കേന്ദ്രത്തിന് വീണ്ടും ലോട്ടറി! റിസര്‍വ് ബാങ്ക് ₹87,400 കോടി നല്‍കും

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ ആശ്വാസവുമായി റിസര്‍വ് ബാങ്കില്‍ നിന്ന് 87,416 കോടി രൂപയുടെ ലാഭവിഹിതം (Dividend). പൊതുമേഖലാ ഓഹരി വില്‍പ്പന ലക്ഷ്യങ്ങള്‍ പാളുകയും ധനക്കമ്മി നിയന്ത്രിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് വന്‍ നേട്ടമാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടുന്ന തുക.

മൂന്നിരട്ടിയോളം വര്‍ദ്ധന
കഴിഞ്ഞ കണക്കെടുപ്പ് വര്‍ഷം (2022-23 Accounting Year of RBI) റിസര്‍വ് ബാങ്കിന് ലഭിച്ച അധിക വരുമാനമാണ് (Annual Surplus) കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്. 2021-22ല്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് 30,307 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. ഇതിന്റെ മൂന്നിരട്ടിയോളം തുകയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കൈമാറാന്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
അടിയന്തരാവശ്യങ്ങളുണ്ടായാല്‍ നേരിടാനായി ആറ് ശതമാനം തുക കരുതല്‍ ശേഖരമായി (Contingency Risk Buffer) നിലനിര്‍ത്തിയ ശേഷം ബാക്കിത്തുകയാണ് സര്‍ക്കാരിന് നല്‍കുന്നത്. 2021-22ല്‍ 99,112 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടി രൂപയും കേന്ദ്രത്തിന് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നു.
ശരിക്കും ലോട്ടറി!
റിസര്‍വ് ബാങ്കില്‍ നിന്നും മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ലാഭവിഹിതമായി ആകെ 48,000 കോടി രൂപയാണ് കേന്ദ്രം ബജറ്റില്‍ ഉന്നമിട്ടത്. എന്നാല്‍, ഇതിന്റെ ഇരട്ടിയോളം തുക റിസര്‍വ് ബാങ്കില്‍ നിന്ന് തന്നെ ലഭിക്കുമെന്നത് സര്‍ക്കാരിന് വലിയ നേട്ടമാകും. കഴിഞ്ഞവര്‍ഷം കരുതല്‍ വിദേശനാണ്യ ശേഖരത്തില്‍ നിന്ന് (Forex Reserve) വന്‍തോതില്‍ വിദേശ കറന്‍സികള്‍ റിസര്‍വ് ബാങ്ക് വിറ്റൊഴിഞ്ഞിരുന്നു. വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പാവിതരണവും വര്‍ദ്ധിച്ചു. വായ്പാ വിതരണത്തിന് ബാങ്കുകള്‍ക്ക് കൈമാറിയ പണത്തില്‍ നിന്ന് മികച്ച പലിശവരുമാനം റിസര്‍വ് ബാങ്കിന് ലഭിച്ചു. ഈ നടപടികളില്‍ നിന്ന് ലഭിച്ച വലിയ വരുമാനമാണ് അധികവരുമാനം നേടുന്നതിന് വഴിയൊരുക്കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it