Begin typing your search above and press return to search.
450 രൂപ ശമ്പളത്തില്‍ നിന്ന് 1000പേര്‍ക്ക് ജോലി നല്‍കുന്നതിലേക്ക് : ഷെഫ് പിള്ളയുടെ രുചിയൂറും ജീവിതയാത്ര
മാസം 450 രൂപ ശമ്പളം കിട്ടുന്ന കാലം. അവന് പക്ഷേ, ജോലി കഴിഞ്ഞ് എന്നും തിരിച്ചിറങ്ങുമ്പോള്‍ മുമ്പില്‍ കാണുന്ന, വുഡ്‌ലാന്‍ഡ് ഷോറൂമിലെ ചില്ലുകൂട്ടിലുള്ള 1500 രൂപയുടെ ഷൂ വാങ്ങണം. പൂതി മനസിറങ്ങാതെ എന്നും ഷോറൂമില്‍ പോയി ഷൂവും നോക്കി തിരിച്ചിറങ്ങുന്നത് കണ്ടാണ്, തവണകളായി അടച്ചാണെങ്കിലും വാങ്ങിക്കോളൂയെന്നു സെയ്ല്‍സ്മാന്‍ പറഞ്ഞത്. പിറ്റേമാസം ശമ്പളം കിട്ടിയപ്പോള്‍ ഒന്നും എടുത്തുവെക്കാതെ മുഴുവനായും ഷോറൂമില്‍ കൊണ്ടുകൊടുത്തു.
ഇനിയും രണ്ടിരട്ടി തുക ബാക്കിയുണ്ട്്. ഓരോ ദിവസവും ടിപ്പായി കിട്ടുന്ന അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍ അന്നന്നു തന്നെ ഷോറൂമില്‍ കൊണ്ടുപോയി കൊടുത്ത് കടംവീട്ടി. ജീവിതത്തിലാദ്യമായി ഒരു ബ്രാന്‍ഡ് ഉല്‍പ്പന്നം ആഗ്രഹിച്ചു വാങ്ങിയതിന്റെ തവണകളടച്ച് കഷ്ടപ്പെട്ട അവന്‍ വളര്‍ന്നുവലുതായപ്പോള്‍ വാങ്ങിയ ബ്രാന്‍ഡ്, ആഡംബരത്തിന്റെ അവസാന വാക്കായ ബെന്‍സ് എസ് ക്ലാസാണ്.
പാഷന്‍ മുറുകെപ്പിടിച്ച് അധ്വാനിക്കാന്‍ തയ്യാറുള്ള ആരെയും ത്രസിപ്പിക്കുന്നതാണ് മലയാളത്തിന്റെ രുചിപ്പെരുമയുമായി ആഗോള ബ്രാന്‍ഡായി വളര്‍ന്ന ഷെഫ് പിള്ളയെന്ന സുരേഷ് പിള്ളയുടെ ജീവിതകഥ. വെറും പത്താക്ലാസ് പഠനവുമായി ലോകോത്തര കമ്പനികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായ കഥ.
തിളച്ചുമറിഞ്ഞ ജീവിതം
ദുരിതങ്ങളുടെ കായല്‍പ്പരപ്പുകള്‍ നീന്തിയാണ് ഷെഫ്പിള്ള വിജയത്തിന്റെ മറുകരയിലെത്തിയത്. കൊല്ലം അഷ്ടമുടിക്കായലോരത്തെ ചവറ തെക്കുംഭാഗത്ത് ജനിച്ച സുരേഷ് പിള്ളയ്ക്ക് പത്താം ക്ലാസിന് ശേഷം പഠനം തുടരാനായില്ല. അങ്ങനെ പതിനേഴാം വയസില്‍ സെക്യൂരിറ്റി ജോലിക്ക് പോയെങ്കിലും രാത്രികാല ജോലിയായതിനാല്‍ അധികകാലം തുടരാനായില്ല.
1993ല്‍ ഇത് രാജിവെച്ച് കൊല്ലത്തെ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലിക്കു നിന്നു. അവിടെ നിന്ന് മെല്ലെ പാചകത്തില്‍ കൂടി കൈവെച്ചു. തന്നിലെ പാചകക്കാരനെ കണ്ടെത്തിയ സുരേഷ് പിള്ള കോഴിക്കോട്ടെ കസിനോ ഹോട്ടലിലേക്ക് ഷെഫായി എത്തി. അപ്പോഴും തനിമയാര്‍ന്ന നാടന്‍ രുചികള്‍ക്കു പിന്നാലെയായിരുന്നു സുരേഷ് പിള്ള.
