മുന്ദ്രയല്ല, അദാനിയുടെ തലവര നിശ്ചയിക്കുക വിഴിഞ്ഞം; ലാഭത്തില്‍ നങ്കൂരമിടാന്‍ അദാനി പോര്‍ട്‌സ് ഓഹരി

ഗുജറാത്തിലെ കച്ച് ജില്ലയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മുന്ദ്ര തുറമുഖത്തിന് പെരുമകള്‍ നിരവധിയുണ്ട്. ഇന്ത്യയിലെ ആദ്യ സ്വകാര്യ മേജര്‍ തുറമുഖം, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം. ഇന്ത്യയിലെ ആകെയുള്ള 13 മേജര്‍ തുറമുഖങ്ങളില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ഏക തുറമുഖം. ഇങ്ങനെ നീളുന്നു അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണിന് (ADANI PORTS/APSEZ) കീഴിലെ ഈ തുറമുഖത്തിന്റെ മികവുകള്‍.

Also Read : ശ്രീലങ്കയില്‍ ചൈനീസ് ടെര്‍മിനലിനടുത്ത് പുതിയ പദ്ധതിയുമായി അദാനി; വായ്പയുമായി അമേരിക്ക

പ്രധാന പ്ലസ് പോയിന്റ് ഇതൊന്നുമല്ല. പൊതുമേഖലയിലാണ് മറ്റ് 12 മേജര്‍ തുറമുഖങ്ങളും. എന്നാല്‍, ഇന്ത്യയുടെ മൊത്തം ഇറക്കുമതി-കയറ്റുമതി (Export-Import/EXIM) ചരക്കുനീക്കത്തിന്റെ 33 ശതമാനവും മുന്ദ്ര തുറമുഖം വഴിയാണെന്ന് അറിയുമ്പോഴാണ് ഈ തുറമുഖം അദാനി പോര്‍ട്‌സിന് എത്ര നിര്‍ണായകമാണെന്ന് മനസ്സിലാവുക.
250 മില്യണ്‍ മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുമായി ലോകത്തെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നാണ് മുന്ദ്ര. 2022-23ല്‍ 155 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് മുന്ദ്ര തുറമുഖത്തിലൂടെ കടന്നുപോയി. പ്രവര്‍ത്തനം ആരംഭിച്ച് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും ഇതിനകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്ദ്ര തുറമുഖം നല്‍കിയ നികുതി വരുമാനം 2.25 ലക്ഷം കോടിയോളം രൂപയാണ്.
ഇനി തലവര നിശ്ചയിക്കുക വിഴിഞ്ഞം തുറമുഖം
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ കരുത്തുകളിലൊന്നാണ് മുന്ദ്ര തുറമുഖം. പക്ഷേ, അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്ന് ഏറെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന ദൗര്‍ബല്യം മുന്ദ്രയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായ 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം' (VISL/വിസില്‍) എന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തി അദാനി മനസ്സിലാക്കുന്നത്.
അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് തൊട്ടടുത്താണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) സജ്ജമാകുന്ന മേജര്‍ തുറമുഖമായ വിഴിഞ്ഞമെന്ന് പറയാം. ശക്തി അത് മാത്രമല്ല, 24 മീറ്ററാണ് വിഴിഞ്ഞത്തെ സ്വാഭാവിക ആഴം. അതായത്, ലോകത്തെ ഏത് വമ്പന്‍ കപ്പലിനും വിഴിഞ്ഞത് സുഗമമായി നങ്കൂരമിടാം. നിലവില്‍ കേരളത്തിലെ ഏക മേജര്‍ തുറമുഖമായ കൊച്ചിയിലെ ആഴം 14.5 മീറ്ററാണെന്ന് ഓര്‍ക്കണം. അതും നിത്യേന ഡ്രെജിംഗിലൂടെയാണ് ഉറപ്പാക്കുന്നത്. മുന്ദ്രയുടെ ആഴം 17 മീറ്ററാണ്. ഇന്ത്യന്‍ കയറ്റുമതി-ഇറക്കുമതി ഇടപാടുകാര്‍ വന്‍തോതില്‍ ആശ്രയിക്കുന്ന ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനും 17 മീറ്ററാണ് ആഴം.
വിഴിഞ്ഞം തുറമുഖത്ത് 800 മീറ്റര്‍ ബെര്‍ത്താണ് സജ്ജമാകുന്നത്. കൊച്ചിയിലെ ബെര്‍ത്ത് 600 മീറ്ററാണ്. നിലവില്‍ ലോകത്തെ മദര്‍ വെസ്സലുകളില്‍ (വലിയ കപ്പലുകള്‍) പാതിയിലേറെയും 10,000 ടി.ഇ.യുവിലധികം (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്/TEU) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നവയാണ്. 24,000 ടി.ഇ.യു വരെ ശേഷിയുള്ള വെസ്സലുകള്‍ വിഴിഞ്ഞത്ത് അടുപ്പിക്കാനാകും.
നിലവില്‍ വമ്പന്‍ കപ്പലുകളില്‍ ഒട്ടുമിക്കവയും തന്നെ ഇന്ത്യയിലടുക്കാതെ കൊളംബോയിലേക്കും ദുബൈയിലെ ജെബല്‍ അലിയിലേക്കും മറ്റുമാണ് പോകുന്നത്. ഈ പോരായ്മ നികത്താനും വിഴിഞ്ഞത്തിന് സാധിക്കും.
അദാനി പോര്‍ട്‌സ് ഓഹരികളില്‍ ഉറ്റുനോട്ടം
അദാനി പോര്‍ട്‌സ്, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ സംയുക്ത പദ്ധതിയാണ് വിഴിഞ്ഞം മേജര്‍ തുറമുഖം. നിര്‍മ്മാണം, നടത്തിപ്പ് ചുമതല എന്നിവ അദാനി ഗ്രൂപ്പിനാണ്.
പൂര്‍ണ സജ്ജമാകുന്നതോടെ ഇന്ത്യയുടെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
മുന്ദ്രയേക്കാള്‍ നിര്‍ണായകമായി ഇന്ത്യയുടെ ചരക്കുനീക്കത്തില്‍ വിഴിഞ്ഞം ഇടംപിടിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നിക്ഷേപക ലോകം അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (ADANI PORTS/APSEZ) ഓഹരികളിലും ഉറ്റുനോക്കുകയാണ്. വിഴിഞ്ഞത്തിന്റെ ബലത്തില്‍ അദാനി പോര്‍ട്‌സ് കൈവരിക്കുന്ന നേട്ടം അദാനി ഗ്രൂപ്പ് ഓഹരികളെയും ഉയരത്തിലെത്തിക്കുമോ?
മുംബൈ ആസ്ഥാനമായ വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ നുവമ (Nuvama) പറയുന്നത് വിഴിഞ്ഞം അദാനി പോര്‍ട്‌സ് ഓഹരികളെ തുണയ്ക്കുമെന്നാണ്.
നിലവില്‍ 1.71 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി (Market-Cap) ഓഹരി ഒന്നിന് 776 രൂപയിലാണ് അദാനി പോര്‍ട്‌സ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വില സമീപഭാവിയിൽ തന്നെ 950 രൂപ ഭേദിച്ചേക്കാമെന്നും നുവമ പറയുന്നു.

(This is not a recommendation or advice to invest in shares. Equity investing is subject to market risk. Always do your own research or consult a financial expert before investing)

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it