കാനഡക്കാര്‍ക്ക് വീസ നല്‍കില്ലെന്ന് ഇന്ത്യ, കാനഡ തിരിച്ചടിക്കുമോ? വീസ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വിനയാകുമോ?

ഇന്ത്യ-കാനഡ പ്രശ്‌നം വിദേശ വിദ്യാഭ്യാസ മേഖലയിലും വലിയ ആശങ്കയ്ക്ക് വഴി വച്ചിരിക്കുകയാണ്. ഏറ്റവും പുതുതായി കാനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ വീസ നല്‍കുന്നത് നിര്‍ത്തിവക്കുകയാണെന്ന അറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിഎല്‍എസിന്റെ (BLS International Services Limited)വെബ് സൈറ്റിലാണ് അറിയിപ്പുണ്ടായിട്ടുള്ളത്. ചില വിഷയങ്ങള്‍ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യന്‍ വീസ സര്‍വീസ് തടഞ്ഞു വയ്ക്കാനുള്ള നീക്കമാണ് ഉണ്ടായിട്ടുള്ളത്.

മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇതില്‍ 78,000 പേരാണ് മലയാളികള്‍. കേരളത്തില്‍ നിന്നും വിദേശ പഠനത്തിനായി കാനഡയിലേക്ക് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവര്‍ തന്നെ ആയിരക്കണക്കിനാണ്. ഓരോ ഇന്‍ടേക്കിലും കേരളത്തില്‍ നിന്നു മാത്രം കാനഡയിലേക്ക് പോകുന്നത് 10,000-15,000 പേരാണ്. കഴിഞ്ഞ ഇന്‍ടേക്കില്‍ ആകെ കാനഡയിലേക്ക് പറന്ന മലയാളികളില്‍ 7,000 പേരോളം സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് വഴിയാണ് പോയിട്ടുള്ളത്. നിലവിലുള്ള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കകളുണ്ടെങ്കിലും കാനഡയുടെ ഭാഗത്ത് നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായുള്ള നിലപാട് വരാന്‍ സാധ്യത കുറവാണെന്ന് സാന്റാ മോണിക്ക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡെന്നി തോമസ് പറയുന്നു.

''ഒരോ ഇന്‍ടേക്കിലും ഇവിടെ നിന്നും പോകുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. യു.കെയോ അമേരിക്കയോ പോലെയല്ല, കാനഡയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ എണ്ണവും കാനഡയില്‍ വിദേശ പഠനത്തിന് അഡ്മിഷന്‍ ലഭിക്കുന്നവരുടെ എണ്ണവുമൊക്കെ വളരെ കൂടുതലുമാണ്. വിദേശ വിദ്യാഭ്യാസത്തിനായി കാനഡയിലെത്തുന്ന മൂന്നിലൊന്നു വിദ്യാര്‍ത്ഥികളും ഇന്ത്യക്കാരാണെന്നിരിക്കെ കാനഡ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നിലപാടിലേക്ക് നീങ്ങാന്‍ സാധ്യതയില്ല. ഇതൊരു രാഷ്ട്രീയ അസ്ഥിരതയായി കണ്ടാല്‍ മതി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ മാസവും രണ്ടായിരം ഡോളര്‍ സൗജന്യമായി നല്‍കി അവരെ രാജ്യത്ത് നിലനിര്‍ത്തിയ സര്‍ക്കാര്‍ ഇത്തരത്തിലൊരു വിഷയത്തില്‍ പ്രതികൂല തീരുമാനങ്ങള്‍ എടുക്കില്ല എന്നത് വ്യക്തമാണ്. മാത്രവുമല്ല ജി20, ജി7 രാജ്യങ്ങളൊന്നും തന്നെ ഇതുവരെ കാനഡയ്ക്ക് പിന്തുണ നല്‍കാത്ത സാഹചര്യത്തില്‍ ആശങ്കയ്ക്ക് വഴിയില്ല.'' ഡെന്നി തോമസ് വ്യക്തമാക്കി.

