വിലവര്‍ധനവും സബ്‌സിഡിയും ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ?

ഇരട്ട കമ്മി രൂപയുടെ മൂല്യം ഇടിയാനും ഇറക്കുമതി ചെലവ് ഉയരാനും കാരണമാവും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും
വിലവര്‍ധനവും സബ്‌സിഡിയും ഇന്ത്യയെ  സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ?
Published on

വിലവര്‍ധനവും സബ്‌സിഡിയുടെ അധിക ഭാരവും രാജ്യത്തെ ഇരട്ട കമ്മിയിലേക്ക് (twin deficit problem) തള്ളിവിട്ടേക്കാമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് ആദ്യമായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ ധന കമ്മി (fiscal deficit) ഉയരുമെന്ന സൂചന നല്‍കുന്നത്. ധന കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും (current account deficit) ഉയരുന്നതിനെയാണ് ഇരട്ട കമ്മികൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇറക്കുമതിച്ചെലവ് കയറ്റുമതിയേക്കാള്‍ കൂടുന്നതിനെയാണ് കറന്റ് അക്കൗണ്ട് കമ്മികൊണ്ട് സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ധന കമ്മി. ഡീസലിനും പെട്രോളിനും മേലുള്ള എക്‌സൈസ് തീരുവ എടുത്ത് കളഞ്ഞത് സര്‍ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരട്ട കമ്മി രൂപയുടെ മൂല്യം ഇടിയാനും ഇറക്കുമതി ചെലവ് ഉയരാനും കാരണമാവും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

ഈ സാഹചര്യത്തില്‍ ധന കമ്മി ഉയരാതെയുള്ള, വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മൂലധന ഇതര ചെലവുകളുടെ വിതരണം വളരെ പ്രധാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ വള സബ്‌സിഡി നേരത്തെ പ്രതീക്ഷിച്ച 1.05 ട്രില്യണ്‍ രൂപയില്‍ നിന്ന് 2.5 ട്രില്യണിലേക്ക് ഉയരുന്നമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടിയത് ഭക്ഷ്യ സബ്‌സിഡി 2.87 ട്രില്യണ്‍ രൂപയായി ഉയര്‍ത്തി.

ഇന്ധന വിലയിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടി കുറച്ചതുമൂലം പ്രതിവര്‍ഷം 85,000 കോടിയോളം രൂപയാണ് നഷ്ടം. പണപ്പെരും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏതാനും ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചിരുന്നു. ഇതും 10,000-15,000 കോടിയുടെ നഷ്മാണ് കേന്ദ്രത്തിന് ഉണ്ടാക്കുക. പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴില്‍ ഗ്യാസ് സിലിണ്ടറിന് നല്‍കുന്ന സബ്‌സിഡിയുടെ ചിലവ് 61,00 കോടിയാണ്. അതേ സമയം രാജ്യത്ത് വളര്‍ച്ചാ മുരടിപ്പ് (stagflation) ഉണ്ടാകാനിടയില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പണപ്പെരുപ്പ നിരക്കും തൊഴിലില്ലായ്മ നിരക്കും ഉയരുകയും വളര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് വളര്‍ച്ചാ മുരടിപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com