കഫെ കോപ്പി ലുവാക് വ്യത്യസ്തമായ സംരംഭക ആശയം

വളരെ വ്യത്യസ്തമായ ഒരു കോഫി ഷോപ്പ് ആരംഭിക്കുകയായിരുന്നു നിര്‍മ്മല്‍ ജെയ്കിന്റെ ലക്ഷ്യം. അതിനായുള്ള അന്വേഷണം അവസാനിച്ചത് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയിലാണ്. കഫെ കോപ്പി ലുവാക് എന്ന പേരില്‍ നിര്‍മ്മല്‍ ജെയ്ക്കും കോസ്റ്റിയൂം ഡിസൈനറായ ഷീബ മണിശങ്കറും ചേര്‍ന്ന് കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ തുടക്കമിട്ട സംരംഭം ഇന്ന് കാപ്പിപ്രേമികളുടെ ഇഷ്ടയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോപ്പി ലുവാക് എന്ന കോഫി വ്യത്യസ്തമാകുന്നത് അതിന്റെ സംസ്‌കരണത്തിന്റെ സവിശേഷതകള്‍ കൊണ്ടാണ്. മേന്മയേറിയ കാപ്പിക്കുരു വെരുക് (സിവറ്റ്) ഭക്ഷിച്ച് അതിന്റെ ശരീരത്തിലെ ദഹനപ്രക്രിയകള്‍ കഴിഞ്ഞ് കാഷ്ഠത്തിലൂടെ പുറത്തുവരുന്ന കാപ്പിക്കുരു വൃത്തിയാക്കിയാണ് ഈ പ്രത്യേകതരം കോഫി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഉല്‍പ്പാദനം വളരെ പരിമിതമായതുകൊണ്ടു തന്നെ വിലയും കൂടുന്നു. ഇന്‍ഡോനേഷ്യയാണ് ഈ കോഫിയുടെ ജന്മദേശം.

ക്രിയാത്മകത നിറയുന്ന അന്തരീക്ഷംസമയമെടുത്ത് ആസ്വദിച്ചു കുടിക്കേണ്ടതാണ് ഈ കോഫി. അതിന് തികച്ചും യോജിക്കുന്ന അന്തരീക്ഷമാണ് കഫെയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി പോലും ആകര്‍ഷകമായ ഇരിപ്പിടം ആക്കിയിരിക്കുന്നു. ടയര്‍, വീപ്പ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയെടുത്തതാണ് ഇവിടത്തെ ഓരോ ഫര്‍ണിച്ചറും. കോഫിയും ആസ്വദിച്ചിരുന്ന് സംസാരിക്കാനും ചര്‍ച്ചകള്‍ നടത്താനും ക്രിയാത്മകമായി ചിന്തിക്കാനുമുള്ള ഒരിടം കൂടിയായി മാറിയിരിക്കുന്നു ഈ കോഫി ഷോപ്പ്.

കോപ്പി ലുവാക്കിന്റെ ഒരു കപ്പിന് 1600 രൂപയാണ് വിലയെങ്കിലും കോഫി പ്രേമികള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ലെന്ന് നിര്‍മ്മല്‍ പറയുന്നു. ഇതിന്റെ സവിശേഷതയെന്താണ് എന്ന് അറിയാനായി കൗതുകം കൊണ്ട് വരുന്ന ഉപഭോക്താക്കളെ കൂടാതെ സ്ഥിരമായി വരുന്ന 'കോഫി അഡിക്റ്റ്‌സും' ഉണ്ട്. എന്നാല്‍ ഇവിടെ ഈ കോഫി മാത്രമല്ല ഉള്ളത്. 50 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ മെക്‌സിക്കന്‍-ഇറ്റാലിയന്‍ വിഭവങ്ങളോടൊപ്പം കോപ്പി ലുവാക്കിന്റേതായ സ്‌പെഷല്‍ ഡ്രിങ്കുകളുമുണ്ട്.

വയനാട് സ്വദേശിയും സിനിമാനടനും കൂടിയായ നിര്‍മ്മലിന്റെ ബിസിനസ് പങ്കാളിയായ ഷീബയ്ക്കും സിനിമാപശ്ചാത്തലമുണ്ട്. അങ്ങനെയാണ് ഇരുവരും സംരംഭത്തിനായി ഒരുമിക്കുന്നത്. ബാംഗ്ലൂരില്‍ കോപ്പി ലുവാക്കിന്റെ മറ്റൊരു പ്രീമിയം ഔട്ട്‌ലെറ്റ് കൂടി തുടങ്ങാനുള്ള തയാറെടുപ്പിലാണ് നിര്‍മ്മല്‍ ജെയ്ക്. കൂടാതെ വയനാട്ടില്‍ മനോഹരമായ റിസോര്‍ട്ടും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്.

Related Articles
Next Story
Videos
Share it