിടങ്ങളിൽ ഓരോ വര്‍ഷവും പുതിയ പ്രോജക്ട് തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.

ആകര്‍ഷകമാക്കാന്‍ പുതിയ റൈഡുകള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്
അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍
പൂര്‍ണമായും പിന്നീട് ഭാഗികമായും അടച്ചിടേണ്ടി വന്നത് വലിയ വെല്ലുവിളിയായെങ്കിലും ഇപ്പോള്‍ നിലവിലുള്ള പാര്‍ക്കുകളില്‍ കൂടുതല്‍ റൈഡുകളും മറ്റും കൊണ്ടുവരുന്നതിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. കൊച്ചിയില്‍ ഹൈ ത്രില്‍ റൈഡായ എയര്‍ റേസ് അടുത്തിടെ സ്ഥാപിച്ചിരുന്നു. വിമാനയാത്ര നടത്തിയ അനുഭവം സമ്മാനിക്കുന്ന എയര്‍ റേസ് നിര്‍മിച്ചത് ഇറ്റാലിയന്‍ കമ്പനിയായ സാംപെര്‍ലയാണ്. 12.6 കോടി രൂപയാണ് ഇതിന്റെ ചെലവ്.
ബംഗളൂരുവില്‍ 40 കോടി രൂപ ചെലവില്‍ വേര്‍ച്വല്‍ റിയാലിറ്റി റൈഡ് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.


Related Articles
Next Story
Videos
Share it