ബിസിനസുകാര്‍ ജാഗ്രതൈ! കോപ്പിയടിച്ചാല്‍ നിയമയുദ്ധം ഉറപ്പ്

ഒരു ബ്രാന്‍ഡ് ഉടമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയുണ്ടാക്കിയ ഒരു വീഡിയോയില്‍ പശ്ചാത്തലസംഗീതമായി നല്ലൊരു സംഭവം കണ്ടെത്തി കൊടുത്താല്‍ ഇപ്പോള്‍ എന്താ കുഴപ്പം? ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുഴപ്പമേയുള്ളൂ. സൗജന്യ കണ്ടെന്റുകളുടെ കാലം കഴിഞ്ഞു. മൗലികമായുള്ളതല്ല നിങ്ങള്‍ ഉപയോഗിക്കുന്ന കാര്യങ്ങളെങ്കില്‍ നിയമയുദ്ധത്തിന് തയ്യാറെടുത്തേ മതിയാകൂ.

ബ്രാന്‍ഡ് ക്രിയേറ്റര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ എന്നും ഉപദേശിക്കുന്ന കാര്യമുണ്ട്: നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ/സേവനത്തിന്റെ പേര്, ലോഗോ, പാക്കേജ് ഡിസൈന്‍, പരസ്യ ക്യാംപയ്ന് ഉപയോഗിക്കുന്ന ഇമേജ്, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ, എന്തിന് പരസ്യത്തില്‍ ഉപയോഗിക്കുന്ന പശ്ചാത്തല ശബ്ദം പോലും സ്വന്തമായി സൃഷ്ടിക്കണം.
പ്രാദേശിക വിപണി മാത്രമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ പോലും ഒരു വെബ്സൈറ്റ് ആരംഭിക്കുകയോ സോഷ്യല്‍ മീഡിയ വഴി മാര്‍ക്കറ്റിംഗ് നടത്തുകയോ ചെയ്താല്‍ ആ നിമിഷം നിങ്ങളുടെ ഉല്‍പ്പന്നം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതയേറി.
ലോകത്തെവിടെയുമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ/ ബിസിനസുകളുടെ കോപ്പിറൈറ്റ്/ ട്രേഡ്മാര്‍ക്ക് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ദേശീയ-രാജ്യാന്തര നിയമ ഏജന്‍സികള്‍ സദാ കണ്ണും കാതും തുറന്നിരിക്കുന്ന കാലമാണിപ്പോള്‍. അടുത്തിടെ ഒരു കേരളകമ്പനി കോടികള്‍ മുടക്കി ബ്രാന്‍ഡ് ചെയ്ത് ഒരു ഉല്‍പ്പന്നം വിപണിയിലിറക്കി.
അതേ പേരില്‍ മറ്റൊരു ഉല്‍പ്പന്നം (തികച്ചും വ്യത്യസ്തമായ മറ്റൊരു വിഭാഗത്തില്‍) വര്‍ഷങ്ങളായി വിപണിയിലിറക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര വമ്പന്‍ അതിനെതിരെ കേസുമായി രംഗത്തെത്തി. മറ്റൊരു വിഭാഗത്തിലാണെങ്കില്‍ പോലും കോടതി ഉടനടി കേരളത്തിലെ സംരംഭകന്റെ ഉല്‍പ്പന്നത്തിന് വിലക്ക് വിധിച്ചു. സംരംഭകന്‍ അതുവരെ മുടക്കിയ പണമെല്ലാം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ചില കമ്പനികള്‍ക്ക് പുറത്തുകടക്കാനാവും. മറ്റ് ചിലത് ഇതോടെ തന്നെ തകര്‍ന്നു പോകും. നിങ്ങള്‍ ഒരു ചെറിയ കമ്പനി തുടങ്ങിയാല്‍ പോലും കമ്പനി നാമം, ഉല്‍പ്പന്ന നാമം, ലോഗോ തുടങ്ങിയവയെല്ലാം ഇന്ത്യന്‍ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യുക. അതും വിപണിയിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ.
ലോഗോ
