ബൈജൂസിനെ വെട്ടിലാക്കി എന്‍.സി.എല്‍.ടി; ദൈനംദിന ചെലവുകളും ശമ്പളം കൊടുക്കലും പ്രശ്‌നമാകും

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവകാശ ഓഹരി വില്‍പ്പന വഴി പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് തിരിച്ചടിയായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണിലിന്റെ (എന്‍.സി.എല്‍.ടി) ഉത്തരവ്.

അവകാശ ഓഹരി വില്‍പ്പന വഴി സമാഹരിച്ച പണം എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനാണ് എന്‍.സി.എല്‍.ടി നിര്‍ദേശിച്ചിരിക്കുന്നത്. നടത്തിപ്പില്‍ പോരായ്മകളുണ്ടെന്നും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ നീക്കണമെന്നും ആവശ്യപ്പെട്ട് നാല് നിക്ഷേപകര്‍ നല്‍കിയ പരാതി തീര്‍പ്പാകുന്നതു വരെ ഈ തുക എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും.
രണ്ട് കക്ഷികള്‍ തമ്മില്‍ പണം വിനിയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുമ്പോള്‍ താത്കാലിമായി ആ ഫണ്ട് മൂന്നാമതൊരു കക്ഷിയുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിനെയാണ് എസ്‌ക്രോ അക്കൗണ്ട് എന്നു പറയുന്നത്. സാധാരാണ ഗതിയില്‍ ഇരു കക്ഷികളും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നതു വരെ ഇതില്‍ സൂക്ഷിക്കുന്ന ഫണ്ട് വിനിയോഗിക്കാനാകില്ല.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലെ കെടുകാര്യസ്ഥതയും ദുരൂഹതയും ആരോപിച്ച് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീന്‍ എന്നീ നിക്ഷേപകരാണ് എന്‍.സി.എല്‍.ടിയില്‍ ഹര്‍ജി നല്‍കിയത്. അവകാശ ഓഹരി വഴി പണം സമാഹരിക്കാന്‍ ബൈജൂസ് 2,200 കോടി ഡോളറില്‍ (
ഏകദേശം 1.83 ലക്ഷം കോടി രൂപ
) നിന്ന് 200 കോടി ഡോളറായി (ഏകദേശം 2,000 കോടി രൂപ) മൂല്യം താഴ്ത്തിയെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

ബൈജൂസിനെതിരെ യു.എസ് നിക്ഷേപകരും ബി.സി.സി.ഐയും (Board of Control for Cricket in India /BCCI) സമര്‍പ്പിച്ചിരിക്കുന്ന വ്യത്യസ്ത പരാതിയില്‍ മൂന്ന് ദിവസത്തിനകം പ്രതികരിക്കണമെന്ന് എന്‍.സി.എല്‍.ടി ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ഈ മാസവും ശമ്പളം പ്രശ്‌നം

അവകാശ ഓഹരി വില്‍പ്പന വഴി സമാഹരിച്ച പണം അടുത്ത കുറച്ച് മാസങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനായിരുന്നു ബൈജൂസ് ഉദ്ദേശിച്ചിരുന്നത്. എന്‍.സി.എല്‍.ടിയുടെ പുതിയ നീക്കത്തോടെ വീണ്ടും ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്കും
15,000ഓളം
വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ഇനി വേറെ വഴി കണ്ടെത്തേണ്ടി വരും.
ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ബൈജൂസ്‌ എന്‍.സി.എല്‍.ടി.സിയെ സമീപിച്ചേക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
മികച്ച പ്രതികരണം
20 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ അവകാശ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 28വരെ നടന്ന വില്‍പ്പനയില്‍ 100 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നു. അടുത്ത 30 ദിവസത്തിനുള്ളില്‍ ബൈജൂസിന്റെ നേതൃത്വം അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടി മൂലധനം (ഓതറൈസ്ഡ് ക്യാപിറ്റല്‍) സ്വരൂപിക്കാനുള്ള 50 ശതമാനം വോട്ട് നേടാന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Related Articles
Next Story
Videos
Share it