ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്

ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ധനം ബിസിനസ് മാഗസിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പുരസ്‌കാരങ്ങളായ ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനും ധനം ചെയ്ഞ്ച് മേയ്ക്കര്‍ അവാര്‍ഡ് കുടുംബശ്രീ മിഷനും സമ്മാനിക്കും.





നഷ്ടക്കയത്തിലായിരുന്ന ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് - ഫാക്ടിനെ തുടര്‍ച്ചയായി ലാഭപാതയിലെത്തിച്ച ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കിഷോര്‍ റുംഗ്തയെ ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.




ധനം എസ്എംഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പോപ്പീസ് ബേബി കെയര്‍ പ്രോഡക്റ്റ്‌സ് സി എം ഡി ഷാജു തോമസിന് സമ്മാനിക്കും. സേവന മെഡിനീഡ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനു ഫിലിപ്പോസിനെ ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയറിന് തെരഞ്ഞെടുത്തു.




ആള്‍ നൂഴികള്‍ വൃത്തിയാക്കുന്ന ശുചീകരണ റോബോട്ട് ബാന്‍ഡികൂട്ടിന്റെ സൃഷ്ടാക്കളായ ജെന്റോബോട്ടിക്‌സാണ് ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കള്‍.

അവാര്‍ഡ് നിര്‍ണയം നടത്തിയത് വിദഗ്ധരായ ജൂറി

ധനകാര്യ, വ്യവസായ രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി ജെ ജോര്‍ജ്, നവാസ് മീരാന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വി എ ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനം, സമൂഹത്തിനും സാമ്പത്തിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍, പിന്തുടരുന്ന സംരംഭകശൈലി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിശകലന വിധേയമാക്കിയിട്ടുണ്ട്.

ജൂണ്‍ 22ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023 ല്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

എങ്ങനെ ബിസിനസ് വളര്‍ത്താം?

ധനം ബിസിനസ് മാഗസിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023 ബിസിനസുകള്‍ വളര്‍ത്തുന്നതിനുള്ള സ്ട്രാറ്റജികള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്.

എങ്ങനെ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്താം എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പാനല്‍ ചര്‍ച്ച നടക്കും. പാനല്‍ ചര്‍ച്ചയില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐബിഎസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്, ബിസ്്ലരി ഇന്റര്‍നാഷണല്‍ സിഇഒ ജോര്‍ജ് ആഞ്ചലോ, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ സംബന്ധിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുള്ള പ്രമുഖ ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം സമിറ്റില്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒന്‍പത് വരെയാണ് പരിപാടി.

For Details : www.dhanambusinesssummit.com

Phone : 9072570065

Related Articles
Next Story
Videos
Share it