2019 ല്‍ ബിസിനസിനെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍

ഡിജിറ്റല്‍ തരംഗം ആഞ്ഞടിക്കുന്ന കാലഘട്ടത്തില്‍ ബിസിനസുകളുടെ ആയുസ് കാര്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അത്രയേറെ കീഴ്‌മേല്‍ മറിക്കലുകളാണ് ലോകത്ത് അരങ്ങേറുന്നത്. അനുദിനമാറ്റങ്ങള്‍ക്കിടെ മറ്റൊരു പുതുവര്‍ഷം കടന്നെത്തുകയാണ്. 2019ല്‍ ഇനി എന്താകും ബിസിനസുകളെ സ്വാധീനിക്കുക?

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലമരുന്ന വര്‍ഷമാണ് വരുന്നത്. രാഷ്ട്രീയവും സാമ്പത്തിക നയങ്ങളും ഇന്ത്യയില്‍ അങ്ങേയറ്റം പരസ്പര ബന്ധിതമാണ്. ഈ സാഹചര്യത്തില്‍, 2019ല്‍ ബിസിനസുകളെ സ്വാധീനിക്കുക പ്രധാനമായും അഞ്ച് ഘടകങ്ങളാകും.

1. പൊതുതെരഞ്ഞെടുപ്പ്

2019ലെ 'ബിഗ് ഇവന്റ്' പൊതു തെരഞ്ഞെടുപ്പ് തന്നെയാണ്. ബിസിനസുകളെ സംബന്ധിച്ചിടത്തോളം വരുന്ന പൊതുതെരഞ്ഞെടുപ്പ് നിര്‍ണായകവുമാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ രാഷ്ട്രീയ, ഭരണ സ്ഥിരത ഉണ്ടായിരുന്നുവെങ്കിലും സാമ്പത്തിക രംഗം അങ്ങേയറ്റം കലുഷിതമായിരുന്നു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുമായി സാമ്പത്തിക രംഗത്ത് ഇടപെടലിന് തുടക്കമിട്ട നരേന്ദ്ര മോദി പിന്നീട് കറന്‍സി പിന്‍വലിക്കലിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പ്രവചനാതീതമായ നീക്കങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടന്നേക്കും എന്ന വിശ്വാസം ശക്തിപ്പെടുത്തി. ഇതോടെ തകര്‍ന്നത് പൊതുസമൂഹത്തിന്റെയും ബിസിനസുകാരുടെയും ആത്മവിശ്വാസമാണ്.

എന്തായാലും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബിസിനസുകളെ

അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്.

പണമൊഴുക്ക്

ലോകത്തില്‍ തന്നെ, അമേരിക്കയ്ക്ക് പിന്നിലായി, ഏറ്റവും കൂടുതല്‍ പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒഴുക്കുന്ന രാജ്യമാണ് ഇന്ത്യ. അത്രയേറെ പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപണിയിലേക്ക് എത്തുമെന്നത് തന്നെയാണ് 2019ലെ പോസിറ്റീവായ ഒരു ഘടകം.

ജനപ്രിയ പദ്ധതികള്‍

നരേന്ദ്ര മോദിക്ക് മുന്നില്‍ ഇനി ശേഷിക്കുന്നത് വെറും മാസങ്ങള്‍ മാത്രമാണ്. കറന്‍സി പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി നടപ്പാക്കല്‍ എന്നിവയെല്ലാം ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരെയും കര്‍ഷകരെയും ചെറുകിട ഇടത്തരം ബിസിനസുകളെയുമാണ്. പൊതുസമൂഹത്തില്‍ ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പിനെ അഭിമുഖീകരി ക്കാനൊരുങ്ങുമ്പോള്‍ ബിജെപിയും നരേന്ദ്ര മോദിയും തിരിച്ചറിയും. രാജ്യത്ത് ഇതുവരെയുള്ള കീഴ് വഴക്കം പരിശോധിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളുടെ കുത്തൊഴുക്കാവും. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ കണക്കും സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും ഇനി വരാനിടയുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് വേദിയില്‍ ഉയര്‍ത്തിക്കാട്ടാനായി പദ്ധതി പ്രഖ്യാപനങ്ങള്‍ വരും മാസങ്ങളില്‍ ഉണ്ടായേക്കും.

