മഴ ലഭിക്കുന്നില്ല; ഇന്ത്യയിലെ അരി വില ഉയരും, കയറ്റുമതി നിരോധനത്തിലേക്കും ആഗോളപ്രതിസന്ധിയിലേക്കും നയിച്ചേക്കും

ഈ വര്‍ഷം മെയ് മാസമാണ് വില വര്‍ധനവും ക്ഷാമവും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. സമാന സാഹചര്യത്തിലേക്ക് തന്നെ നീങ്ങുകയാണ് രാജ്യത്തെ നെല്ലിന്റെ ഉല്‍പ്പാദനവും. നെല്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ മഴ കുറഞ്ഞതാണ് ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍.

പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് ഉള്‍പ്പടെയുള്ള മേഖലകളില്‍ മഴ കുറഞ്ഞതുമൂലം ആകെ കൃഷി ചെയ്യുന്ന ഏക്കര്‍ സ്ഥലത്തിന്റെ അളവില്‍ 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ലോകത്തെ ആഗോള അരി കയറ്റുമതിയുടെ 37.5 ശതമാനവും കൈകാര്യം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2021ല്‍ 9.6 ബില്യണ്‍ ഡോളറിന്റെ അരിയാണ് ഇന്ത്യ കയറ്റി അയച്ചത്. തൊട്ട് പിന്നിലുള്ള തായ്‌ലന്‍ഡിന്റെ അരി കയറ്റുമതി 3.4 ബില്യണ്‍ ഡോളറിന്റേത് മാത്രമായിരുന്നു.

വില ഉയരുന്നതിനൊപ്പം ആഗോള പ്രതിസന്ധിയും

ഇന്ത്യയില്‍ നെല്ലുല്‍പ്പാദനം കുറയുന്നത് ആഭ്യന്തര വിപണിയില്‍ അരിയുടെ വില ഉയരാന്‍ കാരണമാവും. കൂടാതെ ഇത് രാജ്യത്തിന്റെ അരി കയറ്റുമതി ഇടിയുന്നതിലേക്കും നയിക്കും. അഗോളതലത്തില്‍ അരി കയറ്റുമതിയുടെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ വിലക്കയറ്റവും കയറ്റുമതി ഇടിവും ആഗോളതലത്തില്‍ വില ഉയര്‍ത്തും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പശ്ചിമ ബംഗാള്‍, ഒഡീഷ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയുടെ വില 10 ശതമാനത്തോളം വര്‍ധിന്നിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് കാരണമായി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ടണ്ണിന് ശരാശരി 365 ഡോളര്‍ എന്നതില്‍ നിന്ന് സെപ്റ്റംബര്‍മാസത്തോടെ കയറ്റുമതി ചെയ്യുന്ന അരിയുടെ വില 400 ഡോളര്‍ ആയി ഉയരുമെന്നാണ് വിലയിരുത്തല്‍.

യുക്രെയന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഗോതമ്പിന്റെ കാര്യത്തില്‍ നീങ്ങിയത് പോലൊരു നിലപാട് ഇന്ത്യ സ്വീകരിച്ചേക്കുമെന്ന ആശങ്കയും ഉണ്ട്. അങ്ങനെയാണെങ്കില്‍ അത് ആഗോള തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഗോതമ്പ് കയറ്റുമതി ഇന്ത്യ നിരോധിച്ചപ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീരുമാനം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു.

ഇന്ത്യ അരി കയറ്റുമതി നിരോധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബംഗ്ലാദേശ് കഴിഞ്ഞ ജൂണില്‍ ഇറക്കുമതിക്കുള്ള ചുങ്കം (ബസുമതി അരിക്കൊഴികെ) 62.5 ല്‍ നിന്ന് 25 ശതമാനം ആയി കുറച്ചിരുന്നു. ഇന്ത്യ നൂറിലേറെ രാജ്യങ്ങള്‍ക്ക് അരി നല്‍കുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, ചൈന എന്നിവയും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കള്‍. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ഇന്ത്യ അരി കയറ്റി അയക്കുന്നുണ്ട്. നെല്ലിന്റെ ഉൽപ്പാദനത്തിലും ഉപഭോഗത്തിലും മുന്നില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്.

കേരളത്തിലെ സ്ഥിതി

കാര്‍ഷിക വകുപ്പിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ കൃഷിയിടങ്ങളുടെ വിസ്തീര്‍ണം 2.63 ലക്ഷം ഏക്കറാണ് (1.06 ലക്ഷം ഹെക്ടര്‍) കുറഞ്ഞത്. 2005-06ല്‍ 21.32 ലക്ഷം ഹെക്ടറില്‍ ചെയ്തിരുന്ന കൃഷി ഇപ്പോള്‍ വെറും 20.26 ലക്ഷത്തിലേക്ക് ചുരുങ്ങി. ഇക്കാലയളവില്‍ നെല്‍ ഉല്‍പാദനം 62987 നിന്ന് 587078 ടണ്‍ ആയാണ് ഉല്‍പ്പാദനം കുറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യതക്കുറവാണ് പ്രശ്‌നമെങ്കില്‍ കേരളത്തിലെ കൃഷിയെ ബാധിക്കുന്നത് കാലവസ്ഥാമാറ്റമാണ്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it