പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യം നല്‍കാനായില്ല; ഖേദം പ്രകടിപ്പിച്ച് ബൈജൂസ്‌

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 15നകം മുഴുവന്‍ ആനുകൂല്യങ്ങളും (Full and Final/FNS) നല്‍കാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതില്‍ ഖേദമുണ്ടെന്ന് പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളാണ് ആനുകൂല്യങ്ങളുടെ വിതരണം മുടങ്ങാന്‍ കാരണമായതെന്ന് വ്യക്തമാക്കിയ ബൈജൂസ്, നവംബര്‍ 17നകം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാമെന്ന് വിരമിച്ചവര്‍ക്ക് അയച്ച ഇ-മെയിലില്‍ അറിയിച്ചു.

ചെലവുകള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തന ലാഭത്തിലേക്ക് തിരിച്ചുകയറാനുള്ള നടപടികളുടെ ഭാഗമായാണ് ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 2,500 പേരെ പിരിച്ചുവിടാനാണ് ബൈജൂസ് തീരുമാനിച്ചത്.
കമ്പനികളെ വിറ്റഴിക്കും
പ്രതാപകാലത്ത് ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം കണ്ടെത്താനാണ് ഇപ്പോള്‍ ബൈജൂസിന്റെ ശ്രമം. എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിച്ച് 80 കോടി മുതല്‍ 100 കോടി ഡോളര്‍ വരെ (6,500-8,300 കോടി രൂപ) നേടാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയിലെ വായ്പാദാതാക്കള്‍ക്കടക്കം 120 കോടി ഡോളറിന്റെ (10,000 കോടിയോളം രൂപ) വായ്പ ബൈജൂസ് തിരിച്ചടയ്ക്കാനുണ്ട്. ആറ് മാസത്തെ സാവകാശം അനുവദിച്ചാല്‍ കടം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം വായ്പാതാദാക്കള്‍ക്ക് മുന്നിലും ബൈജൂസ് വച്ചിട്ടുണ്ട്.
ഇതില്‍ 30 കോടി ഡോളര്‍ (2,500 കോടി രൂപ) ആദ്യ മൂന്ന് മാസത്തിനകവും ബാക്കി തുടര്‍ന്നുള്ള മൂന്ന് മാസത്തിനകവും വീട്ടാമെന്നാണ് ബൈജൂസ് പറയുന്നത്. ബൈജൂസിന്റെ വാഗ്ദാനത്തോട് പക്ഷേ ഇതുവരെ വായ്പാദാതാക്കള്‍ പ്രതികരിച്ചിട്ടില്ല.
വളര്‍ച്ചയും വീഴ്ചയും
മലയാളിയായ ബൈജു രവീന്ദ്രന്‍ 2011ല്‍ ബംഗളൂരുവില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പഠന സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. തിങ്ക് ആന്‍ഡ് ലേണ്‍ എന്ന മാതൃകമ്പനിയുടെ കീഴിലാണ് പ്രവര്‍ത്തനം.
2012ല്‍ 'വിദ്യാര്‍ത്ഥ' എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കല്‍ മഹാമഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2017ല്‍ 100 കോടി ഡോളറിലേറെ (8,300 കോടി രൂപ) നിക്ഷേപക മൂല്യവുമായി യുണീകോണ്‍ പട്ടവും സ്വന്തമാക്കി.
പിന്നീട് 2022വരെയുള്ള കാലയളവില്‍ എഡ്‌ടെക് രംഗത്ത് എതിരാളികളായേക്കുമെന്ന് തോന്നിയവയെ ഉള്‍പ്പെടെ ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്‌സ്, ഓസ്‌മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലൈബിന്‍ ആപ്പ്, സ്‌കോളര്‍, ഹാഷ്‌ലേണ്‍, ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
കൊവിഡ്-ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന് പ്രിയമേറിയത് ബൈജൂസിന് വന്‍ നേട്ടമായിരുന്നു. അക്കാലത്ത് കമ്പനികളിലേക്ക് നിക്ഷേപം വന്‍തോതില്‍ ഒഴികിയത് ഏറ്റെടുക്കലുകള്‍ ഊര്‍ജിതമാക്കാന്‍ ബൈജൂസിനെ പ്രേരിപ്പിച്ചു.
എന്നാല്‍, പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ആകാശ് ഒഴികെയുള്ള വിഭാഗങ്ങളെല്ലാം പ്രവര്‍ത്തന നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ചയായിരുന്നു. 2021-22 മുതല്‍ ബൈജൂസ് പ്രവര്‍ത്തനഫലവും പുറത്തുവിട്ടിട്ടില്ല.
ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പരാതികളുയര്‍ന്നു. ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവച്ചൊഴിഞ്ഞതും തിരിച്ചടിയായി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it