Begin typing your search above and press return to search.
എല്‍-നിനോ: കടലും കൃഷിയും കടന്ന് ഓഹരി വിപണിയിലേക്ക്
പസഫിക് സമുദ്രത്തിന്റെ ഉപരിതലം അസാധാരണമാംവിധം ചൂട് പിടിക്കുകയും അത് പിന്നീട് കൊടുങ്കാറ്റായി കരയിലേക്ക് ആഞ്ഞടിക്കുകയും ചെയ്യുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍-നിനോ. പിഞ്ചു ചെറുക്കൻ എന്നര്‍ത്ഥമുള്ള സ്പാനിഷ് വാക്കാണ് എല്‍-നിനോ. കാലാവസ്ഥയെ തകിടംമറിക്കുന്ന എല്‍-നിനോയ്ക്ക് വികൃതി അല്‍പ്പം കൂടുതലാണെന്ന് മാത്രം!
കഴിഞ്ഞ ഒരു ദശാബ്ദം പരിഗണിച്ചാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും ഓഹരി സൂചികകളും വലിയ നേട്ടത്തിലൂടെ കടന്നുപോയെന്ന് കാണാം. ഇതിന് നേതൃത്വം നല്‍കിയത് ഐ.ടി., ധനകാര്യം, അടിസ്ഥാനസൗകര്യം, വാഹനം തുടങ്ങിയ മേഖലകളാണ്. എന്നാല്‍, ഇപ്പോഴും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷിക മേഖല തന്നെയാണ്.
ഇന്ത്യന്‍ ജി.ഡി.പിയുടെ (മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച) 20 ശതമാനത്തോളവും കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. രാജ്യത്തെ മൊത്തം തൊഴിലില്‍ 40 ശതമാനവും കാര്‍ഷിക മേഖലയിൽ. ഈ സാഹചര്യത്തില്‍, കാര്‍ഷിക മേഖലയ്ക്ക് ദോഷമാകുന്ന വിധം കാലാവസ്ഥാ പ്രതിസന്ധികളുണ്ടാകുന്നത് ജി.ഡി.പി വളര്‍ച്ചയെ ബാധിക്കും. എല്‍-നിനോ നാശംവിതച്ചാല്‍ ജി.ഡി.പിയില്‍ 1.75 ശതമാനം വരെ ഇടിവുണ്ടായേക്കുമെന്ന് അസോചം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്താണ് പ്രതിസന്ധി?
മഴയെ തട്ടിയകറ്റുക എന്ന വികൃതിയാണ് എല്‍-നിനോ കാട്ടിക്കൂട്ടാറ്. നല്ല മണ്‍സൂണും അതുവഴി മെച്ചപ്പെട്ട കാര്‍ഷികോത്പാദനവും പ്രതീക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും. കരയില്‍ കനത്ത് ചൂട്, വരള്‍ച്ച അല്ലെങ്കില്‍ നേരേ വിപരീതമായി കാലംതെറ്റിയുള്ള കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്കും എല്‍-നിനോ കാരണമായേക്കാം. ഇതിലേതായാലും കാര്‍ഷിക മേഖലയ്ക്ക് ദോഷമാണ്.
ഇന്ത്യയ്ക്ക് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ എല്‍-നിനോ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. കൊവിഡ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവ സൃഷ്ടിച്ചത് പോലെയുള്ള തിരിച്ചടിയുണ്ടാകാം. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് എല്‍-നിനോ മൂന്ന് ലക്ഷം കോടി ഡോളര്‍ (250 ലക്ഷം കോടിയോളം രൂപ) തുടച്ചുനീക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ഇന്ത്യയിലെ മണ്‍സൂണ്‍ പ്രതീക്ഷകളെ എല്‍-നിനോ തകര്‍ത്തേക്കാം. 1997 മുതല്‍ ഇതുവരെ എട്ട് തവണ എല്‍-നിനോ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് തവണയും മഴ ശരാശരിയേക്കാള്‍ കുറഞ്ഞു. 2009ലാകട്ടെ മഴ 23 ശതമാനം കുറയുകയും കടുത്ത വരള്‍ച്ചയുണ്ടാവുകയും ചെയ്തു.
