ഇന്ത്യ-കാനഡ ബന്ധം വഷളാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. വ്യാപാരബന്ധത്തിലും വിള്ളല്‍ വീണു തുടങ്ങി. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പുവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ കനേഡിയന്‍ വ്യാപാരമന്ത്രി എത്തിയില്ല. പുതിയ തീയതി അറിയിച്ചിട്ടുമില്ല. അത് ഉപേക്ഷിച്ചതായാണ് കരുതുന്നത്. ഇപ്പോള്‍ പല രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ അസാധാരണമാണങ്കിലും ഇന്ത്യയും കാനഡയും തമ്മിലുള്ള താത്പര്യകൊണ്ടും വിശ്വാസം കൊണ്ടും ട്രേഡ് എഗ്രിമെന്റ് തുടര്‍ന്നുപോകുകയായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തില്‍ മങ്ങലേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രശ്നത്തിന്റെ തുടക്കം

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന കാനഡ പുറത്താക്കി. ഈ നടപടിക്ക് തിരിച്ചടിയായി ഇന്ത്യ ഉന്നത കനേഡിയന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുകയും അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടു. കനേഡിയന്‍ ഹൈകമ്മീഷണര്‍ കാമറൂണ്‍ മക്കെയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

എന്നാല്‍ നയന്ത്രജ്ഞരുടെ പുറത്താക്കല്‍ സാധാരണമായ നടപടിയാണെന്നും ഇതോടെ പ്രശ്‌നം അവസാനിക്കേണ്ടതാണെന്നുമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും വിദേശകാര്യ നയതന്ത്ര വിദഗ്ദനുമായ ടി.പി. ശ്രീനിവാസന്‍ പറയുന്നത്. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വ്യാപാരമന്ത്രിയുടെ വരവ് റദ്ദാക്കിയത്. ഖലിസ്ഥാനെ സഹായിക്കുന്ന രീതി കൈക്കൊണ്ടാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് മോദി തീര്‍ത്തു പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് ഒരു രാജ്യം കൊലപാതക ആരോപണം ഉന്നയിക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും കാനഡയിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ തിരിയാനുള്ള സാഹചര്യം വന്നാല്‍ സ്ഥിതി വീണ്ടും മോശമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശങ്കയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപോരാട്ടം കടുക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയില്‍ കുടിയേറിപാര്‍ത്തിട്ടുള്ള പഞ്ചാബ് മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരും പ്രതിസന്ധിയിലായിരിക്കുകയാണ്. കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്കും വിദേശ വിദ്യാര്‍ത്ഥികളാണ്. ഇതില്‍ തന്നെ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
കാനഡയില്‍ പഠിക്കാനും സ്ഥിരതാമസമാക്കാനും ഒരുങ്ങുന്നവരുടെ സ്വപ്നത്തിന് മേല്‍ കാര്‍മേഘം സൃഷ്ടിക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നം.
എന്നാല്‍ വിദേശ പഠനത്തെ ഇത് ബാധിക്കില്ലെന്നും ഇരു രാജ്യങ്ങളും ഇതില്‍ തടസം വരുത്താന്‍ ആഗ്രഹിക്കില്ലെന്നുമാണ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്. കാനഡയുടെ വാര്‍ഷിക ബജറ്റിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ടു തന്നെ പ്രശ്‌നം നീണ്ടുപോകാതെ നിര്‍ത്താന്‍ കാനഡ ശ്രമിച്ചേക്കും. എന്നാല്‍ ഹ്രസ്വകാലത്തേക്കെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ താമസസൗക്യരം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചു വരേണ്ട അവസ്ഥയിലാണെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സംഭവ വികാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൂടുതല്‍ മോശമാകാനിടയുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട് കൊടുക്കണ്ട എന്ന തീരുമാനത്തിലേക്ക് എത്താനുള്ള സാധ്യതകളുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. താമസസൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വരുത്തേണ്ട എന്നൊരു തീരുമാനവും കനേഡിയന്‍ സര്‍ക്കാര്‍ എടുത്തിരുന്നതായാണ് അറിയുന്നത്.
വ്യാപാരബന്ധങ്ങള്‍
ഇന്‍വെസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ 18-ാമത് വിദേശ നിക്ഷേപകരാണ് കാനഡ. 2000 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ 330.6 കോടി ഡോളറാണ് കാനഡ ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (Foreign Direct Investment) 0.5% വരുമിത്.
2022ല്‍ കാനഡയുടെ ഏറ്റവും വലിയ ഒമ്പതാമത് വ്യാപാര പങ്കാളിയാണ് ഇന്ത്യ. 600ഓളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. 1000ത്തോളം കമ്പനികളില്‍ ഇന്ത്യന്‍ വിപണിയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.
വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4,10.97 കോടി ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.6% വരുമിത്. മരുന്നുകള്‍, ജെം ആന്‍ഡ് ജുവലറി, ടെക്‌സ്റ്റൈല്‍സ്, മെഷിനറി എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ധാന്യങ്ങള്‍, ടിംബര്‍, പള്‍പ്പ്, പേപ്പര്‍, മൈനിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് കാനഡ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഇന്ത്യയിലേക്ക് കാനഡയില്‍ നിന്നുള്ള പണം കൈമാറ്റം 85.98 കോടി ഡോളറാണ്.

കനേഡിയന്‍ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് (CPPIB) ഇന്ത്യയിലെ ലിസ്റ്റഡും അല്ലാത്തതുമായ നിരവധി കമ്പനികളില്‍ നിക്ഷേപമുണ്ട്. അടുത്തിടെ എക്‌സ്‌ചേഞ്ചുകളില്‍ ഫയല്‍ ചെയ്തതനുസരിച്ച് ഒരു ലക്ഷം കോടിയോളം രൂപ വരുമിത്. കോട്ടക് മഹീന്ദ്ര ബാങ്ക്, ഡെല്‍ഹിവെറി, സൊമാറ്റോ, പേയ്ടിഎം, നൈക, വിപ്രോ, ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സി.പി.പി.ഐ.ബി നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍.

ഖാലിസ്ഥാന്‍ പ്രശ്‌നം

2023 ജൂണ്‍ 18നായിരുന്നു ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സംഗ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊലാപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നതായാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് പാര്‍ലമെന്റില്‍ പറഞ്ഞത്. ജി 20 ഉച്ചകോടിയിലെത്തിയ ട്രൂഡോ ഇത് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞതായാണ് അറിയുന്നത്.
ഖാലിസ്ഥാന്‍ പ്രശ്‌നങ്ങള്‍ കാലങ്ങളായുള്ളതാണെങ്കിലും കനേഡിയന്‍ സര്‍ക്കാര്‍ അവരെ നിയന്ത്രിച്ചു പോന്നിരുന്നു. എന്നാലിപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിന് നേരിയ പ്രാതിനിധ്യം മാത്രമാണുള്ളത്. ഭരണത്തില്‍ തുടരണമെങ്കില്‍ ഖാലിസ്ഥാന്റെ പിന്തുണ കൂടിയേ പറ്റൂ. അതാണ് അവര്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it