
ജീവിതത്തിലും ബിസിനസിലും വിജയം വരിക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമാണ്. അതില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളില്ല. പരിശ്രമവും അറിവു സമ്പാദിക്കലും ചിട്ടയായ ജീവിതവും സമയോചിതമായ മൂവുകളും ഉണ്ടാകണമെന്നു മാത്രം. വിജയിച്ച ഫോര്‍മുല എന്താണെന്നു മനസ്സിലാക്കാന്‍ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതിയാവും. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചും നമുക്ക് വിജയത്തിന്റെ ഫോര്‍മുല മനസിലാക്കാം. ചില പ്രത്യേക ചിന്താഗതികളും ശീലങ്ങളും വിജയത്തില്‍ നിന്നും പിന്തിരിപ്പിക്കും. അവയേതെന്നു തിരിച്ചറിഞ്ഞ് മാറ്റിവയ്ക്കാം.
ബിസിനസ് വിജയത്തില്‍ ഭാഗ്യത്തിന് പങ്കുണ്ടോ എന്നത് ഒരു തര്‍ക്കവിഷയമാണ്. ഇവിടെ സൂചിപ്പിക്കുന്നത് അതല്ല. പലപ്പോഴും ഷെയര്‍ ചെയ്യപ്പെടാറുള്ള ബിസിനസ് വിജയകഥകള്‍ ഭാവന ചേര്‍ത്ത് മാന്ത്രികകഥകളായിട്ടാണ് നാം വായിക്കാറുള്ളത്. ബിസിനസ് വിജയം എന്നത് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതില്‍ ഭാഗ്യത്തിന് ചെറിയ റോള്‍ ഉണ്ടാകാം. ആ ഭാഗ്യമല്ല മറിച്ച് ബിസിനസ്‌കാരന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിന് നിതാനം. യാദൃശ്ചികമായി സംഭവിക്കുന്നതല്ല ബിസിനസ് വിജയം. അത് ബിസിനസില്‍ വിജയം സ്വപ്‌നം കണ്ട് മുന്നോട്ട് സഞ്ചരിച്ച വ്യക്തികളുടെ കഠിന പരിശ്രമത്തിന്റെയും ഫലം തന്നെയായിരിക്കും. ഭാഗ്യമില്ലെന്നു പരാതി പറഞ്ഞ് അവസരങ്ങളെ പാഴാക്കി കളയാതിരിക്കുക. ഭാഗ്യത്തിനേക്കാള്‍ പതിന്മടങ്ങ് വലുത് നിങ്ങളുടെ ആത്മവിശ്വാസമാണെന്നത് മറക്കരുത്.
പരാജയപ്പെടുമെന്ന ഭീതിയാണ് മിക്കപ്പോഴും ബിസിനസുകാരുടെ വിജയത്തെ തടുത്തു വെക്കുന്നത്. മനസ്സില്‍ ഭീതിയുണ്ടാവുമ്പോള്‍ പ്രവൃത്തികള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാവും. വിജയത്തിലേക്കുള്ള യാത്ര തടസ്സപ്പെടും. മനസ്സില്‍, വിജയിച്ച ഒരാളായി… വിജയിക്കുന്ന ഒരാളായി… വിജയം സുനിശ്ചിതമായ ഒരാളായി… സ്വയം സങ്കല്‍പ്പിക്കുക. ആ നിലയില്‍ നിങ്ങള്‍ വിജയിച്ചു നില്‍ക്കുന്നത് മനസ്സില്‍ കാണുക. ബിസിനസ് വിജയിച്ച ഒരാളായി വിചാരിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ അകത്തും പുറത്തുമുള്ള സാഹചര്യങ്ങള്‍ അയാള്‍ക്കനുകൂലമായി മാറി വരും. അഥവാ മനസ്സിനകത്ത് ആത്മവിശ്വാസം ഉണ്ടാവുകയും അതോടൊപ്പം പുറമെയുള്ള സാഹചര്യങ്ങള്‍ ബിസിനസ് അനുകൂലമായി വരുന്നതും കാണാം.
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നതാണ് ബിസിനസിലെ അച്ചടക്കം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിര്‍വചനത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. രണ്ടാമത്തേത് മിക്കവരും ചെയ്യുന്നതാണ്. ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നത്. എന്നാല്‍ ഒന്നാമത്തേത് പലരും ശ്രദ്ധിക്കാറില്ല. ബിസിനസിന്റെ കാര്യത്തില്‍ ഇതിനു പ്രത്യേകിച്ചും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. താന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നത് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. ക്ലയന്റില്‍ നിന്നും പണം വാങ്ങുക, ബാങ്കില്‍ പോവുക, കത്തയക്കുക, ഓഫീസിലെ എല്ലാ ചെറിയ കാര്യങ്ങളിലും ഇടപെടുക തുടങ്ങി ബിസിനസ്‌കാരന്‍ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍, അയാള്‍ ചെയ്യേണ്ട കാര്യങ്ങളായ ബിസിനസ് വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍, പുതുമ നടപ്പിലാക്കല്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ മാറുകയും ക്രമേണ ബിസിനസ് തകര്‍ച്ചയിലേക്ക് പോവുകയും ചെയ്യും. ചെയ്യാനുള്ള കാര്യങ്ങള്‍ കുറിച്ച് വെക്കുകയും പ്രാധാന്യത്തിനും ധൃതിക്കും അനുസരിച്ച് ചെയ്തു തീര്‍ക്കുക എന്നത് ശീലമാക്കുക.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine