ചെറു സംരംഭകര്‍ക്ക് ഓഫീസ് എന്ന ടെന്‍ഷന്‍ വേണ്ട ; തരംഗമായി കോ-വര്‍ക്കിങ് സ്‌പേസ്
ചെറിയ സംരംഭങ്ങള്‍ക്ക് വലിയ അവസരം ഒരുക്കിക്കൊണ്ടുള്ള കോ- വര്‍ക്കിങ്ങ് സ്പേസുകള്‍ കേരളത്തിലും തരംഗമാകുന്നു. സെന്റര്‍ എ, സ്പേസ് ബാര്‍, നെക്സ് 57,ഷെയര്‍ ആന്‍ഡ് ഗ്രോ തുടങ്ങി ധാരാളം കമ്പനികള്‍ കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലപരിമിതികളുടെ പ്രശ്നങ്ങള്‍ ഉളള സംരംഭകനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒരു നിക്ഷേപവും ഇല്ലാതെ ഒരു ഓഫീസ് എന്ന ആഗ്രഹം കോ-വര്‍ക്കിങ്ങ് സ്പേസുകളിലൂടെ ഒരുക്കാം. ഉപകരണങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് സേവനം,കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ എന്നിവയെല്ലാം കോ-വര്‍ക്കിങ്ങ് സ്പേസ് നടത്തുന്ന കമ്പനികള്‍ തന്നെ വഹിക്കുമെന്നതിനാല്‍ തുടക്കക്കാര്‍ക്കാണ് ഇത് മികച്ച അവസരമാകുന്നത്. വാടകമാത്രം നല്‍കിയാല്‍ മതിയാകും. വളരെ കുറഞ്ഞ തുക സെക്യൂരിറ്റി ഡപ്പോസിറ്റായി നല്‍കിയാല്‍ മതി.
ഒരു സീറ്റ് മുതല്‍ കൂടുതല്‍ പേര്‍ക്കിരുന്നു ജോലി ചെയ്യാവുന്ന ടീം കാബിനുകള്‍ വരെ കമ്പനികള്‍ ഒരുക്കുന്നുണ്ട്. കോ-വര്‍ക്കിങ്ങ് സ്പേസ് ഒരുക്കുന്ന കമ്പനികളുടെ നയവും നല്‍കുന്ന സൗകര്യങ്ങളും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും. ഒരു ഓഫീസ് നടത്തി കൊണ്ട് പോകാനുളള ബുദ്ധിമുട്ട് നമ്മള്‍ അറിയേണ്ട എന്നതാണ് കോ-വര്‍ക്കിങ്ങ് സ്പേസുകള്‍ ഒരുക്കുന്ന ഏറ്റവും വലിയ സൗകര്യം. സംരംഭകര്‍ക്ക് പുറമെ ഫ്രീലാന്‍സ് ചെയ്യുന്നവരും ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ ഓഫീസ് എന്നതിലുപരി എല്ലാ ആധുനിക സജ്ജീകരങ്ങളുമുളള കോര്‍പ്പറേറ്റ് തൊഴിലിടമായിരിക്കും കമ്പനികള്‍ നല്‍കുക.
കോ- വര്‍ക്കിങ്ങ് ഏരിയയില്‍ ഒരു ഫ്ളോറില്‍ നിരവധി കമ്പനികള്‍ ഉണ്ടാകും. പക്ഷെ ഡോര്‍ നമ്പര്‍ ഒരണ്ണം വരുന്നത് കമ്പനികളെ ബാധിക്കാനിടയുണ്ട്്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കോ വര്‍ക്കിങ് സ്‌പേസ് ഓഫീസുകള്‍ക്കും പുതിയ പ്രതീക്ഷയാണ്. തുടക്കമായതിനാല്‍ തന്നെ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോ വര്‍്ക്കിങ് സ്‌പേസ് എന്ന ആശയത്തിന് മികച്ച പ്രതികരണമാണ് എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലുള്ള സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുമെന്നാണ് ഐടി വിദഗ്ധര്‍ പറയുന്നത്.