1998ല്‍ ബെംഗളൂരുവില്‍ എത്തിയതാണ് കരിയറിന്റെ സുപ്രധാന വഴിത്തിരിവ്. കോക്കനട്ട് ഗ്രൂവ് ഹോട്ടലില്‍ ആറു വര്‍ഷക്കാലം ജോലി ചെയ്തിറങ്ങുമ്പോള്‍ ഹെഡ് ഷെഫായി മാറിയിരുന്നു. വലിയൊരു ശമ്പളക്കാരനായി മാറിയത് ബെംഗളൂരുവിലാണെന്ന് ഓര്‍ക്കുന്നു സുരേഷ് പിള്ള.
15,000 രൂപ ശമ്പളത്തിനു പുറമെ മാസം 8000 രൂപ വരെ ടിപ്പായും ലഭിച്ചു. പക്ഷേ, അപ്പോഴും ഒരു സ്വപ്നത്തിനു പിന്നാലെയായിരുന്നു; പക്ഷനക്ഷത്ര ഹോട്ടലില്‍ ഷെഫായി എത്തണം. അതുപക്ഷേ, എളുപ്പമായിരുന്നില്ല. കുക്കിംഗ് ടെസ്റ്റുകളില്ലെല്ലാം വിജയിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണത്താല്‍ എച്ച്.ആര്‍ വിഭാഗത്തില്‍ നിന്ന് നിരന്തരം തള്ളപ്പെട്ടു.
ഒടുവില്‍ അപ്പോയ്ന്‍മെന്റ് ലെറ്റര്‍ കിട്ടിയതാവട്ടെ, ഏതൊരു ഷെഫിനെയും മോഹിപ്പിക്കുന്ന ലീല പാലസില്‍ നിന്നും. പക്ഷേ, അവിടെയും പ്രശ്‌നമുണ്ടായി. യോഗ്യത തടസം നിന്നതോടെ, വെറുമൊരു ട്രെയ്‌നിയായാണ് ജോലിക്ക് പ്രവേശിക്കാനായത്. അതിനകം പന്ത്രണ്ടു വര്‍ഷത്തെ പരിചയ സമ്പത്തുണ്ടായെങ്കിലും 5000 രൂപ ശമ്പളത്തില്‍ തൃപ്തിപ്പെടേണ്ട വന്നു.
പഴയ ശമ്പളത്തെ അപേക്ഷിച്ച് പകുതി പോലുമാവില്ല. സൃഹുത്തുക്കളെല്ലാം നിരുത്സാഹപ്പെടുത്തിയെങ്കിലും സ്വപ്നത്തിലേക്കുള്ള സഞ്ചാരത്തില്‍ സുരേഷ് പിള്ളയുടെ ചുവട് ഉറച്ചതായിരുന്നു. ആദ്യകാല കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സുരേഷ് പിള്ള ലീലയുടെ അടുക്കളയില്‍ തിളങ്ങാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞതോടെ കേരളത്തിലേക്ക് മടങ്ങുകയും കുമരകം ലേക്ക് റിസോര്‍ട്ടില്‍ ചേരുകയും ചെയ്തു. ആയിടെയാണ് നിര്‍ണായകമായൊരു ഫോണ്‍ കോള്‍ വരുന്നത്.
ലണ്ടനില്‍ 1927ല്‍ സ്ഥാപിതമായ പ്രശസ്തമായ വീരസ്വാമി റസ്റ്റോറന്റില്‍ നിന്നായിരുന്നു അത്. അവിടെ ഉടന്‍ തന്നെ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത ബ്രിട്ടീഷുകാരനാണ് ഹോട്ടല്‍ സ്ഥാപിച്ചത്. അങ്ങനെയാണ് ഹോട്ടലിന് ഇന്ത്യന്‍ പേര് വീഴുന്നത്. എട്ട് റസ്റ്റോറന്റുകളിലായി നൂറോളം വടക്കേന്ത്യന്‍ ഷെഫുമാര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പിന്റെ, കേരള ഭക്ഷണം വിളമ്പുന്ന ഏക ശാഖയിലേക്കാണ് നിയമനം. മോഹിപ്പിക്കുന്ന ശമ്പളവും സൗകര്യവും കിട്ടിയതോടെ കുടുംബത്തെയും അങ്ങോട്ടേക്ക് കൂട്ടി.
