നിങ്ങളുടെ സംരംഭത്തില്‍ വേണം, പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണം

ഇന്നത്തെ കടുത്ത വിപണി സാഹചര്യങ്ങളില്‍ വിജയിക്കാന്‍ പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണത്തിന് വലിയ പങ്കുണ്ട്
നിങ്ങളുടെ സംരംഭത്തില്‍ വേണം, പ്രായോഗിക തന്ത്രങ്ങളുടെ ആസൂത്രണം
Published on

എല്ലായ്‌പ്പോഴും സംരംഭകര്‍ തങ്ങളുടെ ബിസിനസില്‍ പ്രായോഗിക തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുന്നതായി കാണുന്നു. ഒന്നുകില്‍ അവരുടെ ആസൂത്രണം വളരെ സൂക്ഷ്മമോ (micro) അല്ലെങ്കില്‍ ബൃഹത് (macro) ആയതോ ആകും.

പരിമിതമായ തോതില്‍ മാനേജ്‌മെന്റ് ജ്ഞാനമുള്ള സംരംഭകന്‍ മൈക്രോ തലത്തില്‍ ആസൂത്രണം ചെയ്യുന്നു. ഉദാഹരണത്തിന്, ഓണത്തിന് 200 മില്ലിലിറ്റര്‍ ഓറഞ്ച് ജ്യൂസ് വിപണിയിലിറക്കുന്നു, അടുത്ത പാദത്തില്‍ സെയ്ല്‍സ് വിഭാഗത്തിന്റെ ഉല്‍പ്പാദനക്ഷമത 5 ശതമാനം വര്‍ധിപ്പിക്കുന്നു, അടുത്ത വര്‍ഷം യുഎഇയില്‍ ശാഖ തുടങ്ങുന്നു എന്നിങ്ങനെ.

എന്നാല്‍ വിദ്യാഭ്യാസത്തിലൂടെയോ പരിശീലന പരിപാടികളിലൂടെയോ കണ്‍സള്‍ട്ടന്റുകള്‍ വഴിയോ മാനേജ്‌മെന്റ് തിയറി പഠിച്ച സംരംഭകന്‍ മാക്രോ തലത്തില്‍ ആസൂത്രണം ചെയ്യുന്നു. ഉദാഹരണത്തിന്, 2030 ഓടെ 1000 കോടി രൂപയുടെ വിറ്റുവരവ് നേടുന്നു, 2027 ഓടെ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തുന്നു, 2029 ല്‍ 100 റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിങ്ങനെ.

മൈക്രോ തലത്തില്‍ ആസൂത്രണം ചെയ്യുമ്പോള്‍ സംരംഭകന് വലുതായി ചിന്തിക്കാനോ അദ്ദേഹം നടപ്പിലാക്കിയ വ്യത്യസ്തങ്ങളായ ഉദ്യമങ്ങളെ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്താനോ സാധിക്കുന്നില്ല.

മാക്രോ തലത്തില്‍ ആസൂത്രണം ചെയ്യുമ്പോള്‍ സാധാരണയായി ആസൂത്രണ കാലയളവില്‍ വിപണി എങ്ങനെ മാറുമെന്നോ ഭാവിയില്‍ ഈ മാറ്റങ്ങളെ ബിസിനസ് എങ്ങനെ നേരിടുമെന്നോ വ്യക്തമായ ധാരണ ഉണ്ടാകുന്നില്ല. പകരം, ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ സംരംഭകര്‍ പ്രായോഗികതലത്തില്‍ തന്ത്രപരമായ ആസൂത്രണപ്രക്രിയ ഉപയോഗിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Figure 1: Practical Strategic Planning Process

ബിസിനസിലെ സവിശേഷമായ വിഭവങ്ങള്‍ തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഫിനാന്‍ഷ്യല്‍ (ഉദാ: കാഷ് റിസോഴ്‌സ്, സാമ്പത്തിക വിപണിയിലേക്കുള്ള പ്രവേശനം), ഫിസിക്കല്‍ (പ്ലാന്റ്, ഉപകരണങ്ങള്‍), നിയമപരം (ട്രേഡ്മാര്‍ക്കുകള്‍, ലൈസന്‍സ്), മനുഷ്യര്‍ (തൊഴിലാളികളുടെ അറിവും വൈദഗ്ധ്യവും), സംഘടനാപരം (മത്സരക്ഷമത, നയങ്ങള്‍, സംസ്‌കാരം), വിവരങ്ങള്‍ (ഉപഭോക്താവില്‍ നിന്നും മറ്റുമുള്ള അറിവ്), ബന്ധങ്ങള്‍ (ഉപഭോക്താവും വിതരണക്കാരുമായുള്ള ബന്ധങ്ങള്‍) തുടങ്ങിയ മൂര്‍ത്തവും അല്ലാത്തതുമായവ വിഭവങ്ങളില്‍ ഉള്‍പ്പെടുന്നു.

തന്റെ ബിസിനസിലെ സവിശേഷമായ വിഭങ്ങളെ ഒരിക്കല്‍ സംരംഭകന്‍ തിരിച്ചറിഞ്ഞാല്‍, ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ അനുയോജ്യമായ വിപണി ഏതെന്ന് കണ്ടെത്തണം.

Figure 2: Market Segments Jewellery Industry

ബിസിനസിനുള്ളില്‍ സവിശേഷമായ വിഭവങ്ങളുടെ വ്യത്യസ്ത കോമ്പിനേഷനുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കാന്‍ കഴിയുന്ന വിവിധ ബിസിനസ് മോഡലുകള്‍ തിരിച്ചറിയുക എന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് സംരംഭകന്‍ വിവിധ വിപണി വിഭാഗങ്ങള്‍ വിശകലനം ചെയ്യുകയും ബിസിനസ് ലക്ഷ്യമിടാനാകുന്ന ആകര്‍ഷകമായ സെഗ്മെന്റുകള്‍ തിരിച്ചറിയുകയും വേണം.

ലഭ്യമായ വ്യത്യസ്ത ബിസിനസ് മാതൃകകളും ആകര്‍ഷകമായ മാര്‍ക്കറ്റ് സെഗ്മെന്റുകളും പരിശോധിച്ച് ബിസിനസിന് മത്സരക്ഷമത കൂടിയ മാര്‍ക്കറ്റ് സെഗ്മെന്റും ഉചിതമായ ബിസിനസ് മാതൃകയും ഏതെന്ന് അന്തിമമായി നിശ്ചയിക്കണം.

അവസാനമായി സംരംഭകന്‍ ബിസിനസിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കുന്ന ബിസിനസ് മോഡലുകളിലെ പരിഷ്‌കരണങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയണം. ഈ പ്രായോഗികവും തന്ത്രപരവുമായ ആസൂത്രണ പ്രകിയ ഉപയോഗിക്കുന്നതിലൂടെ സംരംഭകര്‍ക്ക് ഇന്ന് അവര്‍ക്ക് മുന്നിലുള്ള കടുത്ത വിപണിയില്‍ വിജയിക്കാനുള്ള അവസരം വര്‍ധിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com