കോര്‍പ്പറേറ്റ് പെരുന്തച്ചന്‍മാര്‍!

കോര്‍പ്പറേറ്റ് തലവന്‍മാര്‍ പലപ്പോഴും പെരുന്തച്ചന്‍മാരെ പോലെയാണ് പെരുമാറുക. പെരുന്തച്ചനെ അറിയില്ലേ? ശില്‍പ്പകലയില്‍ മകന്‍ തന്നേക്കാള്‍ വളര്‍ന്നപ്പോള്‍ അതംഗീകരിക്കാനാകാതെ മകന്റെ ജീവനെടുത്ത പെരുന്തച്ചന്‍!

ഇന്നത്തെ കോര്‍പ്പറേറ്റ് ലോകത്തിലും കാണാം നിരവധി പെരുന്തച്ചന്‍മാരെ. തന്റെ കഴിവുകള്‍ അടുത്ത തലമുറയിലുള്ളവര്‍ക്ക് കൈമാറാന്‍ വിമുഖത കാണിക്കുന്ന, സ്വന്തം കൈയ്യില്‍ തന്നെ അധികാരവും ചെങ്കോലും നില്‍ക്കണമെന്നാഗ്രഹിക്കുന്ന ബിസിനസുകാര്‍. കുടുംബങ്ങളിലും ചെറുകിട ഇടത്തരം ബിസിനസുകളിലും തുടങ്ങി വന്‍ കോര്‍പ്പറേറ്റുകളില്‍ പോലും ഇതു കാണാനാകും. തനിക്കു ശേഷം പ്രളയമെന്നു വിചാരിക്കുന്ന ഇക്കൂട്ടര്‍ താന്‍ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ സാമ്രാജ്യം തനിക്കു ശേഷം മൊത്തം നശിച്ചു പോകുമെന്ന് വിചാരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എത്രയോ മഹാരഥന്മാര്‍ ഇതിനകം മണ്ണടിഞ്ഞു പോയിരിക്കുന്നു. എന്നിട്ടും ലോകം പഴയ പോലെയോ അതിലും മെച്ചമായോ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.

വളരട്ടെ നമുക്ക് ശേഷവും!

ഇവിടെ സ്വീകരിക്കാവുന്ന ഒരു തത്വമാണ് 'സര്‍വീസ് എബൗവ് സെല്‍ഫ്'. അതായത് നമുക്ക് ശേഷവും ലോകം വളരണമെന്നായിരിക്കണം എല്ലാ മനുഷ്യരുടേയും ആഗ്രഹം. ഒരു മരത്തൈ നടുന്നതു പോലെയാണത്. നടുന്നവര്‍ക്ക് ചിലപ്പോള്‍ അതിന്റെ ഫലം അനുഭവിക്കാന്‍ സാധിച്ചെന്നു വരില്ല. പക്ഷേ, അടുത്ത തലമുറയ്ക്ക് അത് ഉറപ്പായും ആസ്വദിക്കാനാകും.

കാലം കടന്നു പോകുന്തോറും ഇത് വളരെ വ്യക്തമാകും. പുതിയ ആശയങ്ങള്‍, പുതിയ ചിന്തകള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയൊക്കെയായി അടുത്ത തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തു തുടങ്ങും. അപ്പോള്‍ ഇവിടെ ബുദ്ധിപരമായ നീക്കമെന്നു പറയുന്നത് അടുത്ത തലമുറയ്ക്ക് നല്ലൊരു പ്ലാറ്റ്‌ഫോം തുറന്നു കൊടുക്കുകയും അവരുടെ ആശയങ്ങളും നവീനമായ ടെക്‌നോളജിയും ഉപയോഗിച്ച് കമ്പനിയെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ അനുവദിക്കുകയുമാണ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള നേട്ടമായിരിക്കും ഇതുണ്ടാക്കുക.

നിലവിലെ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്ല ആശയങ്ങളുമായി വരാനുള്ള സാഹചര്യമാണ് പഴയ തലമുറ ഒരുക്കികൊടുക്കേണ്ടത്. അവരുടെ കഴിവുകളേയും ആഗ്രഹങ്ങളേയു അടിച്ചമര്‍ത്തുന്നത് അവരിലുള്ള അഗ്നി തല്ലിക്കെടുത്തുന്നതിനു തുല്യമാണ്.

പലപ്പോഴും ബിസിനസുകളില്‍ കാണുന്നത് നേതൃത്വ സ്ഥാനത്തിരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുതിയ ജനറേഷന്‍ അവരെ പിന്തുടരുകയും ചെയ്യുന്നതായാണ്. പ്രായാധിക്യം ബാധിച്ചാലും അസുഖങ്ങള്‍ വന്നാലും പ്രവര്‍ത്തന നിയന്ത്രണം വിട്ടുകൊടുക്കില്ല. പുതിയ തലമുറയാകട്ടെ തലച്ചോറില്ലാത്ത വെറും ഉത്തരവുകള്‍ നടപ്പാക്കുന്ന ആളുകളായി മാറും. അവസാന ഘട്ടം വരെയും പിന്തുടര്‍ച്ചയെ കുറിച്ചോ അധികാര കൈമാറ്റത്തെ കുറിച്ചോ തീരുമാനമെടുക്കാതെ മുന്നോട്ടു പോകും. അവസാനം അടുത്ത ജനറേഷനിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ മത്സരത്തെ അതിജീവിക്കാനാകാതെ പുതിയ തലമുറ തളര്‍ന്നു പോയിട്ടുണ്ടാകും. അവരുടെ ആവേശവും ഊര്‍ജവും നഷ്ടപ്പെടുകയും ചെയ്യും. കമ്പനിയാണെങ്കില്‍ ടെക്‌നോളജിയിലും വിപണിയിലും ഒരു പാടു പിന്നിലാവുകയും എതിരാളികള്‍ വിപണി പിടിച്ചടക്കുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Shaji Varghese
Shaji Varghese  

The author is a Chartered Accountant & Management Consultant;Phone: 9847044030

Related Articles
Next Story
Videos
Share it