ശ്രീലങ്കയില്‍ ചൈനീസ് ടെര്‍മിനലിനടുത്ത് പുതിയ പദ്ധതിയുമായി അദാനി; വായ്പയുമായി അമേരിക്ക

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് അദാനി ഗ്രൂപ്പിലെ അദാനി പോര്‍ട് ആന്‍ഡ് സെസ് സജ്ജമാക്കുന്ന ടെര്‍മിനലിന് വായ്പ നല്‍കാന്‍ അമേരിക്ക. 55.1 കോടി ഡോളറിന്റെ (ഏകദേശം 5,000 കോടി രൂപ) വായ്പയാണ് അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (DFC) ലഭ്യമാക്കുക.

അദാനി ഗ്രൂപ്പിന്റെ പദ്ധതികളില്‍ സ്വന്തം ധനകാര്യ ഏജന്‍സികള്‍ വഴി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യ ഫണ്ടിംഗാണ്. കൊളംബോ തുറമുഖത്ത് ചൈനീസ് കമ്പനിയായ ചൈന മെര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന്റെ ടെര്‍മിനലിന് സമീപമാണ് അദാനി ഗ്രൂപ്പ് കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ഒരുക്കുന്നത്.
മത്സരത്തിന് കടുപ്പമേറും
കടല്‍ മാര്‍ഗമുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തില്‍ സുപ്രധാന സ്ഥാനമാണ് കൊളംബോ തുറമുഖത്തിനുള്ളത്. ശ്രീലങ്കയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെയും ചൈനയിലെയും കമ്പനികള്‍ നിക്ഷേപ പദ്ധതികള്‍ ഒരുക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ടെര്‍മിനലും സജ്ജമാകുന്നതോടെ ദ്വീപ് രാജ്യത്ത് ഇന്ത്യ-ചൈന നിക്ഷേപപ്പോര് കടുക്കും.
അദാനിയുടെ കൊളംബോ ടെര്‍മിനല്‍
അദാനി ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍. ശ്രീലങ്കന്‍ വ്യവസായ സ്ഥാപനമായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സിന് 34 ശതമാനവും ശ്രീലങ്കന്‍ പോര്‍ട്‌സ് അതോറിറ്റിക്ക് (SLPA) 15 ശതമാനവും ഓഹരികളുണ്ട്.
കഴിഞ്ഞവര്‍ഷം നവംബറില്‍ ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചിരുന്നു. 2024ന്റെ മൂന്നാംപാദത്തില്‍ ആദ്യഘട്ടവും 2025 അവസാനത്തോടെ പൂര്‍ണമായും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ടെര്‍മിനല്‍ സജ്ജമാകുന്നതോടെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാരാകാന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് കഴിയുമെന്ന് അദാനി പോര്‍ട്‌സ് ഡയറക്ടറും സി.ഇ.ഒയുമായ കരണ്‍ അദാനി പറഞ്ഞു.
ശ്രീലങ്കയ്ക്കും കരുത്ത്
സ്വകാര്യ നിക്ഷേപത്തിലൂടെ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് അദാനിയുടെ കൊളംബോ ടെര്‍മിനലിലെ ഡി.എഫ്.സിയുടെ നിക്ഷേപമെന്ന് ഡി.എഫ്.സി സി.ഇ.ഒ സ്‌കോട്ട് നാഥാന്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ തിരിച്ചുകയറ്റത്തിന് ഡി.എഫ്.സിയുടെ നിക്ഷേപം ഊര്‍ജമാകുമെന്ന് ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സ് ചെയര്‍പേഴ്‌സണ്‍ ക്രിഷന്‍ ബാലേന്ദ്ര പറഞ്ഞു.
കൊളംബോ വെസ്റ്റ് കോസ്റ്റ് ടെര്‍മിനല്‍
അദാനി പോര്‍ട്‌സ്, കോണ്‍ കീല്‍സ് ഹോള്‍ഡിംസ്, ശ്രീലങ്കന്‍ പോര്‍ട്‌സ് അതോറിറ്റി എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് കീഴിലാണ് കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍.
ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അഥവാ ബി.ഒ.ടി (BOT) അടിസ്ഥാനത്തില്‍ 35 വര്‍ഷത്തേക്കാണ് ടെര്‍മിനലിന്റെ ഉടമസ്ഥാവകാശം കണ്‍സോര്‍ഷ്യത്തിന് ലഭിക്കുക. രണ്ട് വര്‍ഷം മുമ്പാണ് കണ്‍സോര്‍ഷ്യം സ്ഥാപിച്ചത്.
20 മീറ്റര്‍ വരെ ആഴം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ടെര്‍മിനലിനുണ്ടാകും. ലോകത്തെ ഏത് വമ്പന്‍ ചരക്കുകപ്പലിനും ഇവിടെ എത്താനാകും. 24,000 ടി.ഇ.യു കണ്ടെയ്‌നര്‍വരെ വഹിക്കുന്ന വമ്പന്‍ മദര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ ടെര്‍മിനലിന് കഴിയും.
Related Articles
Next Story
Videos
Share it