എസ്.ബി.ഐ, ഒ.എന്‍.ജി.സി ഓഹരികളും വില്‍ക്കാന്‍ തയ്യാറെന്ന്‌ കേന്ദ്രം; സ്വകാര്യ നിക്ഷേപകര്‍ക്ക് സ്വാഗതം

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന നയത്തില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

സ്വകാര്യമേഖലയ്ക്ക് സ്വാഗതം
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM/ദിപം) ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പന ദിപം ഊര്‍ജിതമാക്കുമെന്നും സ്വകാര്യമേഖല ഈ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളിലേക്ക് വരുമെന്നും അഭിമുഖത്തില്‍ നിര്‍മ്മല പറഞ്ഞു. എയര്‍ ഇന്ത്യയെ കേന്ദ്രം ടാറ്റാ ഗ്രൂപ്പിന് വിറ്റത് സമീപകാലത്താണ്. ഇത് സമ്പൂര്‍ണ സ്വകാര്യവത്കരണവുമായിരുന്നു.
കേന്ദ്രം സാന്നിധ്യം കുറയ്ക്കാന്‍ (minimum presence) ഉദ്ദേശിക്കുന്ന തന്ത്രപ്രധാന മേഖലകളില്‍ (core strategic sectors) ഉറപ്പായും സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുമെന്ന് നിര്‍മ്മല പറഞ്ഞു.
എസ്.ബി.ഐയും ഒ.എന്‍.ജി.സിയും വില്‍പനയ്ക്ക്!
പ്രവര്‍ത്തനമേഖലയിലെ എതിരാളികളായ സ്വകാര്യകമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം ഏറെ കുറവാണ്. ഇവയുടെ മൂല്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് നിര്‍മ്മല പറഞ്ഞു.

എസ്.ബി.ഐ., ഒ.എന്‍.ജി.സി എന്നിവയിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ കേന്ദ്രത്തിന് തുറന്ന മനസ്സാണുള്ളതെന്ന് നിര്‍മ്മല പറഞ്ഞു.

നിലവില്‍ എസ്.ബി.ഐയില്‍ 57.49 ശതമാനവും ഒ.എന്‍.ജി.സിയില്‍ 58.89 ശതമാനവും ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിനുള്ളത്. ഇതുവഴി ഇവയുടെ നിയന്ത്രണാവകാശവും കേന്ദ്രത്തിനുണ്ട്.
അതേസമയം, പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിച്ച് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലൊന്നും നേടാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വായിക്കാം - പൊതുമേഖലാ ഓഹരി വില്‍പന പാളിയിട്ടും ലാഭവിഹിതത്തില്‍ കേന്ദ്രത്തിന് ബമ്പര്‍ ലോട്ടറി!
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it