

കുടുംബ ബിസിനസ് വളര്‍ത്തുന്നതിന്റെ പുതിയ സാധ്യതകളിലേക്കും അനുഭവങ്ങളിലേക്കും വെളിച്ചം വീശിയ ധനം എം.എസ്.എം.ഇ സമ്മിറ്റിലെ പാനല്‍ ചർച്ച യുവ സംരംഭകര്‍ക്ക് വഴികാട്ടിയായി. ഫിക്കി കര്‍ണാടക സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉല്ലാസ് കമ്മത്തിന്റ അധ്യക്ഷതയില്‍ നടന്ന പാനല്‍ ചര്‍ച്ച കുടുംബ ബിസിനസിന്റെ വിവിധ വശങ്ങളാണ് ചര്‍ച്ച ചെയ്തത്. നമ്മുടെ ബിസിനസിനെ പൊസിഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോസ് ടി രാമപുരം അഭിപ്രായപ്പെട്ടു. കുടകില്‍ ആദ്യത്തെ റിസോര്‍ട്ട് ആരംഭിച്ച കാലത്ത് തങ്ങളുടെ കമ്പനിക്ക് മല്‍സരം ഉണ്ടായിരുന്നില്ല എന്നാല്‍ പിന്നീട് പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ കുടകില്‍ എത്തി. എന്നാല്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന്റെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് പൊസിഷന്‍ ചെയ്യാനാണ് ശ്രമിച്ചത്. ഇത് വഴി നിരക്കുകള്‍ കുറക്കാതെ തന്നെ വിപണിയില്‍ മുന്നില്‍ നില്‍ക്കാനായതായി അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ ബിസിനസുമായി ബന്ധപ്പെടുത്തി നിര്‍ത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കണം. അദ്ദേഹം പറഞ്ഞു. പണത്തിന് വേണ്ടി മാത്രമാകരുത് ബിസിനസ്. കുടുംബത്തിന്റെ കെട്ടുറപ്പും സന്തോഷവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൗതിക താല്‍പര്യങ്ങളുടെ ലോകത്ത് ആത്മീയതക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണനിലവാരം, മികച്ച സര്‍വീസ്
തലമുറകളായി നിലനിര്‍ത്തുന്ന ഗുണനിലവാരമാണ് ജയലക്ഷ്മി സില്‍ക്ക്‌സിന്റെ വിജയത്തിന് പിന്നിലെന്ന് ജയലക്ഷ്മി സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സുജിത്ത് കമ്മത്ത് പറഞ്ഞു. ഉപഭോക്താളുടെ ശീലങ്ങള്‍ മാറുന്നത് തിരിച്ചറിഞ്ഞാണ് ജയലക്ഷ്മിയില്‍ ഓരോ തലമുറയും ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നത്. പുതിയ കാലത്ത് സോഷ്യല്‍മീഡിയ വഴി ട്രെന്റുകള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ ബിസിനസിലും മുന്നോട്ടു പോകണമെങ്കില്‍ വലിയ സ്വപ്‌നങ്ങൾ കാണണമെന്ന് യു.കെ.ആന്റ് കോ ഡയരക്ടര്‍ പ്രവീണ്‍ ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ ബിസിനസ് താഴേക്ക് പോകും. കുടുംബാംഗങ്ങള്‍ക്ക് ബിസിനസ് ചിന്താഗതി ഇല്ലെങ്കില്‍ പ്രൊഫഷണലുകളെ ഏല്‍പ്പിക്കണം. ലോകത്ത് അത്തരത്തിലുള്ള ഒട്ടേറെ ബിസിനസുകളുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ബോര്‍ഡ് മീറ്റിംഗുകളില്‍ മാത്രമാകും കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്നത്. ഈ രീതിയില്‍ കുടുംബ ബിസിനസുകളെ ക്രമീകരിക്കുന്നതും ഗുണകരമാണെന്ന് പ്രവീണ്‍ പറഞ്ഞു.
മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പ്രൊഫഷണലുകളെ ജോലിക്കെടുത്ത് ബിസിനസ് മെച്ചപ്പെടുത്തുന്നത് കുടുംബ ബിസിനസുകള്‍ക്ക് മുന്നിലുള്ള വിജയവഴിയാണെന്ന് എളനാട് മില്‍ക്ക് മാനേജിംഗ് ഡയറക്ടർ സജീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കമ്പനി ഉടമകള്‍ അവരുടെ സമയം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം. മികച്ച ഒരു പ്രൊഫഷണല്‍ ടീം കുടുംബ ബിസിനസിനൊപ്പമുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുഭവങ്ങൾ പകര്‍ന്ന് ബിസിനസ് പ്രമുഖര്‍
വിവിധ സെഷനുകളിലായി കേരളത്തിലെ ബിസിനസ് പ്രമുഖര്‍ ധനം സമ്മിറ്റില്‍ അനുഭവങ്ങള്‍ പങ്കുവെച്ചത് പ്രതിനിധികളായി എത്തിയ യുവസംരംഭകര്‍ക്ക് അറിവിന്റെ വെളിച്ചമായി. കെ.എസ് ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്ത സമ്മിറ്റില്‍ വിവിധ സെഷനുകളിലായി എ.ബി.സി ഗ്രൂപ്പ് എം.ഡി മുഹമ്മദ് മദനി, ഇന്നവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകന്‍ ഡോ.സുധീന്ദ്ര കൗഷിക്, ഡെന്റ് കെയര്‍ സ്ഥാപകനും എം.ഡിയുമായ ജോസ് കുര്യാക്കോസ്, മുത്തൂറ്റ് ഫിൻകോർപ് ബിസിനസ് ഡവലപ്‌മെന്റ് ഹെഡ് റോയ്‌സണ്‍ ഫ്രാൻസിസ്, വര്‍മ്മ ആന്റ് വര്‍മ്മ ജോയിന്റ് മാനേജിംഗ് പാര്‍ട്ണര്‍ വി.സത്യനാരായണന്‍, ആഷിഖ് ആന്റ് അസോസിയേറ്റ്‌സ് മാനേജിംഗ് ഡയരകടര്‍ ആഷിഖ് എ.എം തുടങ്ങിയവരും സംസാരിച്ചു. ധനം ബിസിനസ് മീഡിയ അസോസിയേറ്റ് എഡിറ്റര്‍ ഗീന ടി.എസ് നന്ദി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine