Begin typing your search above and press return to search.
ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് എം.ആര്‍ ജ്യോതിക്ക്
ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍ ജ്യോതിക്ക് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാനം.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
ധരിക്കുന്ന വസ്ത്രത്തില്‍ മാത്രമല്ല, ചെയ്യുന്ന ബിസിനസിലും തൂവെണ്മ കാത്തുസൂക്ഷിച്ച എംപി രാമചന്ദ്രന്റെ മൂത്തമകളാണ് എം.ആര്‍ ജ്യോതി. ഇവര്‍ ജ്യോതി ലബോറട്ടറീസന്റെ സാരഥ്യത്തിലേക്ക് കടന്നുവന്നതിന് തൊട്ടുപിന്നാലെയാണ് കോവിഡ് വ്യാപനം വിപണിയെ വരിഞ്ഞുമുറുക്കിയത്. എന്നാല്‍ ഒന്നര പതിറ്റാണ്ടിലേറെക്കാലമായി പിതാവ് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അനുഭവസമ്പത്ത് കൈമുതലാക്കി കാറും കോളും നിറഞ്ഞ ആ നാളുകളില്‍ ജ്യോതി ലാബ്‌സിനെ എംആര്‍ ജ്യോതി മുന്നോട്ട് നയിക്കുകയായിരുന്നു.
വിപണി നിഗമനങ്ങളെ മറികടന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ചയാണ് ജ്യോതി ലാബ്‌സ് നേടിയത്. മാനേജിംഗ് ഡയറക്ടര്‍ പദവിയേറ്റെടുത്ത ആദ്യവര്‍ഷത്തില്‍ തന്നെ കമ്പനിയുടെ ഓഹരി വിലയിലും ഗണ്യമായ നേട്ടമുണ്ടായി. 15 വര്‍ഷക്കാലം കമ്പനിയുടെ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി, കമ്പനി വിപണിയില്‍ അവതരിപ്പിച്ച നൂതന ഉല്‍പ്പന്നങ്ങളുടെയെല്ലാം പിന്നണിയിലെ പ്രധാനശില്‍പ്പി കൂടിയാണ്. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പദവിയില്‍ നിന്നാണ് 2020 ഏപ്രില്‍ ഒന്നിന് മാനേജിംഗ് ഡയറക്ടറുടെ റോളിലേക്ക് ജ്യോതി കടന്നെത്തിയത്. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പദവിയിലിരിക്കെ നടത്തിയ പല ബ്രേക്ക് ത്രൂ ഇന്നൊവേഷനുകള്‍ക്കുള്ള അംഗീകാരമായി Most Promising Woman Entrepreneur to watch out for by ET Industry Leaders West 2020, സീ ബിസിനസിന്റെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ തേടി വന്നിട്ടുണ്ട്. 2016ല്‍ ദി വേള്‍ഡ് മാര്‍ക്കറ്റിംഗ് കോണ്‍ഗ്രസ് തയ്യാറാക്കിയ ഇന്ത്യയിലെ 100 മോസ്റ്റ് ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് ലീഡേഴ്‌സ് പട്ടികയിലും ജ്യോതി ഇടം നേടി.
ജ്യോതിയുടെ പല നൂതന കണ്ടുപിടുത്തങ്ങളും ഇന്‍ഡസ്ട്രിയിലെ തന്നെ കളിക്കളം മാറ്റിവരച്ചവയാണ്. ഇന്ത്യയിലെ ആദ്യ റൗണ്ട് ഷേപ്പിലുള്ള ഡിഷ് വാഷ് ബാര്‍ എക്‌സോ റൗണ്ട്, എല്ലാ റിപ്പലന്റ് മെഷീനിലും ഉപയോഗിക്കാന്‍ സാധിക്കുന്ന മാക്‌സോ ലിക്വിഡ്, ഹെന്‍കോ ലിന്റലിജന്റ്, മാക്‌സോ ജീനിയസ്, പ്രില്‍ ടമരിണ്ട് എന്നിവയെല്ലാം അതത് മേഖലയില്‍ ഇന്നൊവേഷന്റെ കരുത്ത് കൊണ്ട് വിപണിയെ കീഴടക്കുക മാത്രമല്ല, ആ രംഗത്ത് പുതിയ ട്രെന്‍ഡിന് വഴി തെളിക്കുകയും ചെയ്തു.
Next Story
Videos