ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ കെ എം ചന്ദ്രശേഖര്‍ സമ്മാനിക്കും

സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അര്‍ഹനായി. ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ എം ആര്‍ ജ്യോതിയെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ആയി തെരഞ്ഞെടുത്തു. മനെ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ജീമോന്‍ കോരയാണ് ഔട്ട്‌സ്റ്റാന്‍ഡിംഗ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021. ബ്രാഹ്‌മിണ്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ന് അര്‍ഹനായി. യുഎഇയിലെ എസ് എഫ് സി ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍ കെയാണ് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021. സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് ഓപ്പണിനെ തെരഞ്ഞെടുത്തു.

ജൂലൈ 20ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ നടക്കുന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മുന്‍ കാബിനറ്റ് സെക്രട്ടറിയും നിലവില്‍ മുംബൈ, ഗുജറാത്ത്, ഡെല്‍ഹി, കേരളം എന്നിവിടങ്ങളിലായുള്ള പത്തോളം കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായിട്ടുള്ള കെ എം ചന്ദ്രശേഖറാണ് സമിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത്.

കെ എം ചന്ദ്രശേഖര്‍


ടി. കോശി

1970 ലെ കേരള കേഡര്‍ ഐ എ എസ് ഓഫീസറായ കെ എം ചന്ദ്രശേഖര്‍ സംസ്ഥാനത്തെ വ്യവസായ, ധനകാര്യ വകുപ്പുകളില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്. ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് (ONDC) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടി. കോശി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഡോ. വി. എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കളായ സി. ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.


Related Articles

Next Story

Videos

Share it