വിവിധ മേഖലകളും ഓഹരികളും
കൃഷി
ഏതെങ്കിലും മേഖലയെ എല്‍-നിനോ സാരമായി ബാധിക്കുമെങ്കില്‍ അത് കൃഷിയെയായിരിക്കും. കഴിഞ്ഞ തവണ എല്‍-നിനോ പ്രതിസന്ധിയുണ്ടായപ്പോള്‍ കാര്‍ഷികോത്പാദനം 20-40 ശതമാനം വരെ ഇടിഞ്ഞുവെന്നാണ് വിലയിരുത്തല്‍. കാര്‍ഷികോത്പാദനം കുറഞ്ഞാല്‍ ഭക്ഷ്യവില കുതിക്കും, പണപ്പെരുപ്പം കൂടും.
കഴിഞ്ഞമാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടും അടിസ്ഥാന പലിശനിരക്ക് റിസര്‍വ് ബാങ്ക് കുറയ്ക്കാതിരുന്നതിന് പിന്നിലെ ഒരു കാരണവും ഈ വെല്ലുവിളിയാണ്.
കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ മാത്രം കാര്‍ഷിക വായ്പയിലുണ്ടായ വളര്‍ച്ച 15 ശതമാനമാണ്. കിട്ടാക്കടം 9,146 കോടി രൂപയില്‍ നിന്ന് 8,879 കോടി രൂപയായും കുറഞ്ഞു. എല്‍-നിനോ വലച്ചാല്‍ വായ്പാ ഡിമാന്‍ഡ് താഴും; തിരിച്ചടവുകളെയും ബാധിക്കും. ഇത് കിട്ടാക്കട നിരക്ക് കൂടാനുമിടയാക്കും.
റാലിസ് ഇന്ത്യ, കോറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍, യു.പി.എല്‍., എസ്.ആര്‍.എഫ്, കാവേരി സീഡ്, ബോംബെ ബര്‍മ, പി.ഐ ഇന്‍ഡസ്ട്രീസ് എന്നീ കാര്‍ഷിക കമ്പനി ഓഹരികളെയും എല്‍-നിനോ വലച്ചേക്കും.
എഫ്.എം.സി.ജി
കാര്‍ഷിക മേഖലയുടെ ക്ഷീണം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും. ഇത് എഫ്.എം.സി.ജി മേഖലയ്ക്കും വലിയ തിരിച്ചടിയാകും. ഉപഭോഗവിപണി തളരുന്നത് ഐ.ടി.സി., ഹിന്ദുസ്ഥാന്‍ യൂണീലീവര്‍, വരുണ്‍ ബീവറേജസ്, ബ്രിട്ടാനിയ, നെസ്‌ലെ, ഗോദ്‌റെജ് കണ്‍സ്യൂമര്‍, ടാറ്റാ കണ്‍സ്യൂമര്‍ തുടങ്ങിയ എഫ്.എം.സി.ജി ഓഹരികള്‍ക്ക് തിരിച്ചടിയാണ്.
ബാങ്കിംഗ് മേഖല
വായ്പാ വിതരണം, നിലവിലെ വായ്പകളുടെ തിരിച്ചടവ് എന്നിവയെ സാരമായി ബാധിക്കാന്‍ എല്‍-നിനോ വഴിയൊരുക്കും. തിരിച്ചടവ് മുടങ്ങുന്നത് കിട്ടാക്കടം കൂടാനിടയാക്കും. ഇതും വായ്പകളിലെ കുറവും ബാങ്കുകളുടെ സാമ്പത്തികസ്ഥിതിയെയും ബാധിക്കും.
എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര, പി.എന്‍.ബി തുടങ്ങി കാര്‍ഷിക രംഗത്ത് മികച്ച വായ്പാ സാന്നിദ്ധ്യമുള്ള ബാങ്കുകളുടെ ഓഹരികളെ ഇത് സമ്മര്‍ദ്ദത്തിലാക്കും.
വാഹനവിപണി
എല്‍-നിനോ തിരിച്ചടിയായേക്കാവുന്ന മറ്റൊരു പ്രധാന മേഖല വാഹനവിപണിയാണ്. ട്രാക്ടര്‍, ടൂവീലര്‍ എന്നിവയുടെ പ്രധാന വിപണി ഗ്രാമീണമേഖലയാണ്. കാര്‍ഷിക, ഗ്രാമീണ മേഖലകളുടെ തളര്‍ച്ച വിപണിയില്‍ ഡിമാന്‍ഡ് കുറയാനിടയാക്കും. ഇന്ത്യന്‍ ജി.ഡി.പിയില്‍ 7-8 ശതമാനവും മാനുഫാക്ചറിംഗില്‍ പാതിയോളവും പങ്കുവഹിക്കുന്നത് വാഹനമേഖലയാണെന്നതും പ്രസക്തമാണ്.
ടാറ്റ, ബജാജ്, മാരുതി, മഹീന്ദ്ര, ഐഷര്‍, ടി.വി.എസ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് എല്‍-നിനോ മൂലം പ്രധാനമായും സമ്മര്‍ദ്ദത്തിലാവുക.
തിരിച്ചുകയറ്റവും അതിവേഗം
2014ല്‍ എല്‍-നിനോ പ്രതിഭാസമുണ്ടായപ്പോള്‍ മഴ 12 ശതമാനം കുറഞ്ഞു. ധാന്യ ഉത്പാദനത്തില്‍ 5 ശതമാനം ഇടിവുണ്ടാകാനും ഇതു് വഴിവച്ചു. 2014ല്‍ ആഗോളതലത്തില്‍ ഓഹരിവിപണി ശരാശരി രണ്ട് ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി മുന്നേറിയത് 30 ശതമാനത്തോളമാണ്.
ഇതിന് സഹായിച്ചത് 2013ലെ മികച്ച കാര്‍ഷികോത്പാദനവും 2014 മുതല്‍ രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുമാണ്. എന്നാല്‍, 2015ല്‍ ലോകവിപണി 4 ശതമാനം തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി 5 ശതമാനം ഇടിഞ്ഞു. ആ വര്‍ഷം മഴ 14 ശതമാനം കുറയുകയും കാര്‍ഷിക മേഖല തളരുകയും ചെയ്തതാണ് തിരിച്ചടിയായത്.
എന്നാല്‍, എല്‍-നിനോ ഇന്ത്യയെ ഹ്രസ്വകാലത്തേക്ക് മാത്രമാണ് ബാധിക്കുകയെന്ന വാദങ്ങളുമുണ്ട്. ഉദാഹരണത്തിന് എല്‍-നിനോ മൂലം 2002ല്‍ മൂന്ന് മാസത്തെ നിഫ്റ്റിയുടെ റിട്ടേണ്‍ (നേട്ടം) നെഗറ്റീവ് 0.78 ശതമാനമായിരുന്നു. എന്നാല്‍, ഒരുവര്‍ഷ റിട്ടേണ്‍ 23.67 ശതമാനമായി ഉയര്‍ന്നു.
2009ല്‍ മൂന്ന് മാസത്തെ റിട്ടേണ്‍ 1.62 ശതമാനവും ഒരുവര്‍ഷ റിട്ടേണ്‍ 15.77 ശതമാനവുമായിരുന്നു. 2014ല്‍ മൂന്ന് മാസ റിട്ടേണ്‍ 7.78 ശതമാനവും ഒരുവര്‍ഷ റിട്ടേണ്‍ 10.51 ശതമാനവുമായിരുന്നു. 2015ല്‍ നെഗറ്റീവ് 5.47 ശതമാനമായിരുന്നു മൂന്ന് മാസ റിട്ടേണ്‍. ഒരുവര്‍ഷത്തെ നേട്ടം 1.24 ശതമാനം. ഇക്കുറി എല്‍-നിനോ എത്രത്തോളം ഇന്ത്യന്‍ ഓഹരിവിപണിയെ ഉലയ്ക്കുമെന്ന് കാത്തിരുന്നത് കാണണം.
Next Story
Videos