'എന്റെ ബിസിനസ് ഇങ്ങനെ വളര്‍ന്നാല്‍ മതി'

ഏറ്റവും മികച്ച ആയുര്‍വേദ പരിചരണമാണ് കേരളത്തില്‍ ലഭിക്കുന്നത്. ഇതിനായി എത്തുന്ന രോഗികള്‍ക്ക് അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങള്‍ കൂടി നല്‍കുക എന്നതാണ് സഞ്ജീവനത്തിന്റെ ലക്ഷ്യം.

എല്ലാ രീതിയിലും അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഹോസ്പിറ്റല്‍. കേരളത്തില്‍ സാധാരണ ആയുര്‍വേദ ആശുപത്രികളില്‍ കാണാത്ത ഒരു സൗകര്യം സഞ്ജീവനത്തിലുണ്ട്. ഒരു ഓപ്പറേഷന്‍ തിയറ്റര്‍. വന്‍കിട ആശുപത്രികളിലൊന്നിലും ലഭിക്കാത്ത മറ്റൊരു സര്‍വീസും ഇവിടെ ലഭിക്കും ഇഷ്ടമുള്ളപ്പോള്‍ മിനി തിയറ്ററില്‍ പോയി സിനിമ കാണാം.

വ്യത്യസ്തതയാണ് ബിസിനസിലെ വിജയം തീരുമാനിക്കുന്നത് എന്ന് ആരും ഡോ. എ.വി അനൂപിനെ പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ 50 വര്‍ഷമായി ഈ മേഖലയിലുള്ള, മെഡിമിക്‌സ് എന്ന ബ്രാന്‍ഡിനെ വിപണിയില്‍ മുന്‍നിരയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച, എല്ലാ തിരക്കുകള്‍ക്കുമൊപ്പം സിനിമാ അഭിനയവും നിര്‍മാണവും ഈസിയായി കൊണ്ടുനടക്കുന്ന, സ്ലോ ആന്‍ഡ് സ്റ്റെഡി ആകണം വളര്‍ച്ച എന്ന് വിശ്വസിക്കുന്ന ഈ സംരംഭകന്റെ ഏറ്റവും പുതിയ പദ്ധതിയാണ് എറണാകുളത്ത് പള്ളിക്കരയിലുള്ള സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍.

ആയുര്‍വേദ ചികിത്സാ രംഗത്ത് പുതിയ ആശയമാകുന്ന സഞ്ജീവനത്തിനൊപ്പം മെഡിമിക്‌സും മേളവും കേത്രയും എവിഎ പ്രൊഡക്ഷന്‍സും ഉള്‍പ്പെടുന്ന എ.വി അനൂപ് ഗ്രൂപ്പിന്റെ ബിസിനസ് വിശേഷങ്ങള്‍.

ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സ നല്‍കുന്ന സ്ഥാപനങ്ങള്‍ പലതുണ്ട് കേരളത്തില്‍. പക്ഷെ, വിദേശത്ത് നിന്നും മറ്റും വരുന്ന രോഗികള്‍ക്ക് ചികിത്സയോടൊപ്പം തന്നെ ഇവിടത്തെ സൗകര്യങ്ങളും അവയുടെ നിലവാരവും പ്രധാനമാണ്. എല്ലാ രീതിയിലും അന്താരാഷ്ട്ര നിലവാരമുള്ള, ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റല്‍ ആണ് ഇവിടെയുള്ളത്.

കേരളത്തില്‍ ഇങ്ങനെയൊരു മോഡല്‍ ആദ്യമായാണ്. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം നടക്കുമ്പോള്‍ തികച്ചും പുതിയൊരു ആയുര്‍വേദ ചികിത്സാ സ്ഥാപനം എന്ന ആശയമാണ് ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സഞ്ജീവനത്തിലൂടെ ആയുര്‍വേദ എന്ന ബ്രാന്‍ഡ് അപ്‌േഗ്രഡ് ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ആയുര്‍വേദം എന്നാല്‍ ക്വാളിറ്റി കുറവുള്ള ഒരു ചികിത്സാരീതിയാണ് എന്നൊരു ചിന്താഗതി പല വിദേശികള്‍ക്കുമുണ്ട്. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല, പരാതിയുള്ളത് സൗകര്യങ്ങളെക്കുറിച്ചാണ്.

അതിനു പരിഹാരമാണ് സഞ്ജീവനം എന്ന ആശയം. ഇത് വിജയിച്ചാല്‍ എനിക്ക് മാത്രമല്ല, ആര്‍ക്കും ഇതൊരു നല്ല മോഡലായി ഉപയോഗപ്പെടുത്താവുന്നതാണ്. ആയുര്‍വേദത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ കേരളത്തിലേക്ക് വന്ന ഒരു അന്യ സംസ്ഥാന ബിസിനസ് ഗ്രൂപ്പല്ല ഞങ്ങള്‍.