ഓര്‍ക്കൂട്ടില്‍ തുടങ്ങിയ രുചിക്കൂട്ട്
ലണ്ടനിലായിരിക്കുമ്പോള്‍ മുതല്‍ ഓര്‍ക്കൂട്ടില്‍ സുരേഷ് പിള്ള രുചിക്കൂട്ടും വിഭവങ്ങളും പങ്കുവെച്ചു തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്ക് വന്നപ്പോള്‍ അതിലും റെസിപ്പികള്‍ പങ്കുവെക്കാന്‍ തുടങ്ങി. കോവിഡ് കാലത്ത് പുതിയൊരു സ്‌കില്‍ കൂടി സുരേഷ് പിള്ള പഠിച്ചെടുത്തു. പാചകത്തിന്റെ വീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തുക, അത് എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക...
ലോക്ക്ഡൗണിന് മറ്റു പണികള്‍ അധികമില്ലല്ലോ. മലയാളത്തിന്റെ സര്‍വകാല ഹിറ്റ് പാട്ടുകളുടെ അകമ്പടിയോടെ പോസ്റ്റ് ചെയ്ത റീല്‍സുകളും സ്റ്റോറികളും രുചിയോടെ തന്നെ ആളുകള്‍ സ്വീകരിച്ചു. കാട ഫ്രൈ, ചക്ക കറി, പുളിശ്ശേരി എന്നിങ്ങനെ മൂന്ന് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ മൂന്നു മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്തത് ഹിറ്റായി മാറി.
ഫെയ്‌സ്ബുക്കില്‍ മാത്രം ഒന്നരക്കോടിയിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. ഇപ്പോള്‍ സുരേഷ് പിള്ള യുടെ അടുക്കളയില്‍ വേവുമ്പോള്‍ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ആവി പറക്കും. തന്റെ കൈപ്പുണ്യ രഹസ്യം പങ്കുവെക്കാനും സുരേഷ് പിള്ള മടിക്കാറില്ല. ഇതിനകം വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, പ്രമുഖ നടന്മാര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ക്ക് വിളമ്പിയ സിഗ്നേച്ചര്‍ വിഭവമായ 'ഫിഷ് നിര്‍വാണ' ഉണ്ടാക്കുന്ന രീതി പോലും അദ്ദേഹം പങ്കുവെച്ചു.
കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാത്രം ഒറ്റ ദിവസം 2000 നിര്‍വാണ വിളമ്പിയ സുരേഷ് പിള്ളയ്ക്ക്, അത് മറ്റെല്ലാവരും ഉണ്ടാക്കുന്നതിലും രുചിക്കുന്നതിലും അതേ പേരില്‍ വില്‍ക്കുന്നതും കാണുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. ഇങ്ങനെയൊക്കെയാണ് പഞ്ചനക്ഷത്ര ഷെഫായ സുരേഷ് പിള്ള സോഷ്യല്‍ മീഡിയയിലൂടെ ഇറങ്ങിവന്ന് സാധാരണ വീട്ടമ്മമാരുടെ പോലും പാചകരാജാവായത്.
ശമ്പളക്കാരനില്‍ നിന്ന് സംരംഭകനിലേക്ക് ബിസിനസ് രുചി തേടിയുള്ള യാത്ര 'എനിക്കൊരാള്‍ക്ക് സുഖമായി ജീവിക്കാനുള്ളതെല്ലാം ജോലി ചെയ്തുള്ള വരുമാനത്തില്‍ നിന്ന് ലഭിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ കാരണം മറ്റനവധി പേരുടെ കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നം നിറവേറ്റാനാവുകയെന്ന ആലോചനയില്‍ നിന്നാണ് സംരംഭത്തിലേക്ക് കാല്‍വെപ്പുണ്ടാവുന്നത്', ആയിരം കോടി ടേണോവര്‍ കടന്ന കമ്പനി മേധാവിയെന്നല്ല, ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന ആളെന്നറിയപ്പെടാനാണ് താല്‍പ്പര്യമെന്ന വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് തന്റെ സംരംഭകത്വത്തിലേക്കുള്ള യാത്ര സുരേഷ് പിള്ള പറയുന്നു.