ണ്ട് പ്രമുഖ ബ്രാന്‍ഡുകളോട് സാമ്യമുള്ള ലോഗോകള്‍ ഉപയോഗിച്ചാല്‍ പ്രാദേശിക വിപണിയിലേക്ക് പ്രവേശിക്കാമായിരുന്നു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ഇക്കാലത്ത് ഇത് വളരെ അപകടം പിടിച്ച കാര്യമാണ്. പ്രാദേശിക വിപണിയില്‍ മാത്രം വില്‍പ്പന നടത്തുന്ന ഞങ്ങളുടെ ഒരു ക്ലയ്ന്റിനെതിരെ യുഎസില്‍ നിന്നാണ് കേസ് വന്നത്.
ഞങ്ങളുടെ ക്ലയ്ന്റ് ഇന്ത്യന്‍ നിയമപ്രകാരം ലോഗോ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ അക്കാര്യം അമേരിക്കന്‍ കമ്പനിയെ അറിയിക്കുകയും അവരത് അംഗീകരിക്കുകയും ചെയ്തു. അതുകൊï് നിങ്ങള്‍ സ്വന്തമായി ലോഗോ ഉïാക്കുക എന്നിട്ട് ആദ്യം തന്നെ അത് രജിസ്റ്റര്‍ ചെയ്യുക. അതുപോലെ സൗജന്യമായ ലോഗോ ക്രിയേറ്റര്‍ വെബ്സൈറ്റ്/ ആപ്പുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
ചിത്രങ്ങള്‍
ഞങ്ങളുമായി ക്ലയ്ന്റായ ഒരു കോര്‍പ്പറേറ്റ് ബ്രാന്‍ഡ് കേരളത്തിലെ ഒരു പ്രശസ്ത ആരാധനാലയത്തിന്റെ ഫോട്ടോ ഉപയോഗിച്ചപ്പോള്‍ കോപ്പിറൈറ്റ് ലംഘനത്തിന്റെ കേസ് വന്നത് ജര്‍മനിയിലെ നിയമ സ്ഥാപനത്തില്‍ നിന്നാണ്. 10,000 രൂപയ്ക്ക് തുല്യമായ യൂറോ നല്‍കിയാണ് ഈ ക്ലെയിം സെറ്റില്‍ ചെയ്തത്. ഒറിജിനല്‍ ഫോട്ടോ വെബ്സൈറ്റില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നുവെങ്കില്‍ 500 രൂപയെ ചെലവാകുമായിരുന്നുള്ളൂ. കേരളത്തിലെ നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ ഇതുപോലെ ജര്‍മനിയിലെ ലോ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഫോട്ടോയ്ക്ക് പിറകെ പോകാതെ സ്വന്തമായി ഫോട്ടോ ഷൂട്ട് നടത്തി ഉപയോഗിക്കുക.
ശബ്ദം
ലോകത്തിലെ ബഹുഭൂരിപക്ഷം കോപ്പിറൈറ്റ് ലംഘന കേസുകളും സംഗീതവുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു സാധാരണ യൂട്യൂബര്‍ക്ക് പോലുമറിയാം എവിടെനിന്നെങ്കിലും ഒരു മ്യൂസിക് വീഡിയോയില്‍ ചേര്‍ത്താലുള്ള പ്രശ്നങ്ങള്‍. അതുകൊണ്ട് നിങ്ങളുടെ വീഡിയോയിലോ പോസ്റ്റുകളിലോ മ്യൂസിക് ചേർക്കണമെന്നുണ്ടെങ്കിൽ സ്വന്തമായൊന്ന് സൃഷ്ടിക്കുക.
വീഡിയോ
വീഡിയോ കട്ടുകള്‍ ഉപയോഗിച്ച് മീമുകളും ട്രോള്‍ വീഡിയോകളും ഉണ്ടാകുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. അതുപോലെ വല്ലവരും സൃഷ്ടിച്ച വീഡിയോയുടെ ഒരു ഭാഗമെടുത്ത് ബിസിനസ് പ്രമോട്ട് ചെയ്യാന്‍ ബ്രാന്‍ഡുകള്‍ ശ്രമിച്ചാല്‍ പണികിട്ടും. അതുകൊണ്ട് വീഡിയോയും സ്വന്തമായി സൃഷ്ടിക്കുക. ഏറ്റവും കുറഞ്ഞത് നിങ്ങള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ ശരിയായ വഴിയില്‍ വാങ്ങാനെങ്കിലും നോക്കുക. അല്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും പണവും മനസ്സമാധാനവും നഷ്ടപ്പെടുത്തുന്ന നിയമയുദ്ധം തൊട്ടരികില്‍ തന്നെയുണ്ടാകും.


Pradeep Menon M
Pradeep Menon M  

Co-founder, Branding & Strategy Head of Black Swan (India) Ideations

Related Articles

Next Story

Videos

Share it