ഈ രംഗത്ത് 400 വര്‍ഷത്തെ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. ഹാന്‍ഡ്‌മെയ്ഡ് ആയുര്‍വേദ സോപ്പായ മെഡിമിക്‌സിനു വര്‍ഷങ്ങളായി മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനമുണ്ട്, മെഡിമിക്‌സിന്റെ സൗത്ത് ഇന്ത്യന്‍ വിപണിയുടെ ചുമതല, എവിഎ ഗ്രൂപ്പിനാണ്.
തമിഴ്‌നാട്ടില്‍ മൂന്നു സഞ്ജീവനം ഹോസ്പിറ്റലുകളാണുള്ളത്.

ആയുര്‍വേദ ചികിത്സാ രംഗത്തെക്കുറിച്ചും ഇവിടെ ഏറ്റവും ആവശ്യമുള്ള സേവനങ്ങളെക്കുറിച്ചും കൃത്യമായി പഠിച്ചശേഷമാണ് ഈ സംരംഭം കേരളത്തില്‍ ആരംഭിക്കുന്നത്. അതും ആയുര്‍വേദ ഡോക്ടര്‍മാരുടെ ഏറ്റവും മികച്ച ഒരു ടീമിനെ ഉള്‍പ്പെടുത്തി.

എല്ലാത്തിനും ഏറ്റവും മികച്ച നിലവാരം ഉറപ്പുവരുത്താന്‍ ഞങ്ങളുടേതായ സംവിധാനങ്ങളുണ്ട്. ചികിത്സയ്ക്ക് പൂര്‍ണ്ണമായും പരമ്പരാഗത ആയുര്‍വേദ രീതികളാണ് ഇവിടെ. രോഗനിര്‍ണയത്തിന് ബ്ലഡ് ടെസ്റ്റും എക്‌സ്‌റേയും സ്‌കാനും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും അലോപ്പതി ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആയുര്‍വേദ മേഖലയില്‍ ഒരു വലിയ മാറ്റം, അതാണ് ഞങ്ങളുടെ ലക്ഷ്യം.

സഞ്ജീവനം ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. 20 ഇന്റര്‍നാഷണല്‍ ഏജന്‍സികള്‍ ഈ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്. ചികിത്സയ്ക്ക് എത്തുന്നതിനു മുന്‍പ് രോഗികള്‍ക്ക് ഡോക്ടറുമായി സംസാരിക്കാം, ചികിത്സയ്‌ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അതനുസരിച്ചുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും.

ചികിത്സ കഴിഞ്ഞുള്ള ബാക്കി സമയം അവര്‍ക്ക് ക്രിയേറ്റിവായി ചെലവഴിക്കാന്‍ കഴിയണം, ബിസിനസുകാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള സൗകര്യമുണ്ടിവിടെ. അതോടൊപ്പം മിനി തിയറ്ററും ഗെയിം റൂമും രണ്ട് റെസ്റ്റൊറന്റുകളും യോഗ റൂമും ഹെല്‍ത്ത് ക്ലബും എല്ലാം ഒരുക്കിയിട്ടുണ്ട്.

പുതിയ പദ്ധതികള്‍

മേളത്തിന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള വര്‍ക്കുണ്ട്. അംബികാ പിള്ളയുമായി ചേര്‍ന്നുള്ള ജോയിന്റ് വെന്‍ച്വറായ കേത്ര കഴിഞ്ഞ വര്‍ഷം തുടങ്ങി, കേത്രയുടെ നിര്‍മാണം പോണ്ടിച്ചേരിയിലാണ്, പിന്നെ മൂവാറ്റുപുഴയില്‍ ഒരു ഫാക്ടറിയിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇപ്പോള്‍ മൂവായിരം ഔട്ട്‌ലെറ്റുകളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്, അതോടൊപ്പം ഓണ്‍ലൈന്‍ വില്‍പ്പനയും. പിന്നെ സഞ്ജീവനത്തിന്റെ ഉത്തരവാദിത്തവും.

അതുകൊണ്ട് തല്‍ക്കാലം പുതിയ പദ്ധതികള്‍ ഒന്നും ചിന്തിക്കുന്നില്ല. അതുമാത്രമല്ല, എന്തെങ്കിലും പ്ലാന്‍ ചെയ്തിട്ട് ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നു എന്ന് പറയുന്നത് എന്റെ ശീലമല്ല. വളരെ നിശ്ശബ്ദമാണ് എന്റെ പ്രോജക്ടുകള്‍. വെന്‍ച്വര്‍ കാപ്പിറ്റല്‍, പബ്ലിക് ഇഷ്യു ഇതിലൊന്നും താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ വളരെ സാവധാനമുള്ള, എന്നാല്‍ സ്ഥിരമായ വളര്‍ച്ചയാണ് ഗ്രൂപ്പിന്റേത്.