മതിയായ രേഖകള്‍, ബാങ്ക് പോര്‍ട്ടലില്‍ നല്‍കിയാല്‍ 59 മിനിറ്റിനുള്ളില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയുടെ ദേശീയ ഉദ്ഘാടനം കഴിഞ്ഞ മാസം നിര്‍വഹിച്ചപ്പോള്‍, രാജ്യത്തിന്റെ വികസനത്തില്‍ എംഎസ്എംഇകള്‍ വഹിക്കുന്ന പങ്കും അവര്‍ക്ക് കേന്ദ്രം നല്‍കുന്ന പരിഗണനയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. വികസനോന്മുഖമായ കാഴ്ചപ്പാടാണ്. അതില്‍ തന്നെ ചെറുകിട ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് തെളിയിക്കാന്‍ വേണ്ടി പ്രത്യേക പദ്ധതികളും ഇളവുകളും വരാനിടയുണ്ട്.

തൂക്കുപാര്‍ലമെന്റ് അല്ലെങ്കില്‍ നേരിയ ഭൂരിപക്ഷം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള ഭരണകക്ഷിക്ക് എളുപ്പത്തില്‍ വിജയിച്ചുകയറാനുള്ള രാഷ്ട്രീയ കാലാവസ്ഥയില്ലെന്ന സൂചനയാണ് തെളിഞ്ഞുവരുന്നത്. തൂക്കുപാര്‍ലമെന്റോ നേരിയ ഭൂരിപക്ഷത്തില്‍ പുതിയ സര്‍ക്കാരോ വന്നേക്കാം.

ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വലിയ നിക്ഷേപ തീരുമാനങ്ങള്‍ കോര്‍പ്പറേറ്റുകളും ബിസിനസ് സമൂഹവും മാറ്റിവെയ്ക്കാനിടയുണ്ട്. പദ്ധതികളില്‍ വരുന്ന കാലതാമസം ബിസിനസ് രംഗത്ത് തളര്‍ച്ചയ്ക്ക് വഴിവെയ്ക്കും. ''പൊതുമേഖലയിലും പൊതു - സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലും നടക്കുന്ന പദ്ധതികള്‍ ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലേക്ക് മാറ്റി അതിന്റെ നിര്‍വഹണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ 2019ല്‍ ബിസിനസ് രംഗത്ത് തളര്‍ച്ച പ്രകടമായേക്കാം,'' സിഐഐ കേരള ഘടകം മുന്‍ ചെയര്‍മാന്‍ പി. ഗണേഷ് പറയുന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന് പുതിയൊരു സര്‍ക്കാര്‍ അധികാരം ഏല്‍ക്കും വരെ അസ്ഥിരത പ്രകടമാകുമെന്ന് തന്നെയാണ് നിരീക്ഷകരുടെ അഭിപ്രായം. ബിസിനസുകള്‍ പ്രതീക്ഷിക്കേണ്ടതും അതു തന്നെയാണ്.

2. സാമ്പത്തിക സാഹചര്യങ്ങള്‍

ഇന്ത്യയും കേരളവും ഇന്ന് ഒറ്റപ്പെട്ട തുരുത്തുകളല്ല. ആഗോള സാമ്പത്തിക രംഗത്തുള്ള ഏത് ചലനങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും ബിസിനസുകളെ സ്വാധീനിക്കുക തന്നെ ചെയ്യും. 2019ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല. ഇതര ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്റ് എന്നി രാജ്യങ്ങളും പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ആഫ്രിക്കയിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികളായ നൈജീരിയയിലും സൗത്ത് ആഫ്രിക്കയിലും തെരഞ്ഞെടുപ്പുണ്ട്. ഇതിനു പുറമേ ഗ്രീസ്, പോളണ്ട്, ഉക്രൈന്‍ എന്നിവിടങ്ങളിലും പുതിയ ഭരണാധികാരികള്‍ വരും. ഇതിനെല്ലാം പുറമേ 2019 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം, ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകും.

ആഗോള രാഷ്ട്രീയ രംഗത്തെ ഈ പൊളിറ്റിക്കല്‍ റിസ്‌കുകള്‍ ആഗോള സാമ്പത്തിക സാഹചര്യത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. ആഗോള വാണിജ്യ രംഗത്തെ മാറ്റങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കും.

ഇന്ത്യന്‍ സാഹചര്യം

എണ്ണ വില, രൂപയുടെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം, രാജ്യത്തിന്റെ ധനക്കമ്മി എന്നിവയെല്ലാം 2019ലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാ

ധീനം ചെലുത്തും.

