'ധനം' ബിസിനസ് സംഗമം ഇന്ന്; ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥി

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം ഇന്ന് കൊച്ചിയില്‍. ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനഞ്ചാം പതിപ്പാണ് ലെ മെറിഡിയനില്‍ നാളെ വൈകിട്ട് 5 മണി മുതല്‍ രാത്രി 9 വരെ നടക്കുന്നത്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥി ആകും.

ധനം ബിസിനസ് മാഗസിന്റെ പ്രസിദ്ധീകരണത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിക്കപ്പെടുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ കേരളത്തിലുടനീളമുള്ള 1000 ബിസിനസ് സാരഥികള്‍ പ്രത്യേക ക്ഷണിതാക്കളാകും. രാജ്യാന്തര, ദേശീയ തലത്തില്‍ പ്രശസ്തരായ ബിസിനസ് മേധാവികള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും.

പാനൽ ചർച്ച

''നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം? (''How to scale up your business '') എന്ന പ്രത്യേക പാനല്‍ ചര്‍ച്ചയില്‍ വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബിസ്ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവര്‍ പങ്കെടുക്കും. ഐ.ബി.എസ് സോഫ്റ്റ് വെയർ ചെയര്‍മാന്‍ വി. കെ. മാത്യൂസ് പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും.

'വൈറ്റ് മാജിക്' പുസ്തക പ്രകാശനം

ജ്യോതി ലാബ്‌സ് സ്ഥാപകനായ എം.പി രാമചന്ദ്രന്റെ ജീവചരിത്രം 'വൈറ്റ് മാജിക്' എന്ന ധനം പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും ഇതോടൊപ്പം നടക്കും. ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്സിലര്‍ വെഞ്ച്വേഴ്സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് പുസ്തക പ്രകാശനം നടത്തുന്നത്. 'വൈറ്റ് മാജിക്കി'ന്റെ ആദ്യ കോപ്പി വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഏറ്റു വാങ്ങും.

അവാർഡ് നൈറ്റ്

വ്യവസായ രംഗത്തും സമൂഹത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരെ ആദരിക്കാന്‍ 2007 മുതല്‍ മുമ്പേ നടക്കുന്ന ധനം, 35ാം വര്‍ഷത്തില്‍ ബിസിനസ് പ്രതിഭകളെ ആദരിക്കാന്‍ പുതിയ അവാര്‍ഡ് വിഭാഗങ്ങളും അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ധനകാര്യ വിദഗ്ധന്‍ വേണുഗോപാല്‍.സി.ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ധനം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്സിലര്‍ വെഞ്ച്വേഴ്സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനും ധനം ചെയ്ഞ്ച് മേയ്ക്കര്‍ അവാര്‍ഡ് കുടുംബശ്രീ മിഷനും സമ്മാനിക്കും.

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT)- ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കിഷോര്‍ റുംഗ്തയാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍. ധനം എസ്.എം.ഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പോപ്പീസ് ബേബി കെയര്‍ പ്രോഡക്റ്റ്‌സ് സി.എം.ഡി ഷാജു തോമസിന്. സേവന മെഡിനീഡ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനു ഫിലിപ്പോസ്, ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ ആയി. ആൾ നൂഴികൾ (man holes) വൃത്തിയാക്കുന്ന ശുചീകരണ റോബോട്ട് ബാന്‍ഡികൂട്ടിന്റെ ജെൻ റോബോട്ടിക്‌സാണ് ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍.

തുടർന്ന് ആഘോഷ വിരുന്ന്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it