ആമസോൺ പൂട്ടിപ്പോകും, പറയുന്നത് സ്ഥാപകൻ ജെഫ് ബെസോസ് !

ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണും ഒരു ദിവസം പൂട്ടിപ്പോകുമെന്ന് സ്ഥാപകനായ ജെഫ് ബെസോസ്. ജീവനക്കാരുമായുള്ള കൂടിക്കാഴ്‍ചയിലാണ് ആധുനിക ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ബെസോസ് ഇങ്ങനെ പറഞ്ഞത്.

ഇതും കേട്ട് അമ്പരന്നു നിന്ന ജീവനക്കാർക്ക് അദ്ദേഹം കാര്യങ്ങൾ കുറച്ചുകൂടി വിവരിച്ചു നൽകി. ബെസോസിന്റെ അഭിപ്രായത്തിൽ പൊളിയാൻ പറ്റാത്തത്ര വലിയ കമ്പനിയൊന്നുമല്ല (Not too big to fail) ആമസോൺ.

ആമസോൺ തുടങ്ങിയിട്ട് 24 വർഷമായി. "ഒരു ദിവസം ആമസോണും കടക്കെണിയിലാവും. വലിയ കമ്പനികളുടെ കാര്യമെടുത്താൽ, മുപ്പതോ അതിലൽപ്പം കൂടുതലോ ആണ് അവയുടെ ആയുസ്സ്. 100 വർഷത്തിന് മുകളിലല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

"ഉപഭോക്താക്കളെ ശ്രദ്ധിക്കുന്നതിനു പകരം, നമ്മെത്തന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്നാൽ, കമ്പനിയുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കുമത്. ആമസോൺ പൂട്ടിപ്പോകുന്ന ആ ദിവസം, അത് പറ്റുന്നത്ര വൈകിപ്പിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്," ബെസോസ് അഭിപ്രായപ്പെട്ടു.

ആമസോണിന്റെ വളർച്ച നിരീക്ഷിച്ചാൽ അടുത്തെങ്ങും വളർച്ച കുറയാനുള്ള സാധ്യതപോലുമില്ല. കമ്പനിയുടെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിയുടെ അടുത്തും. അപ്പോഴാണ്, ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ അതിന്റെ സിഇഒ ഇത്തരത്തിൽ ജീവനക്കാരോട് സംസാരിക്കുന്നത്.

എന്നാൽ കമ്പനി നല്ല രീതിയിൽ തുടരുമ്പോൾ തന്നെ അതിന്റെ ഒടുക്കം അല്ലെങ്കിൽ മരണം മുൻകൂട്ടി കാണാൻ സാധിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബിസിനസ് ഏറ്റവും മോശം അവസ്ഥയിലേക്ക് പോയാൽ എന്തു ചെയ്യണം. അതിന് ഒരു പ്ലാൻ വേണം. ജീവനക്കാർക്കും ഇതിൽ വ്യക്തത ഉണ്ടാക്കിക്കൊടുക്കണം.

Related Articles
Next Story
Videos
Share it