ഇടക്കാല ബജറ്റ്

പൊതുതെരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇടക്കാല ബജറ്റാകും അവതരിപ്പിക്കുക. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി നിരത്താനും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ചിത്രം നല്‍കാനുമാകും ബജറ്റില്‍ ശ്രമിക്കുകയെന്ന് നിരീക്ഷകര്‍ സൂചന

നല്‍കുന്നുണ്ട്. മുന്‍ സര്‍ക്കാരുകള്‍ ഇടക്കാല ബജറ്റില്‍ നടത്തിയതുപോലുള്ള ചില നികുതി ഇളവുകളോ പ്രഖ്യാപനങ്ങളോ ഈ വര്‍ഷവും പ്രതീക്ഷിക്കാം. പരോക്ഷ നികുതി സംബന്ധിച്ച കാര്യങ്ങളാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി വന്നതോടെ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഏറെ സാധ്യതകള്‍ ജെയ്റ്റ്ലിക്ക് മുന്നിലില്ല.

കേരളീയ സാഹചര്യങ്ങള്‍

ആഗോള സാമ്പത്തിക രംഗത്തെ എന്തുമാറ്റവും കേരളത്തെയും ബാധിക്കും. ഇതില്‍ പ്രധാനം ഗള്‍ഫ് മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. കേരളത്തിലെ തനത് ബിസിനസ് സാഹചര്യങ്ങളില്‍ കാതലായ മാറ്റം 2019ല്‍ പ്രതീക്ഷിക്കുന്നവര്‍ വിരളമാണ്. 2020 ഓടെ പോസിറ്റീവായ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് പ്രതിസന്ധി, ലോക വാണിജ്യക്രമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, ആഗോളതലത്തിലെ തൊഴിലവസരങ്ങളിലും തൊഴിലുകളിലും വരുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും.

അതിസൂക്ഷ്മമായി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും കെട്ടിപ്പടുക്കേണ്ട സമയമാണിപ്പോള്‍. പക്ഷേ പല കാരണങ്ങളാല്‍ ഈ രംഗത്തേക്കുള്ള സര്‍ക്കാരിന്റെ ശ്രദ്ധ പാളുന്നതും ഇക്കാര്യത്തില്‍ പൊതു സമൂഹം പുലര്‍ത്തേണ്ട ജാഗ്രത കൈമോശം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കും. ബിസിനസുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എത്രമാത്രം ഭരണാധികാരികളും ബന്ധപ്പെട്ടവരും ശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു 2019ല്‍ കേരളത്തിലെ സാമ്പത്തിക രംഗത്തെ ഉണര്‍വ്. അതിന് ഇപ്പോള്‍ നടത്തുന്ന പോലുള്ള ശ്രമങ്ങള്‍ മാത്രം മതിയാകില്ല.

3. സാങ്കേതിക വിദ്യ ബിസിനസ് രീതിയെ മാറ്റിയെഴുതും

ഡിജിറ്റല്‍ തരംഗം ആഞ്ഞടിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ബിസിനസ് സംരംഭങ്ങളുടെ പകുതിയും അടച്ചു പൂട്ടേണ്ടി വരുമെന്ന് അഡോബി ഡിജിറ്റല്‍ സ്ട്രാറ്റജി മേധാവി റാം ശേഷാദ്രി അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 10 വര്‍ഷത്തിനുശേഷം നിലനില്‍ക്കുക നിലവിലുള്ള 30 ശതമാനം കമ്പനികള്‍ മാത്രമായിരിക്കും. പത്തില്‍ ഒന്‍പത് കമ്പനികളുടെയും ബിസിനസ് മെച്ചമായിരിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ബിസിനസുകള്‍ കൂടുതല്‍ കൂടുതല്‍ സാങ്കേതികവിദ്യയെ ആശ്രയിച്ചുവരുന്ന പ്രവണതയ്ക്ക് 2019ല്‍ ആക്കം കൂടും. ബിസിനസ് നടത്തിപ്പിലെ ആവര്‍ത്തന ചെലവുകളും ലേബര്‍ കോസ്റ്റും കാര്യമായ തോതില്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. വന്‍കിട കോര്‍പ്പറേറ്റുകളുമായി മത്സരിച്ച് വിപണിയില്‍ നിലനില്‍ക്കാന്‍ ചെറുകിട ഇടത്തരം സംരംഭങ്ങളും ടെക്‌നോളജി മുന്‍പെന്നത്തേക്കാളുപരി ഉപയോഗിച്ചു തുടങ്ങും. ''സമീപ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റും ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2019ലും ബിസിനസില്‍ പുത്തന്‍ പ്രവണതയായി തുടരും. മറ്റൊരു സുപ്രധാന പ്രവണതയായി വരിക സൈബര്‍ സെക്യൂരിറ്റിയാകും,'' വിന്‍ വയസ് ടെക്‌നോസൊല്യൂഷന്റെ സിഇഒ പി കെ ഷിഹാബുദ്ദീന്‍ പറയുന്നു.

