പരാജയങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കണം; വനിതാ സംരംഭകരോട് അഞ്ജലി മേനോന്‍
സംരംഭകത്വത്തില്‍ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ തന്നെ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ നേരിടാന്‍ സ്വയം ആര്‍ജിക്കേണ്ട കരുത്തിനെക്കുറിച്ചും കൊച്ചിയില്‍ നടന്ന വനിതാ സംരംഭകത്വ കോണ്‍ഫറന്‍സ് ആയ വിമന്‍ ഇന്‍ ബിസിനസ് (WIB) ചര്‍ച്ച ചെയ്തു. സംരംഭകരോട് സംവദിക്കാനെത്തിയ വിശിഷ്ട വ്യക്തികളില്‍ സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍റെ സാന്നിധ്യം വ്യത്യസ്തമായി.
ടൈ കേരള പ്രസിഡന്‍റ് എംഎസ്എ കുമാറും അഞ്ജലി മേനോനുമായി നടന്ന ഫയര്‍ സൈഡ് ചാറ്റ് സംരംഭകര്‍ക്ക് സിനിമാ ലോകത്തെ സംരംഭകത്വ വെല്ലുവിളികളെക്കുറിച്ചും ബിസിനസില്‍ അഭിമുഖീകരിക്കേണ്ടതായി വരുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാന്‍ സ്വയം തയ്യാറെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അഞ്ജലി മേനോന്‍ സംസാരിച്ചു.
ആദ്യ സിനിമാ സംരംഭമായ മഞ്ചാടിക്കുരു വാണിജ്യപരമായി പരാജയം നേരിട്ട സിനിമയായിരുന്നു. എന്നാല്‍ അതിനു ശേഷമാണ് മികച്ച കണ്ടന്‍റ് ആയിരുന്നിട്ടും ആ സിനിമ പരാജയ സംരംഭമാകാന്‍ കാരണമായതിന്‍റെ പിന്നിലെ വസ്തുതകളെക്കുറിച്ച് താന്‍ പഠിക്കുന്നതെന്നും അതാണ് പിന്നീട് പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സ് പോലുള്ള വിജയ ചിത്രങ്ങള്‍ ഒരുക്കാന്‍ സഹായകമായതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.
വനിതയായിരുന്നത് കൊണ്ട് മാത്രമല്ല, ഒരു സംരംഭകയാകാനുള്ള യഥാര്‍ത്ഥ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴാണ് വിജയം തേടിയെത്തിയത്. സിനിമ പോലെ വലിയ ക്രൂ ഒരേ സമയം ജോലി ചെയ്യുന്ന സംരംഭത്തെ നയിക്കുന്പോള്‍ ആര്‍ജിക്കേണ്ടതായ കരുത്തുണ്ട്. അത് പോലെ സംരംഭകത്വത്തെ ഉള്ളിലെ പാഷനും ഒപ്പം നമ്മുടെ പ്രോഡക്റ്റ് ചെന്നെത്തേണ്ട വിപണിയെക്കുറിച്ചുള്ള അറിവുമായി ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളിലാണ് വിജയമിരിക്കുന്നത്.
വെല്ലുവിളികളെ നേരിടാനും വെല്ലുവിളികളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനും സംരംഭകര്‍, പ്രത്യേകിച്ച് വനിതാ സംരംഭകര്‍ കരുത്താര്‍ജിക്കണമെന്ന് അഞ്ജലി മേനോന്‍ വ്യക്തമാക്കി.