നേടിയത് 2880 കോടി രൂപയുടെ ഫണ്ടിംഗ്, ബൈജൂസ് ഇനി അഞ്ചാമത്തെ വലിയ ഓൺലൈൻ കമ്പനി
വിദ്യാഭ്യാസ മൊബീൽ ആപ്ലിക്കേഷനായ ബൈജൂസ് ലേണിംഗ് ആപ്പ് ഇനി ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഓൺലൈൻ ഉപഭോക്‌തൃ സേവന കമ്പനി. നാസ്‌പേർസ് വെൻച്വേഴ്‌സ് നയിച്ച ഫണ്ടിംഗ് സമാഹരണ യജ്ഞത്തിൽ 40 കോടി ഡോളർ (ഏകദേശം 2880 കോടി രൂപ) നേടിയതോടെ കമ്പനിയുടെ വാല്യൂവേഷൻ കുതിച്ചുയർന്നതാണ് ഈ നേട്ടത്തിന് പിന്നിൽ.
രജിസ്ട്രാർ ഓഫ് കമ്പനീസിന് മുന്നിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഫണ്ടിംഗ് നേടിയതോടെ കമ്പനിയുടെ മൂല്യം 3.6 ബില്യൺ ഡോളറിലെത്തി. ഫ്ലിപ്കാർട്ട്(22 ബില്യൺ ഡോളർ), പേടിഎം (16 ബില്യൺ ഡോളർ), ഓയോ (5 ബില്യൺ ഡോളർ), ഒലാ (4 ബില്യൺ ഡോളർ) എന്നിവയാണ് ആദ്യ നാല് കമ്പനികൾ.
യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനായിരിക്കും കമ്പനി ഈ ഫണ്ട് ഉപയോഗിക്കുക. ഓഗസ്റ്റിൽ ടെൻസെന്റിൽ നിന്ന് 40 മില്യൺ ഡോളർ സമാഹരിച്ചതിന് പിന്നാലെ കമ്പനി യൂണികോൺ നിരയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.
നാസ്‌പേഴ്‌സിന് പുറമേ കനേഡിയൻ പെൻഷൻ ഫണ്ടായ സിപിപിഐബി (CPPIB) സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് എന്നിവയും ഫണ്ടിംഗ് സമാഹരണത്തിൽ പങ്കെടുത്തു.
കമ്പനിയുടെ മാസവരുമാനം ഈയിടെ 100 കോടി രൂപ കവിഞ്ഞിരുന്നു. 2015 ലാണ് കണ്ണൂരുകാരനായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്. 2018 ജൂൺ വരെയുള്ള കണക്കുപ്രകാരം 20 ദശലക്ഷം വിദ്യാർത്ഥികൾ ബൈജൂസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.