ധനം ഔട്ട്സ്റ്റാന്റിംഗ് എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് കെ. മുരളീധരന്

ധനം ഔട്ട്സ്റ്റാന്റിംഗ് എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ എസ്എഫ്‌സി ഗ്രൂപ്പ് യുഎഇ ചെയര്‍മാന്‍ കെ. മുരളീധരന് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാനം.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
47 വര്‍ഷങ്ങള്‍ക്കുമുമ്പ് യുഎഇയിലെ ഒരു കമ്പനിയില്‍ എക്കൗണ്ടന്റായി ജോലി തുടങ്ങി, ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ കഠിനാധ്വാനം കൊണ്ട് കമ്പനിയുടെ പാര്‍ട്ണര്‍ പദവിയിലേക്കെത്തിയ സംരംഭകനാണ് കെ. മുരളീധരന്‍. ഉള്ളിലുള്ള സംരംഭകത്വ മോഹങ്ങളെ പിന്തുടര്‍ന്ന് യാത്ര തുടര്‍ന്ന മുരളീധരന്‍, സതേണ്‍ ഫ്രാഞ്ചൈസി കമ്പനി എല്‍എല്‍സി എന്ന മാതൃപ്രസ്ഥാനത്തിന് കീഴിലായി ഇന്ന് സൃഷ്ടിച്ചിരിക്കുന്നത് നിരവധി ബ്രാന്‍ഡുകളാണ്. എസ്എഫ്‌സി പ്ലസ്, ഇന്ത്യ പാലസ്, ഗോള്‍ഡന്‍ ഡ്രാഗണ്‍ എന്നിവ അതില്‍ ചിലതാണ്. 2500 ലേറെ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന പ്രസ്ഥാനമാണിത്.
യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് യുഎഇയിലെ റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ക്കിടയിലെ മികവുറ്റ സേവനത്തിനുള്ള ദുബായ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചു തവണ കരസ്ഥമാക്കിയിട്ടുണ്ട് ഇന്ത്യ പാലസ് റെസ്റ്റോറന്റ്. ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡും ദുബായ് ക്വാളിറ്റി അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഏക റെസ്റ്റോറന്റാണ് ഇന്ത്യ പാലസ്. തൊടുന്ന ഏത് രംഗത്തും ഗുണമേന്മയില്‍ തന്റേതായൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന മുരളീധരന്‍ ജന്മനാട്ടില്‍ ബിസിനസ് സൃഷ്ടിച്ചപ്പോഴും ആ ശീലം കൈവിട്ടില്ല. തദ്ദേശീയര്‍ക്ക് ജോലി നല്‍കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുംവിധം പാല്‍, പാലുല്‍പ്പന്ന മേഖലയിലാണ് അദ്ദേഹം കടന്നുചെന്നത്. ഡയറി ഫാമിംഗ്, പാലുല്‍പ്പാദനം, സംഭരണം, വിതരണം എന്നീ രംഗങ്ങളിലെല്ലാം പുതിയൊരു നിലവാരം കുറിച്ചുകൊണ്ട് കേരള ത്തിലെ ആദ്യത്തേത് എന്നുവിശേഷിപ്പിക്കാവുന്ന ഇന്റര്‍നാഷണല്‍ മില്‍ക്ക് & മില്‍ക്ക് പ്രോഡക്റ്റസ് 'മുരള്യ' എന്ന ബ്രാന്‍ഡില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ താജ് ഹോട്ടലുമായും മുരള്യ ഹോട്ടല്‍സ് പങ്കാളിത്തം വഹിക്കുന്നു.



Related Articles

Next Story

Videos

Share it