അടുത്ത വലിയ അമേരിക്കന്‍ പരിവര്‍ത്തനം വിപണിയില്‍ നിന്നോ സാങ്കേതിക വിദ്യയില്‍ നിന്നോ ആകില്ല!

ആഗോള പ്രവചന മാതൃക- ഭാഗം 9 അമേരിക്കയിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍
അടുത്ത വലിയ അമേരിക്കന്‍ പരിവര്‍ത്തനം വിപണിയില്‍ നിന്നോ സാങ്കേതിക വിദ്യയില്‍ നിന്നോ ആകില്ല!
Published on

ആഗോളതലത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് സംരംഭകരെ സംബന്ധിച്ച് പ്രധാനമാണ്. ബിസിനസ് നിലനിര്‍ത്താനും വിജയം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അവര്‍ക്കാകണം. അതിന് സഹായകരമായ രീതിയില്‍ ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍ (Causes), പ്രവര്‍ത്തനങ്ങള്‍ (Actions), ഫലങ്ങള്‍ (Effestc) എന്നിങ്ങനെ.

Figure 1: Global Prediction Model

ട്രംപ് ഭരണകൂടം നടപ്പാക്കുന്ന യുഎസ് നയങ്ങളാണ് ഭൂരിഭാഗം മാറ്റങ്ങള്‍ക്കും പിന്നില്‍ എന്നതിനാല്‍ ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. മുന്‍ ലേഖനങ്ങളില്‍ വിവിധ 'കാരണ'ങ്ങളെ കുറിച്ച് വിശദമാക്കിയിരുന്നു. ഇനി പ്രവചനത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങളെയും ഫലങ്ങളെയും (Actions+Effestc) കുറിച്ചാണ് പറയുന്നത്. ചിത്രം ഒന്നില്‍ ആഗോള പ്രവചന മാതൃകയുടെ പ്രവര്‍ത്തനങ്ങള്‍+ഫലങ്ങള്‍ എന്നിടത്ത് കാണിച്ചിരിക്കുന്ന യുഎസ്എയിലെ കുടിയേറ്റം എന്നതില്‍ നിന്ന് തുടങ്ങാം.

സാമ്പത്തിക ശാസ്ത്രവും സ്വത്വവും

അമേരിക്കന്‍ ചരിത്രവുമായി ഏറെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് കുടിയേറ്റം. നവീകരണത്തിന് ഇന്ധനം പകരുന്നതിലും അധ്വാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിലും കുടിയേറ്റത്തിന് പങ്കുണ്ട്. എന്നിരുന്നാലും കോവിഡാനന്തരം ധ്രുവീകരിക്കപ്പെട്ട അമേരിക്കന്‍ സാഹചര്യത്തില്‍ കുടിയേറ്റം രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യത്യസ്തമായ രണ്ട് ചിന്താധാരകള്‍ക്ക് വഴിവെച്ചു.

മാഗയുടെ വീക്ഷണകോണില്‍ കുടിയേറ്റം കേവലമൊരു സാമ്പത്തിക പ്രശ്‌നമല്ല, മറിച്ച് ദേശീയ പരമാധികാരത്തെയും വേതന സംരക്ഷണത്തെയും സാംസ്‌കാരിക സന്തുലനത്തെയും ചോദ്യം ചെയ്യുന്ന ഒന്നാണ്. പതിറ്റാണ്ടുകളായി തുടരുന്ന അനിയന്ത്രിതവും മോശമായി കൈകാര്യം ചെയ്യപ്പെടുന്നതുമായ കുടിയേറ്റം തൊഴിലാളി വര്‍ഗത്തെ മുറിവേല്‍പ്പിച്ചതായും പ്രാദേശിക സമ്പ്രദായങ്ങളെ അടിച്ചമര്‍ത്തിയതായും ഒരു കാലത്ത് രാജ്യത്തെ ഒന്നിപ്പിച്ചിരുന്ന ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തിയതായും ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ നിയമവിരുദ്ധമായി കടന്നുവരികയും പിന്നീട് നിയമപരമായ പദവി നേടുകയും ചെയ്യുമ്പോള്‍ അതിന്റെ ഫലം സാമ്പത്തിക പരം മാത്രമല്ല, രാഷ്ട്രീയപരവുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. കുടിയേറ്റം ഓരോ തവണ നിയമവിധേയമാക്കപ്പെടുമ്പോഴും വോട്ടര്‍ അടിത്തറ വികസിപ്പിക്കുന്നു. ഇത് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളിലും വലിയ നഗരങ്ങളിലും അധികാര സന്തുലിതാവസ്ഥയെ എന്നെന്നേക്കുമായി മാറ്റിയേക്കാം. നിലവിലുള്ള പൗരന്മാരുടെ സമ്മതമില്ലാതെ തന്നെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ മാറ്റിമറിക്കുന്നു.

