ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് എംപി അഹമ്മദിന്

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദിന് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാനം.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
വേറിട്ടൊരു ബിസിനസ് ശൈലി സ്വയം കെട്ടിപ്പടുത്ത്, കരുത്തുറ്റൊരു ബ്രാന്‍ഡും അതിശക്തമായൊരു പ്രസ്ഥാനവും പടുത്തുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ സംരംഭകനാണ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്. കോഴിക്കോട് കൊപ്രക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണ ബിസിനസുകാരനില്‍ നിന്ന് ലോകം അറിയപ്പെടുന്ന മലബാര്‍ ഗോള്‍ഡ് എന്ന സൂപ്പര്‍ബ്രാന്‍ഡിന്റെ സൃഷ്ടാവെന്ന തലത്തിലേക്ക് എംപി അഹമ്മദ് നടത്തിയ രൂപാന്തരീകരണം ആധുനികകാലഘട്ടത്തിലെ ബിസിനസുകാര്‍ക്കൊരു മാതൃകയാണ്. വലിയൊരു വിജയത്തിലേക്ക് കൂട്ടായൊരു യാത്ര യ്ക്കാണ് അഹമ്മദ് നേതൃത്വം നല്‍കിയത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ രംഗത്ത് മാത്രം ഒതുങ്ങി നിന്നേക്കാവുന്ന ബിസിനസ് ലോകത്തെ, ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തേക്ക് കടന്നുകൊണ്ട് ലോകനിലവാരത്തിലേക്കാണ് അഹമ്മദ് വളര്‍ത്തിയത്. 1993ല്‍ അഹമ്മദ് ഈ ചുവട് വെച്ചത് തനിച്ചായിരുന്നില്ല, സമാനചിന്താഗതിക്കാരായ നിരവധി സംരംഭകരെ കൂടെ കൂട്ടിച്ചേര്‍ത്താണ്. 4000ത്തിലേറെ നിക്ഷേപകരാണ് ഇന്ന് മലബാര്‍ ഗ്രൂപ്പിലുള്ളത്.
പതിമൂവായിരത്തിലേറെ ജീവനക്കാരും. പ്രവര്‍ത്തനം 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 10 ലേറെ ലോകരാജ്യങ്ങളിലേക്ക് മലബാര്‍ ഗ്രൂപ്പ് വളര്‍ന്നിരിക്കുന്നു. ഗ്രൂപ്പിന് കീഴിലായി 15 ഓളം ബിസിനസ് യൂണിറ്റുകളുമുണ്ട്. ജൂവല്‍റി റീറ്റെയ്ല്‍, മാനുഫാക്ചറിംഗ്& ഹോള്‍സെയ്ല്‍, റീറ്റെയ്ല്‍& ഡിസ്ട്രിബ്യൂഷന്‍ ഓഫ് ലക്ഷ്വറി ബ്രാന്‍ഡഡ് വാച്ചസ്, റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് & ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ഐടി സൊല്യൂഷന്‍സ്, ടോട്ടല്‍ ഹോം സൊലൂഷന്‍സ്, ഓര്‍ഗാനിക് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയ്‌ക്കെല്ലാം പുറമേ ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും ഗ്രൂപ്പ് സജീവ ഇടപെടലാണ് നടത്തുന്നത്. ''സവിശേഷമായ ജീനിന്റെയോ കൈയില്‍ യഥേഷ്ടമുള്ള പണത്തിന്റെയോ ബുദ്ധിപരമായ നീക്കത്തിന്റെയോ ഫലമായല്ല വിജയം വരുന്നത്. മറിച്ച്, സ്വന്തം പരാജയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പഠിക്കാന്‍ തയ്യാറുള്ളവരും ചുറ്റിലുമുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുന്നവരുമാണ് വിജയികളാവുന്നത്,'' വിജയത്തെ എംപി അഹമ്മദ് നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ഇതു തന്നെയാണ് അഹമ്മദിന്റെ ഫിലോസഫിയും. അനുനിമിഷം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസും മാറ്റങ്ങള്‍ അതിവേഗം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവുമാണ് അഹമ്മദിനെ വേറിട്ട് നിര്‍ത്തുന്നത്. ടീം വര്‍ക്ക്, വിശ്വാസം, സുതാര്യത എന്നിവയിലൂന്നിയാണ് മലബാര്‍ ഗ്രൂപ്പിന്റെയും എംപി അഹമ്മദിന്റെയും യാത്ര.
സംരംഭക ജീവിതത്തിനിടയില്‍ യാദൃച്ഛികമായൊരു സംഭവമാണ് ഒരു ബ്രാന്‍ഡിന്റെ കരുത്തിനെ കുറിച്ച് ഉള്‍ക്കാഴ്ച എംപി അഹമ്മദിന്
നല്‍കിയത്. വെറുതെ ബിസിനസ് ചെയ്താല്‍ പോര, ലോകം ആദരിക്കുന്ന, മൂല്യങ്ങളിലൂന്നിയ ബ്രാന്‍ഡ് സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടോടെ തന്നെ യാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് തുടക്കമിടുന്നത്. അഹമ്മദും ഒപ്പം കൂടെ നടന്ന സംരംഭകരും നടത്തിയ ശ്രമങ്ങള്‍ വൃഥാവിലായില്ല. 2013 മുതല്‍ പലവട്ടം മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്‌സിന് സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം ലഭിച്ചു. കരീന കപൂര്‍, അനില്‍ കപൂര്‍, തമന്ന ഭാട്ടിയ, മാനുഷി ഛില്ലര്‍ തുടങ്ങി രാജ്യാന്തരപ്രഭയുള്ള താരങ്ങളാണ് മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
പ്രാരംഭകാലം മുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പിന്റെ പ്രഥമ പരിഗണനയിലുള്ളത് തന്നെയാണ്. ഹെല്‍ത്ത്, എഡ്യുക്കേഷന്‍, ഹൗസിംഗ്, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ അഞ്ച് മേഖലകളെ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി ചെയ്യുന്നത്. ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കാനും വീടുകളില്ലാത്ത പതിനായിരക്കണക്കിനാളുകള്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും കൂടെ നിന്നിട്ടുണ്ട് മലബാര്‍ ഗ്രൂപ്പ്.
എങ്ങനെയോ വന്നുചേര്‍ന്ന നേട്ടങ്ങളല്ല, മലബാര്‍ ഗ്രൂപ്പിന്റേതും അഹമ്മദിന്റേയും. കൂട്ടായ പരിശ്രമത്തിന്റെയും ദീര്‍ഘദര്‍ശനത്തോടെയുള്ള ബിസിനസ് ചുവടുവെപ്പുകളുടെയും ഫലമാണത്. അതുകൊണ്ട് തന്നെ അഹമ്മദിന്റെ യാത്ര തുടരുന്നതേയുള്ളൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it