എന്റെ സിനിമ

ഷാജി എന്‍ കരുണ്‍ സംവിധാന ചെയ്ത 'ഓള്' ഇന്ത്യന്‍ പനോരമയില്‍ ഓപ്പണിംഗ് ചിത്രമായിരുന്നു, ഇനി ഒട്ടേറെ വിദേശ ഫെസ്റ്റിവലുകളില്‍ പോകുന്നുണ്ട്. അടുത്ത ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുമുണ്ട്. 51 മണിക്കൂര്‍ കൊണ്ട് ഒരു സിനിമ എഴുതി ഷൂട്ട് ചെയ്ത് റിലീസ് ചെയ്ത ഞങ്ങള്‍ ഈയിടെ ഗിന്നസ് ബുക്കിലും കയറി. നാടകവും സിനിമയും ജീവിതത്തിന്റെ ഭാഗമാണ്. ചെന്നെയില്‍ ഒരു നാടക ട്രൂപ്പുമുണ്ട്. ഈയിടെ അവതരിപ്പിച്ച ഒരു നാടകത്തില്‍ എന്റെ രണ്ട് മക്കളും എന്റെയൊപ്പം അഭിനയിച്ചു. കുടുംബത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഒരു ഷോര്‍ട്ട് ഫിലിമാണ് അടുത്തത്.

സമൂഹത്തിനു വേണ്ടി

തൊടുപുഴയില്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍ തന്നെ. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന അക്കാദമിയില്‍ 22 കുട്ടികള്‍ക്കാണ് ട്രെയ്‌നിംഗ് നല്‍കുന്നത്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ തോമസ് മാസ്റ്ററുടെ കീഴില്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളായ ഇവര്‍ എല്ലാവരും ദേശീയതലത്തില്‍ വരെയെത്തും, രണ്ടോ മൂന്നു കുട്ടികള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെയും, എനിക്കുറപ്പാണ്. സ്‌പോര്‍ട്‌സിലൂടെ അവര്‍ക്ക് ഒരു മികച്ച ജീവിതമാണ് ഉറപ്പാക്കുന്നത്.

ഞാന്‍ വളരുന്നതോടൊപ്പം എന്റെ കൂടെയുള്ളവരും വളരണം എന്നാണ് ആഗ്രഹം. തമിഴ്‌നാട്ടില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ജോലി നല്‍കിയത് തെരുവില്‍ കഴിഞ്ഞ പലര്‍ക്കുമാണ്. ഇന്ന് അവരുടെ ജീവിതം തന്നെ മാറിപ്പോയി, അവരുടെ മക്കള്‍ വലിയ നിലയിലെത്തി. ഇതൊക്കെ തന്നെ എന്റെ നേട്ടങ്ങള്‍.

മെഡിമിക്‌സ്

മെഡിമിക്‌സ് ത്വക് രോഗങ്ങള്‍ക്കൊരു പരിഹാരമായി ഡോ. വി.പി സിദ്ധന്റെ അടുക്കളയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രൂപമെടുത്ത സോപ്പ്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നിറഞ്ഞ വിപണിയില്‍ ഹാന്‍ഡ് മെയ്ഡ് സോപ്പ് എന്ന പ്രത്യേകതയില്‍ ഒരു മാറ്റവും വരുത്താതെ പതിറ്റാണ്ടുകളായി മുന്‍നിരയിലുണ്ട്. 2019ല്‍ വിപണിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കും മെഡിമിക്‌സ്.

കേത്ര

കേത്ര അംബികാ പിള്ളയുമായി ചേര്‍ന്നുള്ള ജോയ്ന്റ് വെന്‍ച്വര്‍. ഓയ്ല്‍, ഷാമ്പൂ, ക്രീം തുടങ്ങിയ ഹെര്‍ബല്‍ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നു.

മേളം

മേളം വര്‍ഷങ്ങളായി വിപണിയിലുള്ള മേളം ബ്രാന്‍ഡ് എവിഎ ഗ്രൂപ്പ് ഏറ്റെടുത്തത് 2015 ല്‍. മസാലപ്പൊടികള്‍ക്കൊപ്പം വിവിധ തരം ബ്രേക്ഫാസ്റ്റ് മിക്‌സുകളും ലഭ്യമാണ്.

എവിഎ പ്രൊഡക്ഷന്‍സ്

2007 ല്‍ തുടങ്ങിയ സിനിമ നിര്‍മാണ കമ്പനി. ദേശീയ അവാര്‍ഡ് നേടിയ തമിഴ് ഷോട്ട്ഫിലിം അപ്പുവിന്‍ നായഗന്‍, യുഗപുരുഷന്‍, പാലേരി മാണിക്യം, ഒരു പാതിരകൊലപാതകത്തിന്റെ കഥ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഗപ്പി, ഗോദ എന്നിവയാണ് ഈ ബാനറില്‍ നിര്‍മിച്ച ചില ചിത്രങ്ങള്‍. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് ഏറ്റവും പുതിയ ചിത്രം.

അഭിനേതാവ്

അഭിനേതാവ് ഡോ. അനൂപ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന അപ്പുവിന്റെ സത്യാന്വേഷണം

Related Articles
Next Story
Videos
Share it