ഒടുവിൽ ബില്‍ ഗേറ്റ്‌സ് തുറന്നു പറഞ്ഞു; "എനിക്കു പറ്റിയ ഏറ്റവും വലിയ തെറ്റ്!"
ബിസിനസ് ജീവിതത്തിൽ തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഗുഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിനെ ആപ്പിളിന്റെ ഒരേയൊരു എതിരാളിയായി ഇത്രത്തോളം വളരാന്‍ അനുവദിച്ചതാണ് മൈക്രോസോഫ്റ്റിന് പറ്റിയ ഏറ്റവും വലിയ തെറ്റ്.
എതിരിടാന്‍ പറ്റിയ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന് സാധിക്കണമായിരുന്നു. മൈക്രോസോഫ്റ്റിന് അതില്‍ ഉറപ്പായും വിജയം നേടാന്‍ കഴിയുമായിരുന്നു, ഗേറ്റ്സ് പറഞ്ഞു.
മൈക്രോസോഫ്റ്റിനെ ഇന്നത്തെ നിലവാരത്തിലേക്ക് ഉയർത്തിയതിന് ഇപ്പോഴത്തെ സിഇഒ സത്യ നാദെല്ലയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റിന്റെ ആദ്യകാലഘട്ടങ്ങളില്‍ താന്‍ വാരാന്ത്യങ്ങളിലും ജോലി ചെയ്യുമായിരുന്നു എന്നും ഒരിക്കല്‍പ്പോലും അവധിക്കാലം ഉണ്ടായിരുന്നിട്ടില്ലെന്നും ബില്‍ ഗേറ്റ്‌സ് നവസംരംഭകരോട് പറഞ്ഞു. ഇതൊന്നും വലിയ ത്യാഗങ്ങളല്ലെന്നും ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്ന വേളയില്‍ ഇതെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് തന്റെ 20കളിലെ രീതികളെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിച്ചത്.
''ഞാന്‍ വീക്കെന്‍ഡുകളിലോ വെക്കേഷനുകളിലോ വിശ്വസിച്ചിരുന്നില്ല.'' ബില്‍ ഗേറ്റ്‌സ് പറയുന്നു. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ കമ്പനിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹം വിശ്രമിക്കുന്നത് 30കളിലാണ്. ഏതൊരു സ്ഥാപനത്തിന്റെയും ആദ്യഘട്ടങ്ങളില്‍ അത്രത്തോളം ത്യാഗങ്ങള്‍ സംരംഭകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ഗേറ്റ്‌സ് വിശ്വസിക്കുന്നു.
107 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനാണ് ഗേറ്റ്‌സ്. 1975ല്‍ മൈക്രോസോഫ്റ്റ് കെട്ടിപ്പടുത്ത ഈ സഹസ്ഥാപകന് ഇന്ന് ബിസിനസിന്റെ ഒരു ശതമാനത്തോളമാണ് ഉടമസ്ഥാവകാശം.