ഇന്റര്‍നെറ്റ് ഇല്ലാതെ പണം കൈമാറല്‍; ഡിജിറ്റല്‍ കറന്‍സിയെ ഓഫ്‌ലൈന്‍ ആക്കുമ്പോള്‍

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്റര്‍നെറ്റ് ഇല്ലാത്ത, സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പണമിടപാട് നടത്താന്‍ യുപിഐ123പേ സേവനം ഇന്ത്യയില്‍ ആരംഭിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സിബിസിഡി അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ജനങ്ങളിലേക്ക് കൂടി കടന്നു ചെല്ലാതെ സ്വന്തം ഡിജിറ്റല്‍ കറന്‍സി വിജയിക്കില്ലെന്ന് വികസ്വര രാജ്യങ്ങള്‍ക്കുൾപ്പടെ അറിയാം. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഇടപാടുകള്‍ ഓഫ്‌ലൈനില്‍ കൂടി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിനും മുമ്പെ എത്തിയ ഡിജിറ്റല്‍ ഇടപാട്

ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് എന്ന ആശയത്തിന് 30 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. അതായത് ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും വ്യാപകമാവും മുമ്പ് തന്നെ ഈ മേഖലയില്‍ പല ശ്രമങ്ങളും നടന്നിരുന്നു. 1993ല്‍ സ്വീഡന്‍, അവന്ത് സ്റ്റോര്‍ഡ് വാല്യൂ കാര്‍ഡ് എന്ന പേരില്‍ ഒരു ഓഫ്‌ലൈന്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചിരുന്നു. കാര്‍ഡ് റീഡര്‍ ഡിവൈസ് ഉള്‍പ്പടെയുള്ള ഈ സംവിധാനം 2006ല്‍ ആണ് അവസാനിപ്പിച്ചത്. 1996ല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് യുകെയില്‍ അവതരിപ്പിച്ച മോണ്ടെക്‌സ് ആണ് മറ്റൊരു ഉദാഹരണം.

പ്രാധാന്യം വര്‍ധിക്കുമ്പോള്‍

2017-18 കാലയളവില്‍ ഉറുഗ്വേ സെന്‍ട്രല്‍ ബാങ്ക് ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ച് ഉള്‍പ്പടെ ഇടപാട് നടത്താന്‍ കഴിയുന്ന സിബിഡിസി വിജയകരമായി പരീക്ഷിച്ചിരുന്നു. ജര്‍മന്‍ ബാങ്ക്‌നോട്ട് കമ്പനി ഗീസെക്കി ഡെവ്‌റിയനുമായി ചേര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഘാന ഓഫ്‌ലൈന്‍ സിബിഡിസി പ്ലാറ്റ്‌ഫോം പരീക്ഷിക്കുകയാണ്. ഡിജിറ്റല്‍ വാലറ്റ്, കാര്‍ഡ് എന്നിവ വഴിയുള്ള ഓഫ്‌ലൈന്‍ പേയ്‌മെന്റ് സംവിധാനമാണിത്.

Also Read:സാമ്പത്തിക തട്ടിപ്പ്; 42 % ഇന്ത്യക്കാരും ഇരകളെന്ന് റിപ്പോര്‍ട്ട്

ഡിജിറ്റല്‍ യുവാനായി ചൈനയും സമാന രീതികള്‍ പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ചെലവ് ഉയരാന്‍ പാടില്ല. സിബിഡിസികള്‍ക്കായി വിസ്പര്‍ക്യാഷ് അവതരിപ്പിച്ച ബാറ്ററിയുള്ള ക്രെഡിറ്റ് കാര്‍ഡ് സൈസ് ഡിവൈസിന് 70 യുഎസ് ഡോളറാണ് വില. ലോകത്തെ ആകെ ജനസംഖ്യയുടെ 63.1 ശതമാനമാണ് ഇന്റര്‍നെറ്റ് ഉപയോഗക്കുന്നത്. ഏകദേശം 3 ബില്യണോളം ജനങ്ങള്‍ ആണ് ഇന്റര്‍നെറ്റിന് പുറത്ത് നില്‍ക്കുന്നത്. അതില്‍ ഭൂരിഭാഗവും കിഴക്കന്‍ -ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്.

ലോകത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ശരാശരി 4 ശതമാനം നിരക്കിലാണ് വളരുന്നത്. ചൈന, ഇന്ത്യ, യുഎസ് പോലുള്ള രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. 2021ല്‍ നടന്ന ഒരു പഠനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരില്‍ 36 ശതമാനം മാത്രമേ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു.ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ ഡാറ്റ, പണം മുടക്കി വാങ്ങേണ്ടതുണ്ട്. ലോകത്തെ പല ഭാഗത്തും ഇന്റര്‍നെറ്റ് ചിലവ് ഉയര്‍ന്നതാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കാന്‍ ഓഫ്‌ലൈന്‍ സേവനങ്ങള്‍ കൂടി രാജ്യങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്.

Also Read: മഴ ലഭിക്കുന്നില്ല; ഇന്ത്യയിലെ അരി വില ഉയരും, കയറ്റുമതി നിരോധനത്തിലേക്കും ആഗോളപ്രതിസന്ധിയിലേക്കും നയിച്ചേക്കും

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it