സാമ്പത്തിക യാഥാര്‍ത്ഥ്യം VS രാഷ്ട്രീയ ധാരണ

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് വ്യാപനത്തിന് ശേഷം കുടിയേറ്റം കുത്തനെ വര്‍ധിച്ചു. വിദേശത്ത് ജനിച്ചവരുടെ ജനസംഖ്യ രാജ്യത്ത് ഇപ്പോള്‍ 51 ദശലക്ഷം കവിഞ്ഞു. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ചിത്രം രണ്ട് കാണുക. തദ്ദേശീയ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്ന കൃഷി, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ നിര്‍ണായക ജോലികള്‍ കുടിയേറ്റക്കാരെ കൊണ്ട് നികത്തപ്പെടുന്നു. എന്നാല്‍ മാഗ ക്യാമ്പ് ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്.

കോര്‍പ്പറേറ്റുകള്‍ അവരുടെ ലാഭത്തിനായി 'ബ്ലൂ കോളര്‍' അമേരിക്കക്കാരുടെ ചെലവില്‍ വില കുറഞ്ഞ തൊഴിലാളികളെ ഇറക്കുമതി ചെയ്യുകയാണ്. ഈ ന്യായവാദം അനുസരിച്ച് തുറന്ന അതിര്‍ത്തി നയങ്ങളും ഉദാരമായ അഭയാര്‍ത്ഥി നിയമങ്ങളും വേതനം കൃത്രിമമായി അടിച്ചമര്‍ത്തുകയും വീടുകള്‍ക്കായുള്ള മത്സരം വര്‍ധിപ്പിക്കുകയും സ്‌കൂളുകള്‍, ആശുപത്രികള്‍, പൊലീസ് സേവനങ്ങള്‍ തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ക്ക് വില നല്‍കേണ്ടി വരികയും ചെയ്യുന്നു. പലപ്പോഴും കരുണയുള്ള നയം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത്, യഥാര്‍ത്ഥത്തില്‍ വരേണ്യവര്‍ഗത്തില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിലേക്ക് ഭാരം മാറ്റുന്ന പ്രക്രിയയാണ് എന്ന് അവര്‍ വാദിക്കുന്നു.

കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ജനസംഖ്യാപരമായ പ്രത്യാഘാതങ്ങളും കാണാനാവും. വ്യത്യസ്ത രാഷ്ട്രീയ ചായ്വുകളും സാമ്പത്തിക പ്രതീക്ഷകളുമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള പുതിയ താമസക്കാരുടെ വരവ് വോട്ടിംഗ് സ്വഭാവത്തെ ക്രമേണ മാറ്റുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി ലഭിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ക്ഷേമ പദ്ധതികളും അതിര്‍ത്തി നയങ്ങളില്‍ ഇളവുകളും വാഗ്ദാനം ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അവര്‍ അനുകൂലിക്കാന്‍ സാധ്യതയുണ്ട്. അതിര്‍ത്തികള്‍ തുറന്നിടുകയും ഉയര്‍ന്ന ചെലവ് വരുത്തുകയും ചെയ്യുന്ന ചാക്രിക സ്വഭാവമുള്ള രീതിക്ക് ഇത് തുടക്കം കുറിക്കുകയും ചെയ്യും.

