347 രൂപയില്‍ നിന്ന് തുടക്കം
ഷൈജു അനസ്
വയസ്: 25
സ്ഥാപനം: ഇമാജിനറി ആഡ് മീഡിയ (IAM)
പതിനെട്ടാം വയസിലാണ് ഷൈജു സംരംഭകനാകുന്നത്. പ്ലസ്ടു കഴിഞ്ഞ ഉടനെ. 25 വയസാകുമ്പോഴേക്കും പരാജയങ്ങളും വിജയങ്ങളും അനുഭവിച്ചറിഞ്ഞ് ഇരുത്തം വന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ യുവാവ്.
മുമ്പ് നടത്തിയ രണ്ടു സംരംഭങ്ങളും വന്‍ ബാധ്യത വരുത്തിവെച്ചപ്പോഴാണ് ഷൈജു കൈയിലുണ്ടായിരുന്ന 347 രൂപയ്ക്ക് മൊബീല്‍ ഡാറ്റ റീ ചാര്‍ജ് ചെയ്ത് പുതിയ സംരംഭം തുടങ്ങിയത്. ബിസിനസുകളുടെ പ്രമോഷണല്‍ വര്‍ക്ക് ഏറ്റെടുത്ത് നടത്താനുള്ള ശ്രമമാണ് നടത്തിയത്. വാട്ട്‌സ് ആപ്പിലൂടെ വ്യാപകമായി ഈ വാര്‍ത്ത പ്രചരിപ്പിച്ചു. ഇതില്‍ ആകൃഷ്ടരായി പലരും വന്നതോടെ ഇമാജിനറി ആഡ് മീഡിയ എന്ന സംരംഭം യാഥാര്‍ത്ഥ്യമായി. ഇന്ന് 20ലേറെ പേര്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. മാത്രമല്ല, മലപ്പുറം ആസ്ഥാനമായുള്ള മീഡിയ വിഷന്‍ എന്ന അഡ്വര്‍ടൈസിംഗ് മേഖലയിലെ സ്ഥാപനവുമായി പങ്കാളിത്തത്തിലേര്‍പ്പെടാനും ബിസിനസ് വ്യാപിപ്പിക്കാനും ഷൈജുവിനായി.
നെറ്റ്‌വര്‍ക്കിംഗില്‍ ഡിപ്ലോമ നേടിയ ഷൈജു പതിനെട്ടാം വയസില്‍ സ്വന്തമായി നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനം തുടങ്ങി. കേരളത്തില്‍ എല്ലായിടത്തും ഉപഭോക്താക്കളെ കണ്ടെത്താന്‍ ഷൈജുവിലെ സംരംഭകന് കഴിഞ്ഞു. എന്നാല്‍ ഫണ്ട് മിക്കപ്പോഴും പ്രശ്‌നമായപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മലപ്പുറത്തു തന്നെ കംപ്യൂട്ടര്‍ പഠനത്തിനായി സ്ഥാപനം തുടങ്ങുന്നത്. എന്നാല്‍ പാര്‍ട്ണറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്കുവെച്ച് സംരംഭം നിര്‍ത്തേണ്ടി വന്നു. ഇത് വലിയ ബാധ്യതയാണ് ഷൈജുവിന് ഉണ്ടാക്കിയത്. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നു. കൈയിലെ ലാപ് ടോപ്പ് ഉപയോഗിച്ച് ഡിസൈനുകള്‍ സൃഷ്ടിച്ചും വാട്‌സാപ്പ് മെസേജുകളിലൂടെ ഉപഭോക്താക്കളെ സൃഷ്ടിച്ചും കമ്പനി മുന്നോട്ട് കൊണ്ടുപോകാന്‍ ഷൈജുവിനായി.
ഇന്ന് ഒരു ബിസിനസിന് ആവശ്യമായ എല്ലാ പ്രൊമോഷണല്‍ വര്‍ക്കുകളും ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. ഉപഭോക്താവിന്റെ ബജറ്റിനനുസരിച്ച് വ്യത്യസ്തമായ പാക്കേജുകള്‍ ഇവര്‍ അവതരിപ്പിക്കുന്നു. ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുന്നതു മുതല്‍ ലോഗോ, മാര്‍ക്കറ്റിംഗ് തുടങ്ങി എല്ലാം പ്രാക്ടിക്കലായി തന്നെ ചെയ്തു നല്‍കുന്നു.
ബിസിനസുകാര്‍ക്ക് പരിശീലന പരിപാടിയും മറ്റും സാധ്യമാക്കുന്ന തരത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കാനൊരുങ്ങുകയാണ് ഷൈജു. ഇതിന് കൂട്ടായി മീഡിയ വിഷന്‍ പാര്‍ട്ണര്‍ സലീം പാവത്തൊടികയും ഷൈജുവിനൊപ്പമുണ്ട്. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യമിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. എന്‍ട്രപ്രണേഴ്‌സ് മീറ്റ് പോലുള്ള പരിപാടികളും ഇതിന്റെ കീഴില്‍ സംഘടിപ്പിക്കും.