'കാനഡ 'നോ' പറഞ്ഞാല്‍ മേഖല തന്നെ ഇല്ലാതായേക്കാം'

''ഈ പ്രശ്‌നം മലയാളികള്‍ക്കൊരു പ്രശ്‌നമാവില്ല, കോവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുത്ത് കാനഡയിലേക്ക് പോയവരാണ് മലയാളികള്‍. യു.കെ, യു.എസ് എന്നിവിടങ്ങളിലേക്ക് ഇനി അവസരങ്ങള്‍ കുറവാണ് എന്നത് മാത്രമല്ല, കാനഡയിലെ അവസരങ്ങള്‍ വളരെ വലുതാണെന്ന തിരിച്ചറിവ് മലയാളികള്‍ക്കുണ്ടെന്നതിന് വ്യക്തമാണ് കാനഡയിലേക്കുള്ള സ്റ്റുഡന്റ് വീസയുടെ വര്‍ധനയും സൂചിപ്പിക്കുന്നത്. കനേഡിയന്‍ വീസ എതിര്‍ത്ത് ഇന്ത്യ രംഗത്തു വന്നെങ്കിലും കാനഡ അത്തരമൊരു നിലപാട് എടുക്കില്ല. എടുത്താല്‍ അത് ഈ വ്യവസായ മേഖലയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന വലിയ പ്രശ്‌നമാകും. കേരളത്തില്‍ കാനഡ സ്റ്റുഡന്റ് വീസ നല്‍കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് ഈ മേഖലയിലേറെയും. മാത്രമല്ല, ഫ്‌ളൈറ്റ് ടിക്കറ്റ്, ഫോറെക്‌സ്, ലാംഗ്വേജ് ട്രെയ്‌നിംഗ്, സ്റ്റുഡന്റ്‌സ് പര്‍ച്ചേസ് എന്നിവയെ എല്ലാം അത് സാരമായി ബാധിക്കുമെന്നതിനാല്‍ അനുബന്ധ മേഖലകള്‍ക്കും തിരിച്ചടിയാകും.'' വ്യക്തമാക്കുകയാണ് കോട്ടയം ആസ്ഥാനമായുള്ള യെസ് എബ്രോഡിന്റെ സാരഥി സോണി കുര്യന്‍. മേഖലയില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ നീങ്ങും. ഇന്ത്യ-കാനഡ വിഷയം രാഷ്ട്രീയ വിഷയമായി മാത്രമെടുക്കാനുള്ള സാധ്യതയേ കാനഡ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.

അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് യു.എസിലും കാനഡയിലുമാണ്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിദേശി തൊഴിലാളികളുടെ വരുമാനം രാജ്യത്തിനു പുറത്തേക്കു പോകുന്നത് തടയാന്‍ കര്‍ക്കശ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് കാനഡ. അതേസമയം പ്രവാസി ദമ്പതിമാര്‍ക്ക് കാനഡയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളുണ്ടെന്നത് കുടിയേറി പാര്‍ക്കുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്.

പഠനത്തോടൊപ്പം ജോലിയും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് യു.എസില്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പു വേണം. ജോ ബൈഡന്‍ ഭരണകൂടം നിലവിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാത്തപക്ഷം യു.എസിനു ബദലായി ഇന്ത്യക്കാര്‍ കാനഡയെ സ്വീകരിക്കുന്നത് തുടരുമെന്ന് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്സിക്യൂട്ടീവ് ഡയരക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്സന്‍ പറയുന്നു. ഇന്ത്യ-കാനഡ നയതന്ത്ര യുദ്ധം അവസാനിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായൊരു സമീപനം കാനഡയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കില്ലെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. എന്നിരുന്നാലും ഇരു സര്‍ക്കാരുകളും തമ്മില്‍ സമവായമാകുന്നത് വരെ മേഖലയില്‍ ആശങ്ക നിഴലിച്ചേക്കും.

Also Read :

ഇന്ത്യ-കാനഡ നയതന്ത്ര പോര്: കനേഡിയന്‍ നിക്ഷേപമുള്ള ഓഹരികള്‍ ഇടിഞ്ഞു

ഇന്ത്യ-കാനഡ ബന്ധം വഷളാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it