വിജയിയായ സംരംഭകനാകണോ? ജീവിതശൈലിയില്‍ വരുത്തൂ ഈ 7 മാറ്റങ്ങള്‍

ബിസിനസ് തുടങ്ങി വിജയിപ്പിക്കുകയെന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് നമുക്കറിയാം. നിരവധി കാര്യങ്ങളില്‍ ത്യാഗങ്ങള്‍ നടത്തേണ്ടിവരും. ആദ്യനാളുകളിലെങ്കിലും നിങ്ങളുടെ സമയം പൂര്‍ണ്ണമായി അതിനായി വിനിയോഗിക്കേണ്ടിവരും. ഇതുവരെ പിന്തുടര്‍ന്നുപോന്ന ജീവിതശൈലി മാറ്റേണ്ടിവരുമെന്നര്‍ത്ഥം. സംരംഭകജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍:

1. ചില ത്യാഗങ്ങള്‍ വേണ്ടിവരും

കൂട്ടുകാരുമായി നിരവധി സമയം ചെലവഴിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? കുടുംബത്തിലെയും നാട്ടിലെയും ചടങ്ങുകളിലൊക്കെ സ്വന്തം സാന്നിധ്യം ഉണ്ടാകണമെന്നുള്ള നിര്‍ബന്ധമുണ്ടോ? സംരംഭം തുടങ്ങിനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതൊക്കെ കുറച്ചുകാലത്തേക്കെങ്കിലും നിങ്ങള്‍ക്ക് മറക്കേണ്ടിവരും. അല്ലെങ്കില്‍ അവയ്ക്കായി മാറ്റിവെക്കുന്ന സമയം പരിമിതപ്പെടുത്തണം. ഇത് സമയം ലാഭിക്കാന്‍ വേണ്ടി മാത്രമല്ല, ബിസിനസിലേക്കുള്ള നിങ്ങളുടെ ഫോക്കസ് നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ്. ഇതിനായി ജീവിതത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടിവരും.

2. അവസരങ്ങള്‍ക്കായി മനസ് തുറന്നുവെക്കുക

മുന്നിലുള്ള അവസരങ്ങള്‍ കാണാതെ പോയാല്‍ എങ്ങനെ വിജയിക്കാനാകും? പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലൂടെ, നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുന്നതിലൂടെ, ഈ രംഗത്തെ വിദഗ്ധരുമായി സംസാരിക്കുന്നതിലൂടെ, സെമിനാറുകളിലും മറ്റും പങ്കെടുക്കുന്നതിലൂടെയൊക്കെ പുതിയ അവസരങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഇവയ്‌ക്കൊന്നും പ്രത്യേക സമയം മാറ്റിവെക്കണം എന്നുതന്നെയില്ല. മനസുണ്ടെങ്കില്‍ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയിലൂടെ ഇതും നടന്നുകൊള്ളും.

3. ടൈം മാനേജ്‌മെന്റിന്റെ തന്ത്രങ്ങള്‍ അറിയുക

സംരംഭം തുടങ്ങാന്‍ നിങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ തടസം പണമല്ല. മറിച്ച് സമയമാണ്. കാരണം എത്ര പണം കൊടുത്താലും സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്നാണത്. ഉള്ള സമയത്തെ വളരെ ബുദ്ധിപൂര്‍വം മാനേജ് ചെയ്യുക മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. ഇതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ ഒരു ദിവസത്തെ മുഴുവന്‍ വിശദമായി അവലോകനം ചെയ്യുകയാണ്. ഓരോ മിനിറ്റും എപ്രകാരം ചെലവഴിച്ചുവെന്നറിയുക. നമ്മുടെ സമയം എങ്ങനെയാണ് നഷ്ടപ്പെടുന്നതെന്ന് അങ്ങനെ നമുക്ക് മനസിലാക്കാനാകും.