പലരെയും പോലെ, സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയെന്ന ലക്ഷ്യം എനിക്കും പണ്ടു മുതലേയുണ്ടായിരുന്നു. 27 വര്‍ഷമായി ഷെഫായി ജോലി ചെയ്യുന്നു. ഇക്കാലയളവില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ഒരുപാട് അവസരം വന്നുചേര്‍ന്നിരുന്നു. അപ്പോഴൊക്കെ, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് ചെയ്യാമെന്നു കരുതിയിരിക്കുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് ആഗോളതലത്തില്‍ 7500 ഓളം ഹോട്ടലുകളുള്ള അമേരിക്കന്‍ കമ്പനി മാരിയറ്റില്‍ നിന്ന് വലിയൊരു അവസരം തന്നെ വന്നുചേരുന്നത്. ഇന്ത്യയില്‍ ആദ്യമായി അവര്‍ 'ഷെഫ് പിള്ള' എന്നൊരു റസ്റ്റോറന്റിന് അവസരം തരുന്നു. ഇതൊരു മലയാളിക്കു കിട്ടുന്ന വലിയ അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ഇതാദ്യമായാണ് മാരിയറ്റ്, അവരുടെ റസ്റ്റോറന്റുകളില്‍ വേറൊരു ബ്രാന്‍ഡിനെ ചേര്‍ക്കുന്നത്.
മിന്നല്‍ മുരളി കണ്ടശേഷം സ്പില്‍ബര്‍ഗോ, മാര്‍വല്‍ സ്റ്റുഡിയൊയോ ടൊവിനോയ്ക്ക് ഹോളിവുഡില്‍ അവസരം നല്‍കുന്നപോലെയാണത്. കോവിഡ് കാരണം പദ്ധതി വൈകിയതോടെ, കരിയറിലെ ആദ്യ പഞ്ചനക്ഷത്ര ജോലി ലഭിച്ച ബെംഗളൂരുവില്‍ തന്നെ, വൈറ്റ്ഫീള്‍ഡ് പഞ്ചനക്ഷത്ര ഹോട്ടലില്‍ 2021 നവംബര്‍ ഒന്നിന് ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വന്തം ബ്രാന്‍ഡ് തുടങ്ങുകയെന്ന സ്വപ്നമാണ് അവിടെ സാക്ഷാത്കാരമായത്. സംരംഭകത്വത്തില്‍ പരിചയക്കുറവുണ്ടെങ്കിലും ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ തന്നെ നല്ല ആത്മവിശ്വാസം ലഭിച്ചു. ആറു മാസത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ റസ്റ്റോറന്റ് കൊച്ചി ലേ മെറിഡിയനില്‍ വന്നു, മൂന്നാമത്തേത് തൃശൂര്‍ ശോഭാ സിറ്റിയില്‍ വരാന്‍ പോകുന്നു, ദുബായിലും ദോഹയിലും വരുന്നു. ബെംഗളൂരുവില്‍ തന്നെ വേറെയും മൂന്ന് പ്രോജക്ടുകള്‍ വരുന്നു. അങ്ങനെ മൊത്തം ഈ വര്‍ഷം തന്നെ 12 റസ്റ്റോറന്റുകളാണ് തുറക്കുന്നത്.
ജോലിക്കാരനില്‍ നിന്ന് ജോലി കൊടുക്കുന്നയാളിലേക്ക്
ലണ്ടനിലെ ഉന്നത ജോലി, ഭാര്യയുടെ ജോലി, മക്കള്‍ അവിടെ പഠിക്കുന്നു, എല്ലാവര്‍ക്കും ബ്രിട്ടീഷ് പൗരത്വം... ഇതെല്ലാം ഉപേക്ഷിച്ചാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ രുചിപ്പെരുമ ലോകത്തിനു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം തന്നെയായിരുന്നു ഇത്രയും കടുത്തൊരു തീരുമാനത്തിനു പിന്നിലെ കാരണം. പിന്നീട് രണ്ടു വര്‍ഷക്കാലം റാവിസിലെ ജോലി ആസ്വദിച്ചുചെയ്തു. വീട്ടിനടുത്തുള്ള സ്ഥാപനത്തിലെ ജോലി, ഉയര്‍ന്ന സ്ഥാനം അങ്ങനെ വളരെ സുരക്ഷിതമായ ഇടം തന്നെയായിരുന്നു റാവിസ്. എന്റെ കാര്യം വളരെ സുരക്ഷിതമായിരുന്നു.
