ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എം പി അഹമ്മദിന് സമ്മാനിച്ചു

കേരളത്തില്‍ അനുകൂല നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ സ്വകാര്യമേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍. ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022 ല്‍ മുഖ്യാതിഥിയായി സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ''രാജഭരണകാലം മുതല്‍ കേരളത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയ്ക്ക് നല്‍കി വരുന്ന ഊന്നല്‍ വികസനത്തിനുള്ള അടിസ്ഥാനശിലയാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, അനുകൂലമായ നയങ്ങള്‍ എന്നിവ ഒരുക്കി നല്‍കിയാല്‍ കേരളത്തില്‍ സ്വകാര്യ സംരംഭകര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇതിന് ഏറ്റവും മികച്ച തെളിവാണ് ടെക്‌നോപാര്‍ക്ക്,'' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സാമ്പത്തിക രംഗം ആഗോള തലത്തില്‍ നിന്നുള്ളതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. കരുത്തുറ്റ ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യന്‍ സമ്പദ് രംഗത്തെ നയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് അനുകൂലഘടകമാണ്. കെ എം ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് ( ഒ എന്‍ ഡി സി ) ഈ കോമേഴ്‌സ് രംഗത്തെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും കേരളത്തിലെ ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം കാലോചിതമായി ബിസിനസ് നവീകരിക്കാനുള്ള അവസരണമാണ് ഒ എന്‍ ഡി സി ഒരുക്കുകയെന്നും ഒ എന്‍ ഡി സി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടി. കോശി പറഞ്ഞു. ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് അരങ്ങേറിയത്.
ചടങ്ങില്‍ വെച്ച് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ കെ എം ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദിന് സമ്മാനിച്ചു. ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം ജ്യോതി ലാബ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എം ആര്‍ ജ്യോതി ഏറ്റുവാങ്ങി. ധനം എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണുവിനും ധനം എന്‍ ആര്‍ ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2012 അവാര്‍ഡ് മുരളീധരന്‍ കെ യ്ക്കും സമ്മാനിച്ചു. ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന് കെ എം ചന്ദ്രശേഖരന്‍ സമ്മാനിച്ചു.



പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

Related Articles
Next Story
Videos
Share it