Shock & Awe തന്ത്രം

മാഗയുമായി യോജിക്കുന്ന സമീപനം കുടിയേറ്റ നിയന്ത്രണത്തെ അതിര്‍ത്തി കൈകാര്യം ചെയ്യല്‍ എന്നതിലുപരി തന്ത്രപരമായ ഒരു പ്രതിരോധമായി കാണുന്നു. അതായത്, ബാഹ്യ സമ്മര്‍ദ്ദങ്ങളേക്കാള്‍ പരമാധികാരത്തിനും ആഭ്യന്തര ക്രമത്തിനും യുഎസ് മുന്‍ഗണന നല്‍കുമെന്ന സൂചന. വിമര്‍ശകര്‍ ഞെട്ടലും വിസ്മയവും നിറഞ്ഞ തന്ത്രങ്ങള്‍ എന്ന് വിളിക്കുന്ന ചില സമീപനങ്ങള്‍ നോക്കാം:

- അഭിമുഖങ്ങള്‍ കര്‍ശനമാക്കിയും പരിശോധനാ നിലവാരം ഉയര്‍ത്തിയും വെയ്റ്റിംഗ് പിരീഡ് നീട്ടിയും സന്ദര്‍ശക വിസകള്‍ നിരുത്സാഹപ്പെടുത്തുക.

- എച്ച്-1 ബി, എല്‍-1 പോലുള്ള തൊഴില്‍ വിസകള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ച് തൊഴിലാളികളെ ഇറക്കുമതി ചെയ്യല്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ ചെലവേറിയതാക്കി മാറ്റുക.

- താല്‍ക്കാലിക വിസയില്‍ എത്തുന്നവര്‍ സ്ഥിരതാമസമാക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥി വിസകളും ആശ്രിത വിസകളും പരിമിതപ്പെടുത്തുക.

- വിസ ഹോള്‍ഡേഴ്‌സിന്റെ നിയമസാധുത ഉറപ്പാക്കാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകളെയും സര്‍വകലാശാലകളെയും സംബന്ധിച്ച് പരിശോധനകളും ഓഡിറ്റും ശക്തമാക്കുക.

- അനധികൃത കുടിയേറ്റക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് റെയ്ഡുകള്‍ ഊര്‍ജിതമാക്കുക.

ഉപസംഹാരം: രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം

ചുരുക്കത്തില്‍ കുടിയേറ്റ ചര്‍ച്ച അമേരിക്ക ഏത് തരത്തിലുള്ള രാഷ്ട്രമായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ജനഹിത പരിശോധനയായി മാറിയിരിക്കുന്നു. മാഗ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് നീതിക്കും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. പൗരത്വത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയും ദേശീയ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്ന നയങ്ങളുടെ നിരാകരണം. പുരോഗമന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കുടിയേറ്റം അനുകമ്പയെയും ഉള്‍പ്പെടുത്തലിനെയും ആഗോള ഉത്തരവാദിത്തത്തെയും പ്രതിനിധീകരിക്കുന്നു.

എന്നാല്‍ ഈ രണ്ട് ആഖ്യാനങ്ങള്‍ക്കും കീഴില്‍ പ്രധാനമായൊരു സത്യമുണ്ട്. ജനസംഖ്യയാണ് വിധി നിര്‍ണയിക്കുന്നത്. ആരാണ് കടന്നുവരുന്നത്, ആരാണ് താമസിക്കുന്നത്, ആരാണ് വോട്ട് ചെയ്യുന്നത് എന്നത് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, അതിന്റെ രാഷ്ട്രീയ ഭാവിയും രൂപപ്പെടുത്തും.

ആഗോള പ്രവചന മാതൃക സൂചിപ്പിക്കുന്നതു പോലെ അടുത്ത വലിയ അമേരിക്കന്‍ പരിവര്‍ത്തനം വിപണിയില്‍ നിന്നോ സാങ്കേതിക വിദ്യയില്‍ നിന്നോ ആകില്ല, മറിച്ച് അതിന്റെ അതിര്‍ത്തികളില്‍ നിന്നാകും.

നിയന്ത്രണങ്ങള്‍ നീക്കി സ്വതന്ത്രമാകുക: ആഗോള പ്രവചന മാതൃക- ഭാഗം10

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com