4. ജോലിയുടെ തീക്ഷ്ണത കൂട്ടുക

മറ്റുള്ളവര്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ചെയ്യുന്ന ജോലി എനിക്ക് ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെ ചെയ്യാനാകും എന്ന് ചിന്തിക്കുക. കാള്‍ ന്യൂപോര്‍ട്ട് എഴുതിയ ''ഡീപ്പ് വര്‍ക്: റൂള്‍സ് ഫോര്‍ ഫോക്കസ്ഡ് സക്‌സസ് ഇന്‍ എ ഡിസ്ട്രാക്റ്റഡ് വേള്‍ഡ്'' എന്ന പുസ്തകത്തില്‍ ഒരു ഫോര്‍മുല പോലും ഇതിനുണ്ട്. ചെയ്ത ജോലി= ചെലവഴിച്ച സമയം x തീക്ഷ്ണത. ഇന്റന്‍സിറ്റി ലെവല്‍ 2ല്‍ ഒരു ജോലി ചെയ്യാന്‍ 10 മണിക്കൂര്‍ എടുക്കുമെങ്കില്‍ ഇന്റന്‍സിറ്റി ലെവല്‍ 10ല്‍ അതേ ജോലി ചെയ്യാന്‍ രണ്ട് മണിക്കൂര്‍ മതി.

5. എക്കൗണ്ടബിലിറ്റി എന്ന മന്ത്രം

സംരംഭകന്‍ എന്ന നിലയില്‍ നിങ്ങളാണ് നിങ്ങളുടെ ബോസ്. അപ്പോള്‍ പലപ്പോഴും നഷ്ടപ്പെടാറുള്ള ഒരു ഘടകമാണ് എക്കൗണ്ടബിലിറ്റി. കാരണം നിങ്ങള്‍ക്ക് ആരോടും സമാധാനം പറയേണ്ടതില്ലല്ലോ. സ്വയം എക്കൗണ്ടബിള്‍ ആകുകയാണ് വേണ്ടത്. പക്ഷെ അത് പ്രായോഗികമാണമെന്നില്ല. അതിനാല്‍ ഒരു മെന്ററെ കണ്ടെത്തുക.

6. പണത്തിന് വേണ്ടി ജോലി ചെയ്യരുത്

നിങ്ങളുടെ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഒരിക്കലും എടുത്തുകൊണ്ടുപോയി വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കരുത്. പകരം അത് സ്ഥാപനത്തിലേക്ക് പുനര്‍നിക്ഷേപിക്കുക. എങ്കിലേ സ്ഥാപനത്തിന് വളര്‍ച്ചയുണ്ടാകൂ. ഇങ്ങനെ പണത്തിന് വേണ്ടി ജോലി ചെയ്യുക എന്ന മനോഭാവം ഉപേക്ഷിക്കാന്‍ മനസിനെ ശീലിപ്പിക്കുക. പകരം പണം നിങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യട്ടെ.

7. നിങ്ങളുടെ ബന്ധങ്ങള്‍ ഉയര്‍ത്തുക

പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറായ ജിം റോണ്‍ ഇങ്ങനെ പറയുന്നു. നിങ്ങള്‍ അഞ്ചു പേരുമായി സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അവരുടെയെല്ലാം ശരാശരിയാണ് നിങ്ങള്‍. അതുകൊണ്ട് നിങ്ങളുടെ ബന്ധങ്ങളുടെ നിലവാരം ഉയര്‍ത്തുക. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്ന, ബൗദ്ധികമായി ഉയര്‍ന്നതലത്തിലുള്ളവരുമായി സമയം ചെലവഴിക്കുക. നിങ്ങളുടെ നിലവാരവും ഉയരും. നിങ്ങള്‍ക്ക് ഏറെക്കാര്യങ്ങള്‍ പഠിക്കാനാകും, പുതിയ ആശയങ്ങള്‍ ലഭിക്കും, ഉയര്‍ന്ന ചിന്തകള്‍ ലഭിക്കും.

Related Articles
Next Story
Videos
Share it