ബിസിനസുകള്‍ വെറും ഉല്‍പ്പന്നത്തേക്കാള്‍ ഉപരി വ്യത്യസ്തമായ അനുഭവം കസ്റ്റമര്‍ക്ക് നല്‍കാന്‍ ഡിജിറ്റല്‍ വിദ്യകള്‍ ഏറെ ഉപയോഗിക്കുന്ന പ്രവണതയാകും 2019ലേത്. ഇതിന്റെ ഭാഗമായി ബിസിനസുകള്‍ ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാകും.

  • കസ്റ്റമര്‍ക്ക് അതിവേഗമുള്ള പ്രതികരണം അറിയിക്കാന്‍ ചാറ്റ്

    ബോട്ടുകള്‍ അടക്കമുള്ള സംവിധാനം വ്യാപകമാകും. ചാറ്റ് ബോക്‌സിലൂടെ കസ്റ്റമറുടെ സംശയം അതിവേഗം തീര്‍ക്കാന്‍ സംരംഭങ്ങള്‍ ശ്രമിക്കും.

  • തികച്ചും കസ്റ്റമൈസ്ഡായ സേവനത്തിന് മുന്‍തൂക്കം നല്‍കും. ഉപഭോക്താക്കളെ സംബന്ധിച്ച പരമാവധി ഡാറ്റ ശേഖരിച്ച് അവ കൃത്യമായി വിശകലനം ചെയ്ത് അവരുടെ ബിഹേവിയര്‍ മുന്‍കൂട്ടി പ്രവചിച്ച് അവര്‍ക്ക് താല്‍പ്പര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും ഡിസ്‌കൗണ്ടുകള്‍ നല്‍കുകയും അത് നോട്ടിഫിക്കേഷനുകള്‍ വഴി അവരെ അറിയിക്കുകയും ചെയ്യും. കസ്റ്റമറുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഡിജിറ്റല്‍ വിദ്യകള്‍ ഏറെ ഉപയോഗിക്കപ്പെടും. കാരണം ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെ പേര്‍ അങ്ങേയറ്റം വ്യക്തിഗതമായ അനുഭവം ആഗ്രഹിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ വിപണിയില്‍ ആകെയുള്ള ബ്രാന്‍ഡുകളില്‍ പകുതിയെണ്ണത്തിനു പോലും അതിന് സാധിക്കുന്നുമില്ല.
  • സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ മൊബീല്‍ ആപ്പുകള്‍ കൂടുതല്‍ വ്യാപകമാകും. ടാക്‌സി, ഫുഡ് ഡെലിവറി രംഗത്ത് ഇപ്പോള്‍ കാണുന്നതുപോലെ മറ്റ് മേഖലകളിലും ഇത് ട്രെന്‍ഡായി മാറും.
  • സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് മാറി, ഓരോ കമ്പനികളും സോഷ്യല്‍ മീഡിയ സര്‍വീസ് അങ്ങേയറ്റം ഫലപ്രദമായും ലാഭകരമായും ഉപയോഗിക്കുന്ന ശൈലിയിലേക്ക് മാറും.

4. പരിസ്ഥിതി എന്ന ഘടകം

കാലാവസ്ഥാ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ബിസിനസുകളെ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഇത് പ്രതിസന്ധിയുണ്ടാക്കുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളീയ സമൂഹത്തിലും ഇപ്പോള്‍ സജീവമാണ്. വരും വര്‍ഷങ്ങളില്‍ ബിസിനസുകളെ സ്വാധീനിക്കുന്ന ഘടകം തന്നെയായി ഇത് മാറും.

