ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് ജീമോന്‍ കോരയ്ക്ക്

ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ജീമോന്‍ കോരയ്ക്ക് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാനം.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ എളിയൊരു കുടുംബ ബിസിനസ് സംരംഭത്തെ ഗ്ലോബല്‍ സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ രംഗത്തെ ഒരു പവര്‍ഹൗസായി വളര്‍ത്തിയതിന് പിന്നില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രൊഫഷണലാണ് ജീമോന്‍ കോര. 1862ല്‍ കച്ചില്‍ നിന്ന് കൊച്ചിയിലേക്ക് സുഗന്ധവ്യജ്ഞന കച്ചവടത്തിനായി ചേക്കേറിയ കാഞ്ചി മൊറാന്‍ജി കുടുംബത്തില്‍ നിന്ന് തുടങ്ങുന്ന കാന്‍കോറിന്റെ കഥ. സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്ന് സത്ത് വേര്‍തിരിക്കാന്‍ കേരളത്തില്‍ സ്ഥാപിച്ച കാന്‍കോര്‍ ഫ്‌ളേവേഴ്‌സ് ആന്‍ഡ് എക്‌സ്ട്രാക്റ്റ്‌സ് പ്രവര്‍ത്തനമേഖലയില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, ഫ്രാന്‍സ് ആസ്ഥാനമായുള്ള മാന്‍ എന്ന വമ്പനുമായി ചേര്‍ന്ന് ആഗോള സ്‌പൈസ് എക്‌സ്ട്രാക്റ്റ്‌സ് രംഗത്തെ വമ്പന്മാരാണ്. 1994ല്‍ കാന്‍കോര്‍ ഗ്രൂപ്പിലേക്ക് കടന്നെത്തിയതാണ് ജീമോന്‍ കോര. കാന്‍കോര്‍ ഇന്ന് ഏത് നിലയില്‍ എത്തിനില്‍ക്കുന്നുവോ ആ തലത്തിലേക്ക് വളര്‍ത്താന്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ജീമോന്‍ കോര.
1994 മുതല്‍ കാന്‍കോറിനുള്ളില്‍ തന്നെ നിരവധി പുതു ബിസിനസുകള്‍ക്ക് ജീമോന്‍ തുടക്കമിടുകയും വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2006ല്‍ സിഇഒ പദം ഏറ്റെടുത്ത ശേഷം കമ്പനിയെ എട്ടുമടങ്ങിലേറെ വളര്‍ച്ചയിലേക്കാണ് ഇദ്ദേഹം നയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഫ്‌ളേവര്‍& ഫ്രാഗ്രന്‍സ് കമ്പനിയായ 'മാന്‍'യുമായുള്ള പങ്കാളിത്തത്തിന് ചുക്കാന്‍ പിടിച്ചതും ജീമോന്‍ കോരയാണ്. പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റ് രംഗത്തൊക്കെ ലോകം ഏറെ ആദരിക്കുന്ന ഉല്‍പ്പന്നമാണ് മാന്‍ കാന്‍കോര്‍ ഇന്ന് ആഗോള വിപണിയിലെത്തിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായ ജീമോന്‍ കോര, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയ്ല്‍സ് ആന്‍ഡ് അരോമ ട്രേഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, ഫ്രാഗ്രന്‍സ് ആന്‍ഡ് ഫ്‌ളേവര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ നിരവധി ഇന്‍ഡസ്ട്രി ഓര്‍ഗനൈസേഷനുകളുടെ വിവിധ പദവികളും വഹിക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it