കെട്ടിക്കിടക്കുന്ന ചരക്കുകള്‍, കുറയുന്ന കാര്‍ഷിക വിളകള്‍; ഇന്ത്യയുടെ ഗ്രാമങ്ങള്‍ തളരുകയാണോ?

കഴിഞ്ഞവര്‍ഷം മുതല്‍ ഗ്രാമീണമേഖലയില്‍ പ്രകടമായ തളര്‍ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും പടരുകയാണ്. മാനുഫാക്ചറിംഗ് രംഗത്തുള്ളവര്‍, ഡിസ്ട്രിബ്യൂഷന്‍ മേഖലയിലുള്ളവര്‍, സര്‍ക്കാരുകള്‍, ഭരണത്തിലുള്ള രാഷ്ട്രീയകക്ഷികള്‍ എന്നിങ്ങനെ എല്ലാവരും തന്നെ ഇതില്‍ ആശങ്കാകുലരാണ്. വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന ചരക്കുകളും നേര്‍ത്തുവരുന്ന മാര്‍ജിനുകളുമാണ് ബിസിനസുകാരെ ആശങ്കപ്പെടുത്തുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയിലെ തളര്‍ച്ച ഏതുവിധത്തില്‍ സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയക്കാരെ കുഴക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ഗ്രാമീണമേഖലയിലെ ഉപഭോഗം കാര്യമായി കൂടിയേക്കുമെന്ന പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ലെന്ന് വിദഗ്ദ്ധരും സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ കുറഞ്ഞ മഴയും അതികഠിനമായ ചൂടും ഉയര്‍ന്ന പണപ്പെരുപ്പവും പിന്നെ മറ്റനേകം ഘടകങ്ങളും ചേര്‍ന്നുള്ള സന്ദര്‍ഭത്തിലാണ് ഗ്രാമീണമേഖലയില്‍ തളര്‍ച്ച അനുഭവപ്പെട്ടുതുടങ്ങിയത്.
പിടിച്ചുലയ്ക്കാന്‍ എല്‍-നിനോയും
എല്‍-നിനോ പ്രതിഭാസത്തിന്റെ സ്വാധീനം 2024ലെ ആദ്യ പകുതി വരെ ഉണ്ടാകുമെന്നാണ് എല്ലാ സൂചകങ്ങളും വ്യക്തമാക്കുന്നത്. വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുതലാകാന്‍ ഇടയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളുമുണ്ട്. പണപ്പെരുപ്പം ഒരു നിശ്ചിതതലം കടന്ന് താഴേക്ക് പോരാനുള്ള സാധ്യതയും ഇപ്പോള്‍ തെളിയുന്നില്ല.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനങ്ങളുടെ നിഗമനപ്രകാരം 2023-24ലെ കാര്‍ഷിക വളര്‍ച്ച 1.8 ശതമാനമാണ്. ഇത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. കൃത്യമായി മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ഏതാണ്ടെല്ലാ വിളകളുടെയും ഉത്പാദനവും കുറഞ്ഞിട്ടുണ്ട്.
കാര്‍ഷിക വിളകള്‍ കുറയുകയെന്നാല്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം കുറയുക എന്നതാണ് അര്‍ത്ഥം. ഇത് എല്ലാ മേഖലയിലെയും ചരക്കുകളുടെയും സേവനത്തിന്റെ ഡിമാന്‍ഡ് കുറയാന്‍ കാരണമാകും. കാന്ററിന്റെ സര്‍വേയില്‍ പഠന വിധേയമായ 90 വിഭാഗങ്ങളിലെയും ഉപവിഭാഗങ്ങളിലെയും 50 ശതമാനം സാധനങ്ങളുടെ ഉപഭോഗം ഇടിയുകയോ മുരടിച്ച് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. പാചക എണ്ണയിലാണ് വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. വാഷിംഗ് പൗഡര്‍, ബസ്മതി അരി, ഉപ്പ് എന്നിവയാണ് ഇതിന് പിന്നാലെ കൂടുതലായി ഇടിവ് സംഭവിച്ചിരിക്കുന്ന വിഭാഗങ്ങള്‍.
എങ്ങനെ കരകയറും?
എഫ്.എം.സി.ജി വില്പനയുടെ 40 ശതമാനം രാജ്യത്തെ അഞ്ച് ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള 75 നഗരങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള 60 ശതമാനം വരുന്നത് ഗ്രാമീണമേഖലയില്‍ നിന്നും. ഭൂരിഭാഗം ഉപഭോക്താക്കളും പ്രത്യേകിച്ച് ഗ്രാമീണമേഖലയിലുള്ളവര്‍ അവരുടെ ഉപഭോഗം വലിയതോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അനുകൂലമായ നയങ്ങള്‍ക്കും കാലാവസ്ഥയ്ക്കും പണപ്പെരുപ്പത്തിലെ കുറവിനും മാത്രമേ ഉപഭോഗത്തെ തിരികെ കൊണ്ടുവരാനാകൂ.
(This article was originally published in Dhanam Business Magazine March 31st issue)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it