നിയമങ്ങളിലെ മാറ്റം

തീരദേശ പരിപാലന ചട്ടത്തില്‍ പ്രായോഗികമായ ചില മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനിടെ വനം - പരിസ്ഥിതി മന്ത്രാലയം കെട്ടിട നിര്‍മാണത്തിന് കര്‍ശന വ്യവസ്ഥകളും അവതരിപ്പിച്ചിട്ടുണ്ട് 20,000 ചതുരശ്ര മീറ്റര്‍ മുതല്‍ 50,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മാണ പദ്ധതികള്‍ക്കും 20,000 ചതുരശ്ര മീറ്റര്‍ മുതല്‍ 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയ്ക്കാണ് വ്യവസ്ഥകള്‍ ബാധകമാകുക. മാലിന്യ നിര്‍മാര്‍ജത്തിന് സംവിധാനം വേണം, കോമണ്‍ ഏരിയയില്‍ എല്‍ഇഡി ലൈറ്റുകള്‍ വേണം, വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനും സൂര്യപ്രകാശം കൂടുതല്‍ വിനിയോഗിക്കാനും പറ്റുന്ന രീതിയില്‍ വേണം കെട്ടിടത്തിന്റെ രൂപകല്‍പ്പന, പാരമ്പര്യോതര കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിശ്ചിത ശതമാനം വിനിയോഗിക്കണം, നിശ്ചിത അനുപാതത്തില്‍ മരം നടണം അങ്ങനെ വ്യവസ്ഥകള്‍ നിരവധിയുണ്ട്.

കേരളത്തിലും പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും വരും നാളുകളില്‍ കര്‍ശന വ്യവസ്ഥകളോടെ നിയന്ത്രിക്കപ്പെട്ടേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള ബിസിനസ് ശൈലിയാകണം സ്വീകരിക്കേണ്ടത്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും കേരളത്തിലെ ബിസിനസുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ പാരിസ്ഥിതിക മാറ്റങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടി വരും. ചുഴലിക്കാറ്റുകള്‍, അതിവര്‍ഷം, വരള്‍ച്ച, പ്രകൃതിക്ഷോഭം എന്നിവയെല്ലാം മുന്‍കാലങ്ങളേക്കാള്‍ ബിസിനസ് നടത്തിപ്പിലും മുന്നോട്ടുപോക്കിലും കൂടുതല്‍ സ്വാധീനം ചെലുത്തും. അവയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും വേണം. ഇത്തരം അപ്രതീക്ഷിത വെല്ലുവിളികളെ കരുതി മുന്നേറാന്‍ ബിസിനസുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

5. സാമൂഹ്യ സ്ഥിതിഗതികള്‍

സാമൂഹിക വിഭജനം മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ കേരളത്തിലും ഇന്ത്യയിലും കണ്ടുവരുന്നത് ബിസിനസുകള്‍ക്ക് വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യ നിരീക്ഷകയുമായ സാഗരിക ഘോഷ് ചൂണ്ടിക്കാട്ടുന്നതു പോലെ, സാമൂഹ്യ സ്വാതന്ത്ര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ബിസിനസുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ പൊന്തിവരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പോലും അതിവേഗം പടര്‍ന്നു പിടിച്ച് സമൂഹത്തില്‍ വലിയൊരു വിഭജനത്തിലേക്ക് വരെ ചെന്നെത്തുന്നയിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. പൊതുവില്‍ സമാധാനപരമായിരുന്ന കേരളീയ സമൂഹം പോലും കലുഷിതമാകുമ്പോള്‍ ബിസിനസ് നടത്തിപ്പിലും വെല്ലുവിളികള്‍ ഏറുകയാണ്.

''സ്ഥിരതയുള്ളയുള്ളതും സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ക്കുന്ന ശൈലിയുമുള്ള ഭരണകൂടമാണ് ഇന്ത്യയ്ക്കാവശ്യം. സ്ഥിരത അല്‍പ്പം കുറഞ്ഞാലും രാജ്യത്തിന്റെ ഐക്യത്തിന് പ്രാധാന്യം നല്‍കുന്ന വിധമുള്ള പ്രവര്‍ത്തനം ബിസിനസ് നടത്തിപ്പിന് അനിവാര്യമാണ്,'' സിഡിഎസിലെ പ്രൊഫസറും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ കെ എന്‍ ഹരിലാല്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story
Videos
Share it