വേണമെങ്കില്‍ തിരിച്ച് യു.കെയിലേക്ക് പോകാം. പക്ഷേ, കുറേ പേര്‍ക്കൊരു ജോലി പുതുതായി ഉണ്ടാക്കാന്‍ എന്നെക്കൊണ്ടാവുമെന്ന ചിന്തയില്‍ നിന്നാണ് സംരംഭമെന്ന ആശയത്തിന് തീപിടിച്ചത്. അങ്ങനെ ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങിയപ്പോള്‍ തന്നെ 60 പേര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റി.
രണ്ടാമത്തെ റസ്റ്റോറന്റ് കൂടി തുടങ്ങിയതോടെ 120 പേര്‍ക്ക് ജോലി കൊടുക്കാനായി. 27 വര്‍ഷം ജോലി ചെയ്ത് ശമ്പളം വാങ്ങിച്ചൊരാള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ 120 പേര്‍ക്ക്, അവരുടെ കുടുംബത്തില്‍ എന്തെങ്കിലുമൊരു മാറ്റം വരുത്താന്‍ പറ്റി എന്നത് ഒരു ഹരമാണ്. ഇക്കാര്യം തന്നെയാണ് എന്നെ ഇത്രയും വേഗത്തില്‍ പുതിയ പുതിയ റസ്റ്റോറന്റുകള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. മൂന്നുമാസം കൊണ്ട് അഞ്ഞൂറു പേര്‍ക്കെങ്കിലും ജോലി കൊടുക്കാനാവും. ഈ വര്‍ഷത്തില്‍ ആയിരം പേര്‍ക്കെങ്കിലും നേരിട്ട് ജോലി നല്‍കാനാവും.
ആര്‍സിപി ഹോസ്പിറ്റാലിറ്റി
വെറുമൊരു റസ്റ്റോറന്റ് ശൃംഖല മാത്രമല്ല റസ്റ്റോറന്റ് ഷെഫ് പിള്ള (ആര്‍സിപി) എന്ന ബ്രാന്‍ഡ് ലക്ഷ്യംവെക്കുന്നത്. അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും നല്ല സംരംഭങ്ങള്‍ വേണമെന്ന ആശയോടെയാണ് ആര്‍സിപി ഹോസ്പിറ്റാലിറ്റിക്ക് തുടക്കമിട്ടത്. അച്ചാര്‍ കമ്പനി, കാറ്ററിംഗ് ടീം, സുഗന്ധവ്യഞ്ജനങ്ങള്‍ എത്തിക്കാനുള്ള സംവിധാനം, ഇവന്റ് മാനേജ്‌മെന്റ്...
അങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട് എല്ലാം ചെയ്തുകൊടുക്കുന്നൊരു ബ്രാന്‍ഡായിരിക്കും ഇത്. തമിഴ് ശ്രീലങ്കന്‍ ആശയത്തില്‍ പിറന്ന പത്തുതരം കൊത്തു പൊറോട്ടകളടങ്ങിയ 'കൊത്ത് എക്‌സ്പ്രസ്' സ്ട്രീറ്റ് ഫുഡ്, വടക്കേന്ത്യന്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ വിളമ്പുന്ന 'നോര്‍ത്ത് രസോയ്', 'യുണൈറ്റഡ് കോക്കനട്ട്' എന്ന സ്റ്റാന്‍ഡ് അലോണ്‍ റസ്റ്റോറന്റുകള്‍, ക്ലൗഡ് കിച്ചണ്‍ എന്നിവയാണ് ആര്‍സിപിക്കു കീഴില്‍ ഇപ്പോള്‍ വരുന്ന സംരംഭങ്ങള്‍. സര്‍ക്കാരുമായി ചേര്‍ന്ന് കേരള വിഭവങ്ങള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്ന സ്വപ്നവുമുണ്ട്.
ഈ ലേഖനത്തിന്റെ വീഡിയോ അഭിമുഖം കാണാം
Interview Part 1
Interview Part 2
ഷെഫ് പിള്ളയുടെ ആരോടും പറയാത്ത കഥകള്‍ കാണാം (https://youtu.be/ToXo6WD36oY)
Next Story
Videos