

ഇന്റീരിയര്‍ ഫര്‍ണിഷിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ ടോപ് മാനേജ്മെന്റ് ടീമിന്റെ മീറ്റിംഗ് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നടന്നിരുന്നു. ഒരു സ്ഥാപനത്തിന്റെ കണ്‍സള്‍ട്ടിംഗ് ജോലികളുടെ ആദ്യ പടിയായുള്ള 'ഡിസ്‌കവറി ഫേയ്സി'ല്‍ സ്ഥാപനത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി ഞങ്ങള്‍ ഒറ്റയ്ക്ക് ആശയവിനിമയം നടത്താറുണ്ട്. അതിനു ശേഷം മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ജോയിന്റ് മീറ്റിംഗും നടത്തും. ഈ മീറ്റിംഗില്‍ ജീവനക്കാരില്‍ നിന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പ്രതികരണങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥാപനത്തിന്റെ ഉടമ''ഇനി എനിക്ക് ചിലത് പറയാനുണ്ട്'' എന്ന് പറഞ്ഞുകൊണ്ട് സംസാരിക്കാന്‍ ആരംഭിച്ചു. അതുവരെ ലഭിച്ച ഓരോ നിര്‍ദേശങ്ങളെയും, പ്രതികരണങ്ങളെയും തള്ളിക്കളയുകയും പലതും നടപ്പാക്കാത്തതില്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ഉത്തരവാദികള്‍ എന്ന നിലയില്‍ സംസാരിക്കുകയും ചെയ്തു. തന്റെ ഭാഗത്തുനിന്ന് ചെറിയ തെറ്റുപോലും ഇെല്ലന്ന് ഊന്നിപ്പറയുന്നതിനോടൊപ്പം, അങ്ങനെയുണ്ടെങ്കില്‍ ഇപ്പോള്‍ പറയണമെന്ന രീതിയില്‍ വെല്ലുവിളിക്കുകയും ചെയ്തു. അതുവരെ നന്നായി പോയിരുന്ന ആ മീറ്റിംഗിന്റെ ഗതി ഇതോടുകൂടി മാറി.
പലപ്പോഴും സ്ഥാപനത്തിന്റെ ഉടമയോ ഉടമകളോ ഒരു ഭാഗത്തും, ജീവനക്കാര്‍ മറുഭാഗത്തുമാണ് എന്ന പ്രതീതിയാണ് പുറത്തുനിന്നു നോക്കുന്ന ആര്‍ക്കും ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് മനസിലാകുക. ഓരോ റിവ്യൂ മീറ്റിംഗുകളും ഇത്തരത്തിലുള്ള ചെറിയ തര്‍ക്കങ്ങളായി മാറുന്നു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യത്തിന്റെ ചര്‍ച്ചയിലും സംസാരങ്ങളിലും എല്ലാം അത് നടപ്പാക്കേണ്ടുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയും കഴിവുകേടും ആണ് അതിനെ പിന്നോക്കം വലിക്കുന്നത് എന്ന രീതിയില്‍ സംസാരിക്കുന്നതും ചില സ്ഥാപനങ്ങളില്‍ പതിവാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് അതിനോടുള്ള ആത്മാര്‍ത്ഥതയും കുറയുന്നതായി കാണാം. തങ്ങളെ ഏല്‍പ്പിച്ച ജോലി എങ്ങനെയെങ്കിലും തീര്‍ത്ത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആയിരിക്കും കൂടുതല്‍ പേരും ശ്രമിക്കുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനം തന്റേത് കൂടിയാണെന്നും, അതിന്റെ വളര്‍ച്ചയിലുംതളര്‍ച്ചയിലും താന്‍ ഒപ്പം ഉണ്ടാകണമെന്ന സങ്കല്‍പ്പത്തോടെ ദൈനംദിനം സ്ഥാപനത്തിന്റെ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്ള ഏത് സ്ഥാപനവും പതിയെ ഉയരങ്ങളിലെത്തുമെന്ന് നിസംശയം പറയാം. തന്റെ ജീവനക്കാരും സ്ഥാപനത്തിന്റെ ആസ്തികളും എല്ലാം അടങ്ങുന്ന ഒരു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയാണ് താന്‍ എന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു നില്‍ക്കുന്ന ഒരു കൂട്ടായ്മയുടെ പ്രധാന കണ്ണിയാണ് എന്ന ഭാവത്തോടെ പ്രവര്‍ത്തിക്കാനാകുന്നതും ഒരു സംരംഭകനെ സംബന്ധിച്ച് മനോഹരമായ അനുഭവമായിരിക്കും.
ജോലി ചെയ്യുന്ന സ്ഥാപനം തന്റേതുകൂടെയാണെന്ന ഭാവം, അല്ലെങ്കില്‍ സങ്കല്‍പ്പം ഓരോ ജീവനക്കാരിലും വളര്‍ന്നുവരുമ്പോഴാണ് ആ സ്ഥാപനം മെച്ചപ്പെട്ട നിലയിലേക്ക് വളരുന്നത്. ഇതിനെ Sense Of Ownership എന്നാണ് പറയുന്നത്. ഈ ഭാവം ഓരോരുത്തരിലും വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ ചെയ്യണം എന്നത് വിവരിക്കാം.
സ്ഥാപനത്തിന്റെ പൊതുലക്ഷ്യത്തിനു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ടീമാണ് അതിന്റെ ഉടമയും മറ്റുള്ളവരും എന്ന ഭാവം ഓരോ ആശയവിനിമയത്തിലും ഉറപ്പാക്കണം. ജീവനക്കാരോടുള്ള സംഭാഷണങ്ങളില്‍ നിങ്ങളെ പോലെ ഞാനും ഈ പൊതുലക്ഷ്യത്തിന്റെ, അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ ഭാഗമാണ് എന്നത് ഓര്‍മിക്കണം.
തന്നേക്കാളും ആ സ്ഥാപനത്തിലുള്ള മറ്റാരേക്കാളും വലുതാണ് ആ സ്ഥാപനവും അതിന്റെ വിഷനും എന്നത് പ്രകടമായി മനസിലാക്കാന്‍ പാകത്തിലായിരിക്കണം പെരുമാറ്റവും ഇടപെടലും.
പൊതു നിയമങ്ങള്‍ പാലിക്കാന്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന്:സ്ഥാപനത്തിന് വേണ്ടി ചെലവഴിക്കുമ്പോള്‍ കൃത്യമായി ബില്ലുകള്‍ കൊടുക്കുക,തുടങ്ങിയവ.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ജീവനക്കാരെ കൂടി പങ്കെടുപ്പിക്കുക.
പ്രധാന തീരുമാനങ്ങളിലെല്ലാം ഉത്തരവാദിത്തപ്പെട്ട ജീവനക്കാരെ ഭാഗമാക്കണം. അഥവാ, അതിനു സാധിച്ചില്ലെങ്കില്‍ നടപ്പാക്കുന്നതിന് മുമ്പേ അവരെ അതിന്റെ ഗുണങ്ങളെയും ആവശ്യകതയെയും കുറിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.
സ്ഥാപനത്തിന്റെ ഓഹരികളില്‍ ജീവനക്കാര്‍ക്ക് പങ്കാളിത്തം നല്‍കുന്ന ESOP പോലെയുള്ള പദ്ധതികള്‍ അവരെ സ്ഥാപനത്തിലേക്ക് ഏറെ അടുപ്പിക്കും.
(The article was originally published in Dhanam Magazine's February 28th issue.)
Read DhanamOnline in English
Subscribe to Dhanam Magazine